About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, December 29, 2013

പ്രേമലേഖനം

പ്രേമലേഖനം

2011 


എം.ബി.ബി.എസ് മൂന്നാം വർഷത്തിലെ സൈക്യാട്രി പോസ്റ്റിങ്ങ്‌ ആദ്യ ദിവസം. സൈക്യാട്രി പോസ്റ്റിങ്ങ്‌ തുടങ്ങുന്നതിൻറെ ഒരു ത്രിൽ മനസ്സിൽ തളം കെട്ടി നിൽക്കുന്നു. മനസ്സ് എന്ന് പറയുന്നത് അനന്തവും അജ്ഞാതവും ആണെന്നും ഒരു പ്രഹേളിക ആണെന്നും ഒക്കെ കേട്ടിട്ടുണ്ട്. എന്താണ് സംഭവം എന്ന് ആദ്യമായിട്ട് അറിയാൻ പോവുകയാണ്. ഇതിന് മുൻപ്  സൈക്യാട്രിയിൽ  ആകെയുള്ള exposure പ്രിയദർശൻറെ താളവട്ടം, കെ. മധുവിൻറെ അടിക്കുറിപ്പ് എന്നിവ മാത്രമാണ്. ആകെ അറിയാവുന്ന സൈക്യാട്രിസ്റ്റ് മണിചിത്രതാഴിലെ  ഡോ. സണ്ണി മാത്രം.

അങ്ങനെ ഞാൻ ആദ്യം തന്നെ സൈക്യാട്രി ലെക്ചർ ഹാള്ളിൽ എത്തി സ്ഥലം പിടിച്ചു. ( ഏതൊരു ആണ്‍കുട്ടിയെയും പോലെ ഏറ്റവും പുറകിലെ സീറ്റിൽ :-) ) ക്ലാസ്സ്‌ ആരംഭിച്ചു. സൈക്യാട്രിയുടെ introduction അല്ലേ. ഞാൻ ആകാംഷയോടെ കേട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലെക്ചർ ഹാളിനോടു ചേർന്നുള്ള സൈക്യാട്രി പെണ്ണുങ്ങളുടെ വാർഡിൽ നിന്ന് ഉറക്കെ ആരോ സംസാരിക്കുന്ന ശബ്ദം. ഒന്നും വ്യക്തമല്ല. ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചെങ്കിലും ആ ശബ്ദം ഉറക്കെ ആയി കൊണ്ടിരുന്നു. അധികം പ്രായം ഒന്നും ഇല്ലാത്ത ആരോ ആണ്.ഏറ്റവും പുറകിൽ ഡോറിനോട് ചേർന്നുള്ള കസേരയിൽ ഇരികുന്നത് കൊണ്ടാവാം എൻറെ ശ്രദ്ധ തിരിയാൻ കാരണം.  

 "എന്നെ വിടു അമ്മ. ഞാൻ ഒന്ന് നടന്നിട്ട് വരാം. ഈ അമ്മ എന്തൊരു സാധനമാ. ഒന്നിനും സമ്മതിക്കില്ല.." അങ്ങനെ  ഒരു അമ്മയും മോളും തമ്മിലുള്ള സംഭാഷണം ആണെന്ന് മനസിലായി. ഇനി അമ്മയ്ക്ക് ആണോ മോൾക്കാണോ വട്ട് എന്ന് കണ്ടു പിടിക്കണം. 

പക്ഷെ അതൊക്കെ കണ്ടു പിടിക്കും മുൻപേ. ആള്  ലെക്ചർ ഹാളിൻറെ പുറത്തു എത്തി. 

"ആരാടാ  അകത്തു ക്ലാസ്സ്‌ എടുക്കുന്നെ?" ഒടുവിൽ ക്ലാസ്സിലെ എല്ലാവരുടെയും  ശ്രദ്ധ അവർ പിടിച്ചെടുത്തു. പഠിപ്പിച്ചു കൊണ്ടിരുന്ന സാർ മാത്രം ' ഇതൊക്കെ  നമ്മൾ എത്ര കണ്ടതാണേന്ന' മട്ടിൽ ക്ലാസ്സ്‌ തുടർന്നു. 

"എനിക്കും ക്ലാസ്സ്‌ കേൾക്കണം അമ്മ. എന്നെ വിട്. എത്ര നാളായി ഒരു ക്ലാസ്സ്‌ കേട്ടിട്ട്. എനിക്ക് ഇപ്പോ ക്ലാസ്സിൽ കേറണം." ഡയലോഗ് തീർക്കും മുൻപ് അവൾ ക്ലാസ്സിനുള്ളിൽ കേറി. 

പെട്ടന്ന് സാർ, "ഇതാരാ ജിൻസിയോ? ക്ലാസ്സിനു കേൾക്കണോ ഇരുന്നോളു." 

അവൾ നല്ല മാന്യയായി എൻറെ തൊട്ടടുത്ത കസേരയിൽ ഇരുന്നു. സാർ നിർവികാരനായി ക്ലാസ്സ്‌ തുടർന്നു. 

കണ്ടാൽ അല്പം വണ്ണം കൂടുതൽ ആണേലും സ്കൂളിൽ പഠിക്കുന്ന പ്രായമേ കാണു. നല്ല കുട്ടി ഒന്നും മിണ്ടാതെ ഇരുന്നു ക്ലാസ്സ്‌ കേട്ടു. 

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഞൊണ്ടൽ. " എൻറെ അടുത്ത് നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നുണ്ടോ?" ഞാൻ ഇളഭ്യനായി തോന്നുന്നില്ല എന്ന മട്ടിൽ തല ആട്ടി.  
"സാധാരണ ആരും അധികം നേരം എൻറെ അടുത്ത് ഇരിക്കാറില്ല."

ഞാൻ അതൊന്നും കേൾക്കാത്ത മട്ടിൽ സാറിനെ നോക്കി ഇരുന്നു. പക്ഷെ ക്ലാസ്സ്‌ കേട്ടില്ല. 
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും  ഒരു ഞൊണ്ടൽ, " നിൻറെ കഴുത്തിന്‌ നല്ല നീളം ആണല്ലോ. ഞാൻ കഴുത്ത് പിടിച്ചു ഞെക്കിക്കോട്ടേ" 

ആരും ഖേദിക്കില്ലെങ്കിൽ ഞാൻ സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റിൻറെ വരികൾ കടം എടുക്കുവാണ് " പണി പാളി മോനേ" . എൻറെ അടി മുതൽ മുടി വരെ വിറച്ചു ഞാൻ അവിടെ ഒന്നും മിണ്ടാതെ ഇരുന്നു. 

അപ്പോഴാണ്‌  ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെന്ന് തെളിയിച്ച് കൊണ്ട് സാറിൻറെ ഒരു ചോദ്യം. " so  tell me the different types of memory? ആ കണ്ണാടി വച്ച ആൾ പറ." അവളുടെ കൈകൾ എൻറെ തൊണ്ടയിൽ എത്തും മുൻപ് ഞാൻ എഴുന്നേറ്റു. മനസ്സിൽ 'thank you  സർ,  thank you  സർ' എന്ന് ഒരു നൂറുവട്ടം പറഞ്ഞു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.

ഇതായിരുന്നു സൈക്യാട്രിയിലെ എൻറെ ആദ്യ ദിവസം.

2013 ഡിസംബർ 

അങ്ങനെ വീണ്ടും ഒരു സൈക്യാട്രി കാലം വരവായി. ഒന്നരമാസം മെഡിസി നിൽ ഒരു ഡോക്ടർക്ക്  കുറഞ്ഞത്‌ 30 രോഗികൾ എന്ന അനുപാതത്തിൽ മുൾമുനയിൽ നിന്ന് ജോലി ചെയ്തതാണ്. ഇവിടെ എത്തിയപ്പോൾ ഒരു രോഗിക്ക് 3 ഡോക്ടർ എന്ന അനുപാതമായി. അതു കൊണ്ട് തന്നെ ഒരു relaxed ഫീലിംഗ് ആയിരുന്നു മൊത്തത്തിൽ. ആകെ 3 യുണിറ്റ്, ഓരോ  മൂന്നാം ദിവസവും OP. എന്നെ female വാർഡിലാണ് പോസ്റ്റ്‌ ചെയ്തത്. എൻറെ യുണിറ്റിൽ  ഒപ്പം ഹൗസ് സർജൻ ആയിട്ട് സുഹൈൽ, പിന്നെ സൈക്യാട്രിയിൽ PG  ചെയുന്ന മൂന്ന് ഡോക്ടർമാർ (അതിൽ ഒരാൾ മലയാള സിനിമയിലെ വളരെ പ്രസിദ്ധനായ ഒരു നടൻറെ മകൾ). ഞങ്ങൾ 6 പേർ ഒപ്പിട്ട ശേഷം വാർഡിലെ വിശാലമായ ടേബിളിൽ വന്നിരുന്നു കത്തി വെയ്ക്കും. വളരെ നല്ലൊരു അനുഭവമായിരുന്നു ആ സമയം. സൂര്യന് കീഴിലുള്ള ഒരു മാതിരി എല്ലാം ഞങ്ങൾക്ക് വിഷയം ആയിട്ടുണ്ട്. യുണിറ്റിലെ സീനിയർ ഡോക്ടർമാർ വരുമ്പോൾ റൌണ്ട്സ് എടുക്കും. ചില ദിവസങ്ങളിൽ രാവിലെയും ഉച്ച കഴിഞ്ഞും ക്ലാസ്സ്‌ കാണാറുണ്ട്. ഇതായിരുന്നു സൈക്യാട്രിയിലെ ദിനചര്യകൾ.

എന്താണ് കാരണം എന്നൊന്നും എനിക്ക് അറിയില്ല. സൈക്യാട്രിയിൽ ഒരു ചെറിയ  interest ഉണ്ട്എനിക്ക്. പൊതു സമൂഹത്തിന് ഉള്ള പോലെ തന്നെ മനോരോഗങ്ങളെ പറ്റിയും അവയുടെ ചികിത്സയെ പറ്റിയും ഒക്കെ ഒരു ആകാംഷയും ദുരുഹതയും എൻറെ മനസിലുണ്ട്. ആ ബെഞ്ചിൽ വന്നിരിക്കുമ്പോൾ വാർഡിലെ എല്ലാ കാര്യങ്ങളും കാണാം. ഞാൻ ചുറ്റുമുള്ള ഓരോ രോഗികളെയും ശ്രദ്ധിച്ചു തുടങ്ങി.  പതിയെ പതിയെ ഓരോ രോഗികളെ പറ്റിയും ഞാൻ പഠിച്ചു തുടങ്ങി. ഞാൻ മനസിലാക്കിയത്- മനോരോഗങ്ങൾക്ക് മെഡിക്കൽ വശത്തെക്കാൾ ഒരു സോഷ്യൽ വശമാണ് കൂടുതൽ ഉള്ളത്. dementia , alzheimers പോലെ ഉള്ള ചുരുക്കം ചില രോഗങ്ങൾ മാത്രമേ ശരീരത്തിനുള്ളിലെ ഒരു പത്തോളജി കാരണം ഉണ്ടാവുന്നുള്ളൂ. ബാക്കി ഉള്ളവ സമൂഹവും സാഹചര്യവും മനസ്സിൽ എല്പ്പിക്കുന്ന മുറിവ് കാരണം ഉണ്ടാവുന്നതാണ്. ചുരുക്കത്തിൽ ഒരു രോഗിയും ഒരു കഥയാണ്‌.

എൻറെ യുണിറ്റിൽ ഒരു 20 വയസ്സ് വരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വന്ന ഒരു മിസ്സ്‌ കാളിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നേരിട്ട് കണ്ടിട്ടില്ലാത്ത  ഒരു അപരിചിതനുമായ് ഫോണിലൂടെ ഇഷ്ടത്തിലായി. കുറെ കാലം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ ശബ്ദത്തിന് അവൾ അടിമയായി. വീട്ടുകാർ കണ്ടു പിടിച്ചു. ഫോണ്‍ പിടിച്ചു വാങ്ങി. സംസാരിക്കാൻ ആവാതെ വന്നപ്പോൾ വീട്ടിൽ വല്ലാതെ പെരുമാറാൻ തുടങ്ങി. ഒടുവിൽ ഫോണ്‍ തിരികെ കൊടുത്തു. ഇയാൾ ഒരു പട്ടാളക്കാരൻ ആണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇവളുടെ വീട്ടുകാർ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ഫോണ്‍ കട്ട്‌ ചെയ്യും. ഒടുവിൽ അങ്ങനെ ഒരാൾ ഇല്ല. എല്ലാം ഇവൾക്ക് തോന്നുന്നതനെന്നും പറഞ്ഞാണ് വീട്ടുക്കാർ ഇവിടെ കൊണ്ട് വന്നത്. പക്ഷെ, ഇവിടെ ഡോക്ടർമാരുടെ സഹായത്തോടെ അയാളെ കണ്ടെത്തിയപ്പോൾ, അയാൾ രണ്ടു കുട്ടികളൊക്കെ ഉള്ള ഒരു കുടുംബസ്ഥൻ. ഇതൊരു സാമ്പിൾ മാത്രം. ഇതുപോലെ കുഴഞ്ഞു മറിഞ്ഞ ഒരുപാട് സംഭവങ്ങൾ.

ശാന്തമായി സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് ഒരു കാരണവുമില്ലാതെ ദേഷ്യം കാണിക്കുന്ന borderline personality  disorder, പത്രങ്ങളിൽ പീഡന കഥകൾ വായിച്ചു അതുപോലെ എന്തെങ്കിലും തൻറെ മകൾക്ക് സംഭവിക്കും എന്ന പേടിയിൽ ജീവിക്കുന്ന ഒരു anxiety  disorder കാരി, തൻറെ മകൾ തന്നെ സ്നേഹിക്കുന്നില്ല എന്ന വിചാരത്തിൽ depression  ൽ ജീവിക്കുന്ന ഒരു 53 വയസ്സ് കാരി, അങ്ങനെ ഇങ്ങനെ കുറേപേർ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി കാഴ്ചയിൽ ഒരു പ്രശ്നവും ഇല്ലാത്ത, ഒരു 25 വയസ്സൊക്കെ തോന്നിക്കുന്ന ഒരു യുവതിയുണ്ടായിരുന്നു ആ വാർഡിൽ. എൻറെ യുണിറ്റിൽ അല്ലാത്ത രോഗി ആയത്  കൊണ്ട് അവരുടെ കേസ് അറിയാൻ വഴിയില്ല.  അവർക്ക് എന്താണ് കുഴപ്പം എന്ന് കണ്ടുപിടിക്കണം എന്ന് വിച്ചരിചിരുന്നപ്പോഴാണ് ഒരു അവസരം കൈയിൽ വന്നു വീണത്‌. ഞാൻ female വാർഡിലെ ബെഞ്ചിൽ ഞങ്ങളുടെ യുണിടിൻറെ റൌണ്ട്സിനു വേണ്ടി കാത്തിരിക്കുകുയാണ്. അവിടെ മറ്റൊരു യുണിടിൻറെ റൌണ്ട്സ് നടക്കുന്നു.

പരമ്പരകതമായി പകർന്നു കിട്ടിയ ഒരു ഹൗസ് സർജൻ നിയമമുണ്ട്. 'ഹൗസ് സർജൻമാരെ, നിങ്ങൾ വെറുതെ ഇരിക്കുമ്പോൾ ആരും കാണരുത്. കണ്ടാൽ ജോലി കിട്ടും', ഈ മൂലനിയമം തെറ്റിച്ചു ഇരുന്നതിനാൽ എനിക്ക് പണി കിട്ടി. ഈ ലോകത്ത് ഹൗസ് സർജൻമാർക്കു അല്ലാതെ മറ്റൊരു ഡോക്ടർമാർക്കും  ആർക്കും ചെയ്യാൻ കഴിയാത്ത ജോലി. സൂക്ഷ്മമായി ചെയ്തില്ലെങ്കിൽ രോഗിയുടെ ജീവന് വരെ ഭീഷണി ആകാവുന്ന ജോലി.

"മോനേ കുട്ടാ (ഈ സ്നേഹത്തോടെ ഉള്ള വിളി കേട്ടാലേ മനസിലാവില്ലേ എന്തോ പണി തരാനാണെന്ന്) , ഈ രോഗിയുടെ BP ഒന്ന് എടുത്തു പറ?"

കഥയുടെ ബാക്കി ഭാഗം തുടങ്ങും മുൻപ് BP യെ പറ്റി. രണ്ടു വാക്ക്. ഹൗസ് സർജൻസി ചെയ്തിട്ടുള്ള എല്ലാവരും, ആദ്യം സ്നേഹിക്കുകയും പിന്നിട് വെറുക്കുകയും ചെയുന്ന സാധനമാണ് BP മഷീൻ. ദേശീയ പക്ഷി, മൃഗം എന്നൊക്കെ പറയുന്ന പോലെ ഹൗസ് സർജൻമാരുടെ ദേശീയ മഷീൻ ആണ് BP മഷീൻ. ചില ഡിപ്പാർറ്റ്മെന്റിൽ BP എടുക്കാൻ മാത്രം ഉപയോഗിക്കുന്ന റോബോട്ടുകളാണ് ഹൗസ് സർജൻമാർ. ചില സ്ഥലങ്ങൾ രോഗികൾക്ക് ഇടയിൽ നമ്മൾ അറിയപ്പെടുന്നത് തന്നെ BP ഡോക്ടർ എന്നാണ്. ചില ഹൗസ് സർജൻമാർ രാത്രിയിൽ BP മഷീൻ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേൽക്കാറുണ്ടത്രേ. ഈ വിഷയത്തിൻറെ അഗാധതയിലേക്ക്‌ കീറി മുറിച്ചു കടക്കാൻ ഞാൻ ഇല്ല.

പക്ഷെ ഇവിടെ ഞാൻ സന്തോഷത്തോടെ BP എടുത്തു. അവരെ അറിയാനുള്ള പിടിവള്ളി അല്ലേ വന്നു വീണേ. റൌണ്ട്സ് കഴിഞ്ഞു സീനിയർ ഡോക്ടർമാർ പോയി കഴിഞ്ഞും അവർ എൻറെ തൊട്ടടുത്ത സ്ടൂളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ വെറും ഒരു BP ഡോക്ടർ അല്ല എന്ന് കാണിക്കാൻ വേണ്ടി, സാധാരണ എല്ലാ സൈക്യാട്രിസ്റ്റ്കളും ചോദിക്കുന്ന ചോദ്യം അങ്ങ്  ചോദിച്ചു. (ആ ബെഞ്ചിൽ വന്നിരുന്നു കിട്ടിയ ഓരോ പൊടി കൈകൾ)

"ഇപ്പോൾ എന്ത് തോന്നുന്നു. (പെട്ടന്ന് മേശ പുറത്തു കിടന്നു അവരുടെ ബുക്കിലേക്ക് നോക്കി പേര് കണ്ടു പിടിച്ചു) ലേഖക്ക്?"

"വളരെ ശാന്തം ആണ്. ഇവിടെ ഏകാന്തതയിലല്ലോ. ഈ വാർഡിൽ നടക്കുന്ന അതും ഇതും കാര്യങ്ങൾ നോക്കിയിരിക്കും." നാച്ചുറൽ ആയിടുള്ള മറുപടി. എനിക്ക് രോഗത്തെ പറ്റിയെല്ലാം അറിയാം എന്ന തെറ്റിദ്ധാരണയിൽ ആവാം ഇങ്ങനെ സംസാരിച്ചേ.

"അപ്പോൾ ഒറ്റപെടൽ ആണോ പ്രശ്നങ്ങളുടെ കാരണം" ഞാൻ തന്നെ ആണോ ആ ചോദ്യം ചോദിച്ചത്. ഒരു സൈക്യാട്രിസ്റ്റ് ചുവ വന്നു തുടങ്ങിയല്ലോ ഭാഷയിൽ.

"ശരീരത്തിൻറെ അല്ല, മനസിൻറെ ഒട്ടപെടലാണ് സർ പ്രശ്നം."
എനിക്ക് ഇഷ്ടപ്പെട്ടു ആ ഉത്തരവും അവരെയും. ആ വർത്തമാനം അധികം നീണ്ടു നിന്നില്ല. എൻറെ യുണിറ്റിൻറെ റൌണ്ട്സ് തുടങ്ങിയപ്പോൾ അവർ പോയി. തൊട്ട് അടുത്ത ദിവസവും ഇത്പോലെ അവർ BP എടുക്കാൻ എൻറെ അടുത്ത് വന്നിരുന്നു. പതിവുപോലെ അതെ ചോദ്യം തുടർന്നു.

"ഇന്ന് എന്ത് തോന്നുന്നു ലേഖ?"

അതിന് നല്ലൊരു ഉത്തരവും അവർ തരും. ഇങ്ങനെ എല്ലാ ദിവസവും അവരുമായ് ഒരുപാട് സംസാരിക്കും. അവരെ പറ്റിയുള്ള വിവരം മുഴുവൻ ഞാൻ ചോദിച്ചു അറിഞ്ഞു. ലേഖ  രാഘവ്. 28 വയസ്സ്.  സ്ഥലം-തിരുവനന്തപുരം (തന്നെ! തന്നെ!) ഇടത്തരം കുടുംബം. പഠിക്കാൻ ഭേദം ആയിരുന്നു. മലയാളത്തിൽ ബിരുദം നേടി. ഇപ്പോൾ ഒരു സർക്കാർ ഓഫീസിൽ നല്ല ജോല്ലിയുണ്ട്. അടുത്തിടെ വിവാഹം കഴിച്ചു. തൻറെ പ്രശ്നങ്ങളൊക്കെ അറിയാവുന്ന , കൂടെ ഓഫീസിൽ ജോലി നോക്കുന്ന ഒരാൾ തന്നെ എന്നാണ് അവൾ പറഞ്ഞത്. രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുകൾ ആയി. മലയാളം പഠിച്ചിട്ടുള്ളത്തു കൊണ്ടാവാം അവൾക്ക് ഒരിത്തിരി തത്ത്വജ്ഞാനി സംസാരം അല്പം കൂടുതലാണ്. ഒരിക്കൽ  പ്രണയത്തെ പറ്റി അവൾ പറഞ്ഞത് ഞാൻ ഓർക്കുന്നു.

"ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം. അത് അപാരധയാണ്. തുടക്കവും ഒടുക്കവും ഇല്ല."

ഞാനും അങ്ങോട്ട്‌ ഒരു തത്ത്വം പറഞ്ഞു.

"ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നു എന്നുള്ളത് കൊണ്ട് അവൾ എന്നെ തിരിച്ചു ഇഷ്ടപ്പെടാൻ പാടില്ല. love must be mutual."

അതിനോട് അവൾ യോജിച്ചില്ല. അങ്ങനെ ആണേൽ ലോകത്തിലെ മിക്ക പ്രണയങ്ങളും ഉണ്ടാകില്ലായിരുന്നു എന്നാണ് അവൾ പറഞ്ഞു.

എല്ലാ ദിവസവും പോലെ ഞാൻ എന്ത് തോന്നുന്നു എന്ന ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവൾ നല്കിയ മറുപടി ഇതായിരുന്നു.


"നമ്മുക്ക് എന്ത് തോന്നുന്നു എന്നതല്ല. മറ്റുളവർക്ക് നമ്മളെ പറ്റി എന്ത് തോന്നുന്നു എന്ന് ഉള്ളതിലാണ് കാര്യം? എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടോ തോന്നിയിട്ടോ ഇവിടെ യാതൊരു കാര്യവുമില്ല. ഡോക്ടർക്ക്‌ തോന്നണം എൻറെ അസുഖം എന്ത് മാത്രം ആയെന്ന്"

അത് എന്നോടുള്ള ഒരു ചോദ്യം ആണെന്ന് ഞാൻ സ്വയം ചിന്തിച്ചു ഉത്തരം നല്കി. " എനിക്ക് ലേഖയ്ക്ക് ഒരു കുഴപ്പവും ഉള്ളതായിട്ട് തോന്നുന്നില്ല. you are perfectly alright" സത്യത്തിൽ അവൾ എന്നെക്കാൾ നോർമൽ ആയ ഒരു മനുഷ്യൻ ആയിട്ടാണ് എനിക്ക് തോന്നിച്ചത്. വേറൊരു വിധത്തിൽ ചിന്തിച്ചാൽ ഞാൻ ഒരു മനോരോഗിയും അവൾ ഒരു സാധാരണ സ്ത്രീയും.. ഹ ഹ ഹാ

ഞാൻ പറഞ്ഞതിനെ അവൾ അനുകൂലിക്കുമെന്ന് വിചാരിച്ചു. പക്ഷെ, അവൾ എന്നെ ഞെട്ടിച്ചു. "ഡോക്ടർക്ക്, ഒരു സൈക്യാട്രിസ്റ്റ് ആവാനുള്ള ഭാവി ഇല്ല. എനിക്ക് എന്തോ കുഴപ്പം ഉണ്ട്. അല്ലാതെ ഇവിടെ എന്നെ പിടിച്ചു കിടത്തില്ല."

അവൾ പോയി കഴിഞ്ഞപ്പോൾ തൊട്ടടുത്തിരുന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച ഒരു PG ഡോക്ടർ എനിക്ക് ഒരു കത്ത് നല്കി. ലേഖ ഇവിടെ അഡ്മിറ്റ്‌ ആവാൻ കാരണമായ കത്താണിത്. വായിക്ക്.



പ്രിയപ്പെട്ട സാറിന്,

മേമ്മല രാഘവേന്ദ്രന്റെ ഇളയ മകൾ ലേഖ രാഘവ് ആണ് ഞാൻ. എനിക്ക് 16 വയസ്സിൽ ഒരു നഗവീഴ്ച ഉണ്ടായി. നാഗങ്ങൾ ഇഴയുന്നതായും, ഒരു നാഗം വിഴുങ്ങുന്നതായും, നാഗം ഉമ്മ നല്കിയതായും, ഒരു കുഞ്ഞു നാഗം ബ്രീസ്റ്റിൽ കൊത്തിയാതായും, അവയവങ്ങളിൽ നിന്ന് റേപ്പ് ടെണ്ടൻസിയും, പെട്ടന്ന് വികാരങ്ങൾ പറിഞ്ഞു പോകുന്ന വേദനയും തോന്നി. അതിനൊന്നും തക്കതായ പ്രതിവിധി കാണാൻ ആരും തുനിഞ്ഞില്ല. കുട്ടിക്കാലത്തും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് ശാലു ചെയ്തതാണെന്ന് ഞാൻ ചൂണ്ടി കാണിച്ചിട്ടുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ അനകൊണ്ട എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ റംല കേട്ടതായി ഞാൻ ഓർക്കുന്നു. റംല എന്തോ വേണ്ടാധീനം എൻറെ  പേരിൽ എഴുതി വെച്ചിട്ടുണ്ട്. എൻറെ നിരപരാധിത്വം മനസ്സിലാക്കി റംലയെ ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം വരും ലോകത്തിൽ വിഷ നാഗങ്ങൾ വല്യ ബാദ്യതയായി തീരുമെന്നും ഞാനറിയിക്കുന്നു.

ആ സംഭവത്തിനു ശേഷം കുടുംബത്തിന് സാരമായ താഴ്ച അനുഭവപ്പെടുന്നുണ്ട്. വിവാഹശേഷവും ബെഡ് റൂമിൽ വകയിലെ ഒരു സഹോദരൻറെ കൂടെ കല്യാണത്തിന് വന്ന ആൾ തേളിൻറെ രൂപത്തിലും രണ്ടു കാലുകള നഷ്ടപ്പെട്ട രൂപത്തിലും വന്നു ഭയപ്പെടുതുന്നതായും ഞാൻ കണ്ടിട്ടുണ്ട്. വിവാഹത്തിന് വീഡിയോ പിടിക്കുമ്പോഴാണ് എൻറെ മുഖത്തും സയിസിലും മാറ്റമുണ്ടായത്. രാജുവിനെ വീഡിയോ പിടിക്കാൻ വിളിക്കരുത് എന്ന് പറഞ്ഞിട്ടും മനപൂർവമാണ് ലാലുവിനെ വീട്ടുകാർ വിളിച്ചിട്ടുള്ളത്. ഇങ്ങനെ ഉള്ള നിരന്തരമായ പീഡയിൽ നിന്നും നിരപരാധിയായ എന്നെ മോജിപ്പികണമെന്നും സാമൂഹ്യ വിരുദ്ധരും ദുഷ്ടരുമായ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും ഞാൻ അപേക്ഷിക്കുന്നു.

എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥികുന്നു.

എന്ന് 
ലേഖ രാഘവ് 





വായിച്ച് എനിക്ക് വട്ടുപിടിക്കാഞ്ഞത് ഭാഗ്യം. ഒന്നും മനസിലായില്ല. എന്തായാലും ലേഖയ്ക്ക് സാരമായ എന്തോ പ്രശ്നമുണ്ട്. അതൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല. അന്ന് OP ദിവസം ആയതു കൊണ്ട് OP യിൽ പോയി. അവിടെ ഒരു കോടതി പോലെയാണ്. വർഷങ്ങളായി ഇങ്ങനെ കയറി ഇറങ്ങുന്നവർ. വാർഡ്‌ പോലെയല്ല. ഒരുപാട് രോഗികളുണ്ട്. ആദ്യം അവരെ കാണുന്നത് ഞങ്ങൾ ഹൗസ് സർജൻമാരാണ്. പിന്നെ ഓരോതരെയും സീനിയർ ഡോക്ടർമാരുടെ അടുത്ത് ഞങ്ങൾ കൊണ്ട് പോകും. ഓ. പി യിൽ ഇരുന്നാൽ ലോകത്തിൽ ഇത്ര മാത്രo പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ചു പോകും. അവിടെ നമ്മൾ യഥാർത്ഥ രോഗികളെയും അല്ലാത്തവരെയും കാണാം.

ചില അമ്മമാർ മകളെയുo കൊണ്ട് വരും 'ഡോക്ടറെ, ഇവളെ ഒന്ന് പറഞ്ഞു മനസിലാക്ക്, അവൻറെ കൂടെ പോകലെന്ന്'. അവിടെ അമ്മയുടെ ഭാഗത്ത്‌ നില്ക്കണോ മകളുടെ ഭാഗത്ത്‌ നില്ക്കണോ എന്നാണ് ചോദ്യം. ആരുടേയും ഒരാളുടെ ഭാഗത്ത്‌ നിന്നാൽ, സീനിയർ ഡോക്ടറെ കാണിക്കുമ്പോൾ മറ്റേ ഭാഗം പിടിച്ചാൽ നമ്മൾ പെട്ടില്ലേ!!! :-) പിന്നെ കുറെ ഡിപ്രഷൻ അങ്ങനെ ഇങ്ങനെ കുറെ അസുഖങ്ങൾ- വല്യ പേരൊന്നും പറഞ്ഞു ഞാൻ പേടിപ്പിക്കുന്നില്ല.

പൊതുവെ തലയിൽ ഒരു അല്പം പ്രോബ്ലം ഉള്ളവർ വല്യ കലാകാരന്മാർ ആകുമെന്ന് കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിസെൻറ് വാൻ ഗോഗ്  ഓർമയില്ലേ. ഒന്നും വേണ്ട. നമ്മുടെ സ്വന്തം ബഷീർ. ബഷീറിനെ പറ്റി പറയുമ്പോൾ എനിക്ക് ബാല്യകാലസഖി വായിച്ചാണ് ഓർമ്മ  വരുന്നത്. എട്ടാം ക്ലാസ്സിലെ ഒരു സയൻസ് പരീക്ഷ ദിവസം തലേന്ന്. പുസ്തകങ്ങൾ വായിച്ചു കൂട്ടി കൊണ്ടിരുന്ന കാലഘട്ടം. അന്നാണ് എനിക്ക് ഒരു ദിവസത്തേക്ക് ആ ബുക്ക്‌ വായിക്കാൻ കിട്ടിയത്. പരീക്ഷ തലേന്ന് ആയത് കൊണ്ട് നോവൽ വായിക്കുന്നത് കണ്ടാൽ എന്നെ വീട്ടുക്കാർ വഴക്ക് പറയും. അവസാനം സയൻസ് പുസ്തകത്തിൻറെ അകത്തു വെച്ച്‌ ഞാൻ അത് വായിച്ചു. വായിച്ചു തീർന്നതും ഞാൻ കരച്ചിൽ തുടങ്ങി. സയൻസ് ഒരു അക്ഷരം പോലും വായിക്കാതെ അന്ന് രാത്രി മൊത്തം ഞാൻ കരഞ്ഞു തീർത്തു.  

ബഷീർ ആദ്യം എഴുതിയ നോവൽ ബാല്യകാലസഖി ആണെങ്കിലും, പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവൽ വേറൊരെണ്ണം ആയിരുന്നു. അതും ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ പേര് ഓർമ്മ വരുന്നില്ല.

പിറ്റേന്ന് പതിവ് പോലെ ലേഖ വീണ്ടും എൻറെ മുൻപിൽ എത്തി.

"ഡോക്ടർ, വായിച്ചല്ലേ. എൻറെ കത്ത്. ഞാൻ കണ്ടു മറ്റേ ഡോക്ടർ  ഇന്നലെ കാണിക്കുന്നത്." ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ഡോക്ടരോടെ ഒരു ചോദ്യം ചോദിക്കട്ടെ? ഇപ്പോൾ എന്ത് തോന്നുന്നു.?"

ഞാൻ ഒരുപാട് തവണ അവളോടെ ചോദിച്ചിട്ടുള്ള ചോദ്യം എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾ വീണ്ടും. "ഒരു അകല്ച്ചയെ തോനുന്നുള്ളോ. അതോ ദേഷ്യം, പുച്ഛം?"
ഞാൻ വീണ്ടും മിണ്ടാതെ ഇരുന്നു, അവൾ തുടർന്നു. " അല്ലേലും ഇങ്ങനെയാണ്. എന്നെ മനസിലാക്കി കഴിഞ്ഞാൽ, എന്നെ  എല്ലാർക്കും പിരിയാൻ തോന്നും. എൻറെ കണ്ണേട്ടൻ പോലും പോവാൻ തീരുമാനിച്ചു. പക്ഷെ ഞാൻ ആരോടും പോകണ്ട എന്ന് പറയില്ല"

"കണ്ണേട്ടൻ ഭർത്താവിൻറെ പേരാണോ?" ഒടുവിൽ ഞാൻ സംസാരിച്ചു.

"അതെ"

"അയാൾ നിങ്ങളുടെ രോഗത്തെ പറ്റി എല്ലാം അറിഞ്ഞിട്ടല്ലേ. നിങ്ങളെ വിവാഹം ചെയ്തത്. പിന്നെ എന്താണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നേ?"

"ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല സാറേ, അയാൾക്ക്  ഈ ഭ്രാന്തിയെ മടുത്ത് കാണും."

എനിക്ക് ആ മനുഷ്യനോട് വല്ലാത്ത ദേഷ്യം തോന്നി. എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ട് ഇപ്പോൾ ഇട്ടിട്ടു പോകുന്നോ. ഞാൻ വല്ലാതെ അസ്വസ്ഥനായി.

അന്ന് എനിക്ക് സൈക്യാട്രി വാർഡ്‌ ഡ്യൂട്ടി ആയിരുന്നു. ഞാൻ വാർഡിലെ സൈഡ് റൂമിൽ ആണ് അന്ന് ഉറക്കം. വൈകിട്ട് ചായ കുടിച്ചു തിരിച്ചു റൂമിൽ വന്നപ്പോൾ എൻറെ ബാഗിൻറെ മുകളിൽ വെള്ളo, മൊത്തത്തിൽ നനഞ്ഞു ഇരിക്കുന്നു. കൂടാതെ നല്ല നാറ്റം. ഞാൻ ബാഗ്‌ എടുത്തു കൊണ്ട് സിസ്റ്ററിൻറെ അടുത്ത് വന്നു.
"ഇത് പൂച്ച പണി തന്നതാ. പൂച്ച മൂത്രം ഒരു വിർത്തികെട്ട നാറ്റം ആണ്."

എനിക്ക് ദേഷ്യവും വിഷമവും എല്ലാം ഒരുമിച്ചു വന്നു. പൂച്ചയുടെ പേരിൽ പണ്ട് കഥ എഴുതിയതിന് എനിക്ക് തിരിച്ചു തന്നതാ. എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. വെള്ള പൂച്ചയാണോ കറുത്ത പൂച്ചയയിരുന്നോ എന്ന്. ചോദിച്ചില്ല. ഒടുവിൽ ബാഗ്‌ ബാത്ത്രൂമിൽ കൊണ്ട് കുറെ കഷ്ടപ്പെട്ട് കഴുകി. റൂമിൽ നാറ്റം ആയത് കൊണ്ട്, ഞാൻ ഒടുവിൽ വാർഡിലെ ബെഞ്ചിൽ വന്നിരുന്നു. ആ സമയത്ത് സാധാരണ ആരും അവിടെ വന്നു ഇരിക്കാരുള്ളതല്ല.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ലേഖയുടെ കട്ടിലിൻറെ അടുത്ത് ഒരു പുരുഷൻ. അയാൾ ഒന്നും അങ്ങനെ സംസാരിക്കുന്നില്ല. അവർ രണ്ടു പേരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞു അയാൾ പോകുന്നെന്ന മട്ടിൽ പുറത്തിറങ്ങി. ഞാൻ പുറകെ നടന്നു. കുറെ നടന്നു കഴിഞ്ഞപ്പോൾ  പുറകിൽ നിന്ന് വിളിച്ചു.

" താങ്ങളാണോ ഈ കണ്ണേട്ടൻ?"

"അതെ, ലേഖയുടെ ഭർത്താവ്."

ഞാൻ കുറെ നേരം അയാളോട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു.

"എല്ലാം അറിഞ്ഞു, അവളെ മനസിലാക്കിയാണ്. അവളെ വിവാഹo ചെയ്തത്. പക്ഷെ, എനിക്ക് അവൾ മാത്രമല്ല. അമ്മയും അച്ഛനും അനിയനും ഒക്കെ ഉള്ള ഒരു കുടുംബം ഉണ്ട്. അവർക്ക് മുന്നിൽ ഞാൻ ഇന്ന് ഒരു പരിഹാസ പാത്രമാണ്. സാറിന് എൻറെ ദുഃഖം മനസ്സിലാകുമോ എന്ന്  അറിയില്ല. " ഇത് പറഞ്ഞിട്ട് ഒരു കത്ത് അയാൾ എനിക്ക് എടുത്തു തന്നു.

ഇതെന്താ കത്തുകളുടെ ഒരു മേളം ആണല്ലോ.

സഖാവേ,

നീ എൻറെ അടുത്ത് വരുമ്പോൾ എൻറെ ഹൃദയം പിടയ്കുന്ന പോലെ. നോക്കുമ്പോൾ ഞാൻ നഗ്ന ആകുന്ന പോലെ. നീ എന്തേ എൻറെ മുറിയുടെ പുറത്തു കൂടി നടക്കുന്നു. ഉള്ളിലേക്ക് വരൂ. നിന്നെ ഓർത്ത് എത്ര തവണ ഞാൻ (ഈ വരി വെട്ടിയിരിക്കുന്നു). ഈ വികാരത്തിന് ഒറ്റ പേരെ ഉള്ളു - പ്രേമം.


ഈ കത്തൊരു അപേക്ഷയായി കരുതരുത്. ഇതൊരു ആഗ്രഹം ആണ്.

എന്ന്
ലേഖ

എന്തൊരു നല്ല കത്ത്. എത്ര തീവ്രം. വായിച്ച ശേഷം ഞാൻ അയാളെ നോക്കി.

"എടോ, ലേഖ മലയാളം പഠിച്ചതല്ലേ, കുറച്ചു സാഹിത്യത്തിൽ തനിക്ക് ഒരു പ്രേമലേഖനം എഴുതി എന്ന് കരുതി, ഇട്ടിട്ട് പോകാൻ മാത്രമുണ്ടോ?"

"സാർ, ഇത് എനിക്ക് തന്ന കത്തല്ല. എൻറെ അനിയന് നല്കിയതാണ്."

ഇത് പറഞ്ഞതും അയാൾ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. എൻറെ കിളി പോയ്.  ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം എന്നൊക്കെ അവൾ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. പല കോണുകളിൽ നിന്നായി പല ചിന്തകൾ മനസ്സിൽ വന്നു. ഒരറ്റത്ത് ഓഷോ, മറ്റൊരിടത്ത് ലേഖ, പിന്നെ കണ്ണേട്ടൻ , കണ്ണേട്ടൻറെ അനിയൻ, ധാർമീകത, സദാചാരം. അങ്ങനെ ഇങ്ങനെ കുറെ. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചു. കഭി അലവിധാനാ നാ കെഹ്നയിൽ ഷാരുഖ് ഖാൻ ചെയ്തപ്പോൾ ഞാൻ കൈയടിച്ചു, ഇവിടെ യഥാർത്ഥ ജീവിതത്തിൽ ലേഖ ചെയ്തപ്പോൾ ഞാൻ കൈ അടിക്കണോ അതോ മുഷ്ടി പിടിക്കണോ. ഞാൻ അധികം ചിന്തിക്കുന്നില്ല.

ഏതായാലും ബഷീറിൻറെ മറ്റേ നോവലിൻറെ പേര് ഓർമ്മ വന്നു. പ്രേമലേഖനം (1943). എഴുപത് വർഷങ്ങൾക്ക് ശേഷം ഞാനും ഒരു 'പ്രേമലേഖനം' എഴുതുമ്പോൾ അത് യഥാർത്ഥ മനുഷ്യ ജീവിതം പച്ചയായി പകർത്തിയ ആ ബേപ്പൂർ സുൽത്താന് സമർപ്പിക്കുന്നു.

പരലോകത്ത് ഫേസ്ബുക്കോ ബ്ലോഗ്ഗറോ ഉണ്ടെങ്കിൽ കോഴിക്കോടൻ മലയാളത്തിൽ ഒരു കമൻറ്റ് പ്രതീക്ഷിച്ചു കൊണ്ട്.............
















No comments:

Post a Comment