About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Wednesday, February 11, 2015

ദൃശ്യം




കുറെ കാലം റൈറ്റർസ് ബ്ലോക്ക്‌ എന്നൊക്കെ പറയാം- ഒന്നും എഴുതാൻ പറ്റുന്നില്ലായിരുന്നു. ഈ കഥ എഴുതിയില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. 

ഈ കഥ നടക്കുമ്പോൾ സർജറി പോസ്റ്റിങ്ങ്‌ അവസാനിക്കാൻ ആയിരുന്നു. മെഡിസിനിൽ അപസ്മാരം ഞാൻ പേടിച്ച പോലെ സർജറിയിൽ ഞാൻ പേടിച്ചിരുന്ന കേസായിരുന്നു BURNS. പച്ച മലയാളത്തിൽ പൊള്ളൽ എന്നും പറയാം. കേട്ടാൽ നിസാരം എന്ന് തോന്നുമായിരിക്കാം. "ഒരു ചെറിയ പൊള്ളൽ അല്ലേ ഉള്ളു." എന്നൊക്കെ പറയാറുണ്ടല്ലോ. പക്ഷെ, പൊള്ളൽ ഒരു ഭീകരൻ ആണെന്ന് അനുഭവിച്ചിട്ടുള്ള രോഗിക്കും, ചികിത്സിച്ച ഡോക്ടർക്കും, ശുശ്രുഷിച്ച ബന്ധുകൾക്കും മാത്രമേ അറിയൂ. അത് മാത്രം അല്ല. പണ്ട് എൻറെ ഒരു പ്രൊഫസർ ഒരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ആദ്യമേ പറഞ്ഞു നിങ്ങൾക്കും എൻറെ ഭീതി ഞാൻ തരുന്നില്ല.

എനിക്ക് അന്ന് അഡ്മിഷൻ വാർഡ്‌ ഡ്യൂട്ടി. രാത്രി പന്ത്രണ്ടുമണി ആയി കാണും. ഞാൻ മനസ്സിൽ ചിന്തിച്ചു. ഇനി 8 മണിക്കൂർ മാത്രം ബാക്കി. അതിനകം ഒരു BURNS രോഗിയും വന്നില്ലെങ്കിൽ ഈ പോസ്റ്റിങ്ങ്‌ ഞാൻ രക്ഷപെട്ടു.

അപ്പോളാണ് എൻറെ യുണിറ്റിൽ അന്ന് ക്യാഷുവലിറ്റിയിൽ  ഉള്ള ഹൗസ് സർജൻ ഡോ. ശ്രിദേശിൻറെ ഫോണ്‍.

"ടാ, നിനക്ക് ഒരു കുളം കേസ് വന്നിട്ടുണ്ട്. Burns. ഒന്ന് catheter ഇടാൻ കൂടി സമ്മതിക്കുന്നില്ല. വാർഡിലോട്ട് വിട്ടിട്ടുണ്ട്, പോയി നോക്ക്."

എനിക്ക് അറിയാമായിരുന്നു. ഞാൻ എന്ത് എൻറെ ജീവിതത്തിൽ സംഭവിക്കരുത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതൊക്കെ സംഭവിച്ചിട്ടുണ്ട്.

ആണുങ്ങളുടെ വാർഡിലെ അഡ്മിഷൻ ഡേ തിരക്കുകൾ കാരണം ബേണ്‍സ് വാർഡിലേക്ക് പോകാൻ അല്പം വൈകി, അപ്പോഴേക്കും സിസ്റ്ററിൻറെ ഫോണ്‍ വന്നിരുന്നു. " ഡോക്ടർജി, ഒരു burns വന്നിട്ടുണ്ട്. അല്പം uncoperative ആണ്. കാര്യമായി deal  ചെയ്യേണ്ടി വരും."

ദൈവമേ, അറ്റ്നോറ്റു നീ എനിക്ക് തന്ന burns.. അവസാനം തലവേദന ആകുമോ.

ഒടുവിൽ ഞാൻ രോഗിയുടെ കട്ടിലിനു അടുത്ത് എത്തി. burns രോഗികളെ കിടത്തുന്ന കട്ടിൽ നമ്മൾ കൊതുകുവല കെട്ടും പോലെ മൊത്തം കെട്ടി മറച്ചിരിക്കും. അണുബാധ കുറയ്ക്കുന്നത്തിൻറെ ഭാഗമായി മാത്രമല്ല. രോഗികളെ നഗ്നരായി ആണ് കിടത്തുന്നത്. അതിന് ഒരു മറവും ആകാം.

മണ്ണെണ്ണയുടെ മണം നിറഞ്ഞു നില്കുന്നു. ഞാൻ മറ നീക്കി അകത്തേക്ക് നോക്കി. തല മുതൽ അരകെട്ടു വരെ കരിഞ്ഞു വെളുത്ത് വീങ്ങി ഇരിക്കുന്നു. പക്ഷെ, ആ മനുഷ്യ ശരീരം ഒന്നും സംഭവിക്കാത്ത മട്ടിൽ ദേഹം അങ്ങോട്ടും ഇങ്ങോട്ടും അനക്കി, എന്തൊക്കെയോ പുലമ്പുന്നു. ഇടയ്ക്ക് എന്തൊക്കെയോ ചോദിക്കുന്നു. അമ്മ ഒന്നും സംഭാവികാത്ത മട്ടിൽ ഉത്തരം നല്കുന്നു.. ബാക്കി ഞാൻ പറയുന്നില്ല. മണ്ണെണ്ണ മണം മാറി കരിഞ്ഞ മാംസത്തിന്റെ നാറ്റം. ഞാൻ തല മാറ്റി.

കേസ് ബുക്കിൻറെ പുറത്ത് അശ്വതി, 24 വയസ്സ് എന്ന് കണ്ടപ്പോൾ ആണ്. അത് എൻറെ പ്രായത്തിൽ തന്നെയുള്ള ഒരു പെണ്‍കുട്ടി ആണെന്ന് മനസിലായത്.

"എന്ത് സംഭവിച്ചത് ?"

"മണ്ണെണ്ണ വിളക്ക് ദേഹത്ത് വീണു പോള്ളിയതാണ്." രോഗിക്ക് ഒപ്പം നിന്ന അമ്മ പറഞ്ഞു. എനിക്ക് അറിയാം ആ പറഞ്ഞത് പച്ച കള്ളം ആണെന്ന്. ഞാൻ അത് വിശ്വസിച്ചു എന്ന് ഭാവിച്ചു.

"നിങ്ങൾ ഇവിടെ ഡോക്ടർമാരും സിസ്റ്റർമാരും പറയുന്നത് അനുസരിക്കുന്നില്ല എന്ന് കേട്ടു. എന്തിന്നുള്ള പുറപ്പാടാണ്.? ഇവിടെ കുട്ടിയുടെ രോഗം മാറ്റാൻ ആണോ അതോ കാണുന്നവരോടൊക്കെ അടിയുണ്ടാക്കാൻ ആണോ വന്നേക്കുന്നേ."

"ഞങ്ങൾ ഒന്നും അനുസരിക്കാതെ ഇരുന്നില്ല. ക്യാഷുവലിറ്റിയിൽ വച്ചു. മൂത്രം പോവാൻ ട്യൂബ് ഇടണം എന്ന് പറഞ്ഞു. ഡോക്ടർ ട്യൂബ് ഇടാൻ വന്നപ്പോൾ  ഞാൻ പറഞ്ഞു, കൊച്ചിന് മൂത്രം പോകാനൊന്നും തടസ്സമില്ല. അത് കൊണ്ട് ഇടണ്ട എന്ന്. ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത്. അപ്പോൾ അവർ ചാടി കടിക്കാൻ വന്നു."

ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്ന് പോയി. പൊതു ജനങ്ങൾക്ക് ഓരോ അസുഖങ്ങളെ പറ്റിയും കുറെ ധാരണകൾ ഉണ്ട്. അതിൽ മിക്കതും തെറ്റിദ്ധാരണകളാണ്. കുറച്ച് വിവരവും വിദ്യാഭാസവും ഉള്ളവർ ആണേൽ പറഞ്ഞു മനസിലാക്കാം. ഇനി വിവരമുള്ളവരുടെ കൂട്ടത്തിലും ഉണ്ട് പ്രശ്നക്കാർ. ഗൂഗിൾ ചെയ്തു ഓരോ വിവരങ്ങൾ ഉണ്ടാക്കി കൊണ്ട് വന്നു പ്രശ്നങ്ങൾ ഉണ്ടാക്കും. ഉദ്ദാഹരണത്തിന് പൊള്ളലിനു ഉള്ള പ്രധാനചികിത്സ വെള്ളo ആണ് എന്ന് എത്ര പൊതു ജനങ്ങൾക്ക്‌ അറിയാം. പൊള്ളൽ കാരണം നഷ്ടമാകുന്ന ശരീരത്തിലെ വെള്ളo intra venous fluid (അഥവാ 'ഡ്രിപ്പ്' എന്നാ അപരനാമത്തിൽ അറിയപ്പെടുന്ന സാധനം) ആയി നല്കുക. പൊള്ളൽ ഏറ്റു ഇത്ര സമയത്തിനകം നിശ്ചിത ശതമാനം വെള്ളo ഉള്ളിൽ ചെന്നിരിക്കണം. അല്ലെങ്കിൽ വൃക്കകൾക്ക് തകരാറ് സംഭവിച്ച് മരണ പെട്ടേക്കാം. ശരീരത്തിലേക്ക് വെള്ളo കയറ്റുമ്പോൾ എന്ത് മാത്രം വെള്ളo  പുറത്ത് പോകുന്നുണ്ടെന്ന് അളക്കേണ്ടി വരും. അതിനാണ് നേരത്തെ വിവാദവിഷയമായ ട്യൂബ് ഇടുന്നത്. ഇത്രയും കാര്യം ഞാൻ നിങ്ങളോടെ പറഞ്ഞപോലെ അവരോട് പറഞ്ഞു, എൻറെ തൊണ്ടയിലെ വെള്ളo വറ്റിയതല്ലാതെ ഒരു പ്രയോജനവും ഇല്ല.

ഞാൻ  സിസ്റ്റർമാർ ഇരിക്കുന്ന റൂമിൽ വന്നിരുന്നു, കേസ് ഷീറ്റ് എഴുതി. അപ്പോഴാണ്‌ അവിടുത്തെ സിസ്റ്റർമാരുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്.

"ഇങ്ങനൊക്കെ തന്നെയാ എല്ലാരും പറയുന്നേ"

"നമ്മൾ ഒക്കെ മണ്ടികൾ ആണെന്നാണ് അവരുടെ വിചാരം" കൊക്ക് എത്ര കുളം കണ്ടതാണ് എന്ന മട്ടില്ലാണ് അവരുടെ സംസാരം. സത്യമാണ്, ഒരുപാട് burns രോഗികളെ ശുശ്രുഷിക്കുക്കയും അവരുടെ സാഹചര്യങ്ങളെ മനസിലാക്കുകയും ചെയ്തവരാണ് അവർ.

"മണ്ണെണ്ണ വിളക്കിന് ദേഹത്തോട്ട് അല്ലേ വീഴാൻ കണ്ടുള്ളൂ. ഓരോ കള്ളത്തരങ്ങൾ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നത് പറയണ്ടായോ"

"പിന്നെ മണ്ണെണ്ണ വിളക്ക് വീണാൽ ഇങ്ങനെ അങ്ങ് പൊള്ളുവല്ലേ. അതുമല്ല, ഇന്നത്തെ കാലത്ത് ആരാ മണ്ണെണ്ണ വിളക്കൊക്കെ ഉപയോഗിക്കുന്നേ"


മണ്ണെണ്ണ വിളക്കിൻറെ അടിയിൽ ഇരുന്ന് പഠിക്കാൻ അവളാര് അൽബെർറ്റ് ഐൻസ്റ്റൈനൊ. ഞാൻ പറയാൻ വിചാരിച്ച ഡയലോഗ് ആയിരുന്നു. പക്ഷെ, ഞാൻ ആ സംഭാഷണത്തിൽ ഇടപെട്ടില്ല.

എന്തായാലും രോഗ വിവരം ബന്ധുക്കളെ പറഞ്ഞു മനസിലാക്കിക്കാം എന്ന് വിചാരിച്ചു. കുട്ടിയുടെ അച്ഛനെ മുറിയിലേക്ക് വിളിപ്പിച്ചു കാര്യം ധരിപ്പിച്ചു. പൊള്ളൽ ശരീരത്തിൻറെ 60 ശതമാനത്തിൽ കൂടുതൽ ആണെന്നും വളരെ സീരിയസ് ആണ് സ്ഥിതി എന്നും പറഞ്ഞു മനസ്സിലാക്കി.

"വേറെ പ്രശ്നം ഒന്നുമില്ലല്ലോ, ഡോക്ടറെ?"

രോഗത്തിൻറെ സ്ഥിതി ഞാൻ പറഞ്ഞു കഴിയുമ്പോൾ ഒരുപാട് പേർ എന്നോട് തിരിച്ചു ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ഇവരും ചോദിച്ചു. മരണം വരെ സംഭവിച്ചേക്കാം എന്ന് പച്ച മലയാളത്തിൽ പറയാതെ വളച്ചു കെട്ടി വിഷമിപ്പിക്കാതെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നത് കൊണ്ടാകാം, ചിലപ്പോൾ ഈ മറുപടി.

"എന്ത് പ്രശ്നമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? അത് പറഞ്ഞാൽ, ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാം. " ചിലപ്പോൾ ഞാൻ ഇങ്ങനെ തിരിച്ചു ചോദിക്കാറുണ്ട്.

ഞാൻ വീണ്ടും പ്രധാന അഡ്മിഷൻ നടക്കുന്ന വാർഡിലേക്ക് തിരിച്ചു പോയി. അവിടെ എത്തി കുറച്ചു ;കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഫോണ്‍ കാൾ. " ഡോക്ടർജി, cannula ഇടാൻ പറ്റുന്നില്ല. ഡോക്ടർ കൂടി ഒന്ന് ശ്രമിക്കുമോ?"

എനിക്ക് നന്നായി അറിയാം. ഇത്രയും വർഷത്തെ പ്രവർത്തനപരിചയം ഉള്ള സിസ്റ്റർക്ക് കിട്ടിയില്ലെങ്കിൽ, എനിക്കും കിട്ടില്ല എന്ന്. എങ്കിലും ഞാൻ ശ്രമിച്ചു നോക്കി. കിട്ടിയില്ല. അവസാനം venous  cut  down വഴി cannula ഇട്ടു. ഒരുപാട് പ്രയത്നത്തിലൂടെയാണ് ഇത്രേം ചെയ്തത്. പലപ്പോഴും അശ്വതി കാലുകൾ അനക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വളരെ ചെറുതായി മാത്രമേ നോർമൽ saline കയറുന്നുണ്ടായിരുന്നുള്ളൂ.

"അശ്വതി, ഒരുപാട് ബുദ്ധിമുട്ടിയാണ് ഇത് ഇട്ടിരിക്കുന്നത്. അനങ്ങാതെ കിടക്കണം." അവൾ ഇതൊക്കെ മനസ്സിലാക്കിയ ഭാവത്തിൽ തല അനക്കി. കൂടെയുള്ള അമ്മയേയും കാര്യം പറഞ്ഞു മനസ്സിലാക്കി. പക്ഷെ, എന്തൊക്കെ ചെയ്താലും അത് വിട്ട് പോകും എന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ തിരിച്ചു നടക്കാം എന്ന് വിചാരിച്ചപ്പോൾ, എൻറെ മനസ്സിൽ കൂടി ഒരു ബുദ്ധി കണ്ടന്നു പോയി. ഈ സംഭവത്തിൻറെ പിന്നിലെ സത്യം ഒന്ന് കണ്ടു പിടിച്ചു കളയാം. ഞാൻ അശ്വതിയുടെ അടുത്ത് നിന്ന് ബന്ധുകളെ എല്ലാം മാറ്റി നിർത്തി. എന്നിട്ട് ഒരേ ചോദ്യങ്ങൾ തന്നെ അവരോടു എല്ലാവരോടും ചോദിച്ചു.

എപ്പോൾ? എങ്ങനെ? എന്ത് ചെയ്തു? ആദ്യം എവിടെ കൊണ്ട് പോയി? അങ്ങനെ ഇങ്ങനെ കുറെ ചോദ്യങ്ങൾ എല്ലാത്തിനും ഏകദേശം ഒരേ ഉത്തരങ്ങൾ തന്നെ എല്ലാവരും നല്കി. ആ പെണ്‍കുട്ടിക്ക് ബോധം അല്പം കുറവായിരുന്നു. പൊള്ളൽ ഏറ്റുവരുന്ന മിക്കവർക്കും അങ്ങനെ തന്നയാണ്. പ്രണയത്തെപ്പറ്റിയും കോളേജിലെ സുഹൃത്തുക്കളെപ്പറ്റിയും ഒക്കെ ചോദിച്ചു. പക്ഷെ അങ്ങനെ ഒരു പ്രണയബന്ധം ഒന്നും എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല. പക്ഷെ, വേറെ ചില കാര്യങ്ങൾ ഞാൻ മനസിലാക്കി.

പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു അവൾ. അങ്ങനെ നഗരത്തിലെ നല്ല കോളേജിൽ റിസർവേഷൻ വഴി അഡ്മിഷൻ ലഭിച്ചു. പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്കുള്ള ഹോസ്റ്റലിൽ താമസവും. നാട്ടിലോട്ട് പോകാൻ ബസ്സ്‌ കുറവയതിനലാണോ കാശിൻറെ ബുദ്ധി മുട്ടുകൊണ്ടാണോ അങ്ങനെ അധികം വീടിലോട്ട് പോകാറില്ലായിരുന്നു. ഇപ്പോൾ വീട്ടിൽ വന്നു നിൽക്കുന്നതിൻറെ കാര്യം തിരക്കിയപ്പോഴാണ്.. ഞാൻ ഞെട്ടിക്കുന്ന ഒരു കാര്യം കൂടി അറിഞ്ഞത്. ഈ കുട്ടിയുടെ വിവാഹമാണ് അടുത്ത ആഴ്ച്ച.

ഞാൻ വാർഡിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം രാവിലെ 5 മണി. ഒരു അല്പം നേരം കണ്ണ്‍ അടയ്ക്കാം എന്ന് വിചാരിച്ചു. burns വാർഡിൻറെ തൊട്ടടുത്ത്‌ തന്നെയുള്ള പഴയ ഹൗസ് സർജൻസ് quartersഇലോട്ട് പോയി. എൻറെ മനസ്സിൽ മുഴുവൻ അശ്വതിയും അവളുടെ കഥയും നിറഞ്ഞു നിന്നു. പക്ഷെ, ഇത് അപകടം അല്ല അവൾ മനപൂർവ്വം ചെയ്തതാണെന്ന് എന്ന് തന്നെയാണ് എൻറെ മനസ്സ് പറയുന്നത്. തിരിച്ചും മറിച്ചും ഉള്ള ചിന്തകൾ യുദ്ധം ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ തളർന്നു ഉറങ്ങിപ്പോയി.

"ആ കുട്ടി അവിടെ കിടന്നു മരിക്കുമ്പോൾ നീ ഇവിടെ സുഖമായിട്ട്‌ കിടന്ന് ഉറക്കം ആണല്ലേ?" ഞാൻ പെട്ടന്ന് കണ്ണ് തുറന്നു നോക്കി. ആരേയും കണ്ടില്ല. വീണ്ടും കണ്ണടച്ചു, "അവളുടെ കാര്യങ്ങൾ അന്വേഷിച്ച് കണ്ടു പിടിക്കാൻ കാണിച്ച ചങ്കൂറ്റം അവളെ രക്ഷിക്കാൻ കാണിച്ചിരുന്നെങ്കിൽ, നീ ഡോക്ടർ ആണെന്ന് പറയുന്നതിൽ ഒരു അർത്ഥം ഉണ്ടായിരുന്നു. "

"അത് അവൾ മനപ്പൂർവ്വം എടുക്കാൻ ശ്രമിച്ച ജീവനല്ലേ. അവൾക്ക് വേണ്ടാത്തത് എനിക്ക് എന്തിനാ? "

"ജീവൻ സംരക്ഷിക്കുക എന്നുള്ളതാണ് നിൻറെ ജോലി......" ബാക്കി എന്തൊക്കെയോ ആ  ശബ്ദത്തിൽ ഉണ്ടായിരുന്നു. ഒന്നും ഓർമ്മ വരുന്നില്ല.  അതിന് മുൻപ് ഞാൻ ഉണർന്നു.

രാവിലെ ചീഫ് ഡോക്ടർമാരുടെ റൗണ്ട്സിനൊപ്പം മാത്രമേ എനിക്ക് അവളുടെ അടുത്ത് എത്താൻ സാധിച്ചുള്ളൂ. അപ്പോഴേക്കും ഇന്നലെ ഇട്ട "venous  cut  down " ഒക്കെ ഔട്ട്‌ ആയിരുന്നു. എന്നെ കുറ്റബോധം വല്ലാതെ വിഴുങ്ങി.. ഒടുവിൽ അവസാനത്തെ ശ്രമമായി  ഞങ്ങൾ " central line " ഇട്ടു.

ഇതെല്ലം കഴിഞ്ഞു ഒരു ദിവസം റൗണ്ട്സിനു ശേഷം ഉള്ള ചായ കുടിച്ച് ഞങ്ങൾ ഹൗസ് സർജൻമാരും, പി. ജി. ഡോക്ടർമാരും H D S ലാബിൻറെ അടുത്ത് നില്ക്കുകയായിരുന്നു.

"ഡോക്ടറെ, ആ അശ്വതിക്ക് ഇപ്പോൾ എങ്ങനുണ്ട്?"
ഞാൻ തിരിച്ചു നോക്കി. ഒരു 40 വയസ്സ് തോന്നിക്കുന്ന ഒരാൾ വളരെ വിഷമത്തോടെ ചോദിച്ചു. ആദ്യം ഞാൻ എന്നോട് തന്നെയാണോ ചോദ്യം എന്ന് ഉറപ്പു വരുത്തി. കാരണം ഒരുപാട് ഡോക്ടർമാരും കൂട്ടിരിപ്പ്കാരും അത് വഴി വന്നും പോയി  കൊണ്ടിരിക്കുവാണ്. ഇത്  സ്ഥിരം ഉള്ളതാ. നമ്മൾ വാർഡിൽ വച്ച് പറഞ്ഞു കൊടുത്താലും, പുറത്തിറങ്ങുമ്പോൾ ഒരേ രോഗിയുടെ വേറെ കൂട്ടിരിപ്പുകാർ വന്നു ചോദിക്കും എങ്ങനെ ഉണ്ടെന്ന് . പെട്ടന്ന് നമ്മുക്ക് ആളെ പിടികിട്ടി എന്നും വരില്ല. ഒരേ പേരിലുള്ള കുറെ പേരുള്ളത് കൊണ്ടും കുറെ വാർഡുകൾ ഉള്ളത് കൊണ്ടും ആകെ കണ്‍ഫ്യൂഷൻ ആവും.

"പൊള്ളൽ ഏറ്റു വന്ന അശ്വതി ആണോ?" ഞാൻ അവളുടെ അച്ഛനോട് പറഞ്ഞു കൊടുത്ത കാര്യങ്ങൾ തന്നെ അവരോടും പറഞ്ഞു മനസിലാക്കി. വളരെ മോശമാണ് നില എന്നും രക്ഷപെടുത്താൻ ശ്രമിക്കാം എന്നുമൊക്കെ.

എന്തായാലും ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ പറ്റി. അശ്വതി ഓരോ ദിവസവും നന്നായി കൊണ്ടിരുന്നു. മരുന്നുകൾ എല്ലാം നന്നായി ശരീരത്തിൽ ഏറ്റു ചിലപ്പോൾ അവരുടെ എല്ലാം പ്രാർത്ഥന കൊണ്ടാവും. എനിക്കും അവരോട് ഒരു പ്രത്യേക അടുപ്പം തോന്നിച്ചു. വരുന്ന പൊള്ളലുകൾ എല്ലാം ആത്മഹത്യ ശ്രമങ്ങൾ ആണെന്നുള്ള ആ പൊതുധാരണ മാറ്റാൻ എനിക്ക് സാധിച്ചു.

എൻറെ സർജറി പോസ്റ്റിങ്ങ്‌ തീരാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം. എൻറെ അവസാനത്തെ വാർഡ്‌ ഡ്യൂട്ടി ദിവസം ആയിരുന്നു അത്. രാവിലെ  റൗണ്ട്സിൽ ചീഫ് ഡോക്ടർമരോടൊക്കെ അവൾ നന്നായി സംസാരിച്ചു. പൊള്ളൽ നല്ല രീതിയിൽ കരിഞ്ഞു തുടങ്ങി. ചില ദിവസങ്ങളിൽ നല്ല പോലെ സംസാരിച്ചു നോർമൽ ആകുകയും കുറച്ചു കഴിയുമ്പോൾ വീണ്ടും തിരിച്ചു പോകും.. അങ്ങനെ മറിയും മറിഞ്ഞും നില്ക്കുകയായിരുന്നു അവളുടെ ആരോഗ്യ സ്ഥിതി. പക്ഷെ, ഇവിടെ അഡ്മിറ്റ്‌ ആയ ശേഷം ഇത്രയും ഭേദം ആയി ഒരിക്കലും കണ്ടിട്ടില്ല.

"ഡോക്ടർ, ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യുമോ, ബാക്കി മരുന്നൊക്കെ വീട്ടിൽ ചെന്ന് എടുതോള്ളാം. എൻറെ കല്യാണമാണ് "

ഡിസ്ചാർജ് ആവാൻ മാത്രം അവൾ ആരോഗ്യവതി അല്ല. പക്ഷെ, എൻറെ മനസ്സിൽ ഒരുപാട് വേണ്ടാത്ത ചിന്തകൾ വന്നുപോയി. കാരണം, മറ്റൊന്നുമല്ല, കഥയുടെ തുടക്കത്തിൽ ഒരു പ്രൊഫസർ എന്നോട് പറഞ്ഞ കാര്യം ഞാൻ എഴുതിയിരുന്നല്ലോ. ഇനിയിപ്പോൾ അത് പറയാം

"ഒരു പരിധിയിൽ കൂടുതൽ പൊള്ളൽ ഏറ്റ രോഗി, നമ്മളെ മണ്ടന്മാരാക്കി കൊണ്ടിരിക്കും. നന്നായി വരുന്നുണ്ട്, എല്ലാം ശരിയായി എന്ന് നമ്മൾ ചിന്തിക്കുമ്പോൾ  രോഗി മരണത്തിൻറെ അടുത്ത് നില്ക്കുകയാവും"

അങ്ങനെ സംഭവിക്കല്ലേ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു. അന്നത്തെ വാർഡ്‌ ഡ്യൂട്ടി പൊതുവെ ശാന്തം ആയിരുന്നു. വൈകിട്ട് ഭക്ഷണം ഒക്കെ കഴിച്ചു quartersഇൽ കിടക്കാൻ കേറും മുൻപ് രാത്രി 10 മണിയൊക്കെ ആയപ്പോൾ  ഞാൻ burns വാർഡിൽ ഒന്ന് കൂടി കയറി എൻറെ രോഗിയെ കണ്ടു. അവൾ ശാന്തമായി കിടക്കുന്നു.

ഞാൻ തിരികെ വന്നു കിടന്നു. പെട്ടന്ന് ഫോണ്‍ കോൾ. വാച്ചിൽ നോക്കിയപ്പോൾ സമയം 11:55.

"രണ്ടാമത്തെ യുണിറ്റിൻറെ ഡോക്ടർ അല്ലേ?, ഇവിടെ ഒരു രോഗി സീരിയസ് ആണ്."

ഞാൻ ഓടി വാർഡിൽ എത്തിയപ്പോൾ അവൾ ഡിസ്ചാർജ് ആയി പോയിരുന്നു നമ്മൾ ആരും കണ്ടിട്ടില്ലാത്ത ലോകത്തേക്ക്.

ഒരുപാട് മരണങ്ങൾ ഞാൻ ഹൗസ് സർജൻസിയിൽ declare ചെയ്തിട്ടുണ്ടെങ്ങിലും എല്ലാതവണത്തെയുംകാൾ എന്നെ അലട്ടിയ മരണം ഇതാണ്. ഒരിക്കലും രോഗികളെ മുൻവിധിയോടെ ചികിത്സിക്കരുതെന്ന് ഞാൻ അന്ന് തീരുമാനിച്ചു.

അപ്പോൾ പുറത്ത് അലമുറയിട്ട കരച്ചിൽ ഞാൻ കേട്ടുകൊണ്ടിരുന്നു. "അണിയിച്ചൊരുക്കി മംഗല്യം കഴിപ്പിച്ചു വിടേണ്ട ദിവസം ആയിരുന്നു നാളെ, അവസാനം ദാഹിപ്പിക്കാൻ പോലും ബാക്കി ഇല്ലാത്ത ശരീരവുമായ് കേറി ചെല്ലേണ്ടി വരുമല്ലോ ദൈവമേ വീട്ടിൽ."


***************************************************************

ഒന്നു  രണ്ട് ആയ്ച്ചകൾക്ക് ശേഷം, ഞാൻ ചായ കുടിച്ച് കൊണ്ട്  പഴയ സ്ഥലത്ത് നില്ക്കുകയായിരുന്നു.

"ഡോക്ടർ, അശ്വതിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്?"

"അയ്യോ, ഞാൻ ഇപ്പോൾ SAT യിലാണ് , ഇവിടുത്തെ രോഗികളെ അറിയില്ല."
ഞാൻ ഇങ്ങനെ പറഞ്ഞു കൊണ്ട് അയാളെ തിരിഞ്ഞു നോക്കി. എവിടോ കണ്ടു നല്ല പരിചയം ഉള്ള മുഖം. ഓർമ്മ  വരുന്നില്ല. അയാൾ തിരികെ ഹോസ്പിറ്റലിനുള്ളിലേക്ക്  നടന്നു പോയി.

ഒരു 5 മിനിട്ട് കഴിഞ്ഞാണ് എനിക്ക് ബോധോധയം ഉണ്ടായത്. മുൻപ് ഇയാൾ തന്നെ ആയിരുന്നു അശ്വതിയെ പറ്റി എന്നോട് തിരക്കിയത്. ഞാൻ തിരികെ നടന്നു പോയി അയാളെ കണ്ടു പിടിച്ചു.

"താൻ അശ്വതിയുടെ ആരാണെന്നാണ് പറഞ്ഞത്?"

"വകയിലെ ഒരു ചേട്ടൻ"

"എന്നിട്ട് എന്താടോ താൻ അവൾ മരിച്ച കാര്യം അറിയഞ്ഞത്?" അത് പറഞ്ഞപ്പോഴേക്കും അയാളുടെ മുഖം വല്ലാതെയായിരുന്നു. ഞാൻ അയാളോട് ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. അയാൾ മരണം അറിഞ്ഞ  ഷോക്കിൽ സ്തബ്ദനായി നിന്നു, ഒന്നും മിണ്ടാതെ. പെട്ടന്ന് അയാൾ  എൻറെ കൈ തട്ടിമാറ്റി ഒഴിഞ്ഞു പോകാൻ ശ്രമിച്ചു. എനിക്ക് എവിടുന്ന് ആ ശക്തി വന്നു എന്നറിയില്ല. ഞാൻ 16,17 വാർഡിനു മുൻപ് ഉള്ള സ്റ്റെപ്പുകളുടെ സൈഡിൽ ഭിത്തിയോട് ചേർത്ത് നിർത്തി.

"സത്യം പറയെടാ. നീ അല്ലേടാ, ആ പെണ്ണിനെ കൊന്നത്." അയാൾ ആദ്യം ഒന്നും പറയാൻ കൂട്ടാക്കിയില്ല. പക്ഷെ ഞാൻ അയാളെ കൊണ്ട് പറയിച്ചു. ചുരുക്കം ഇതാണ്.

ഒരു സിനിമ കഥപോലെ. ഫോണിൽ വന്ന ഒരു മിസ്സ്‌ കോളിലൂടെയാണ് അവളെ പരിച്ചയപ്പെട്ടത്. ആ ബന്ധം പടർന്നു പന്തലിച്ചു പ്രണയം ആയി. ആ പ്രണയം ഫോണിൽ മാത്രം ഒതുങ്ങി നിന്നില്ല. നേരിട്ട് വളരെ കുറച്ചു തവണ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും അവൾ കാത്ത് സൂക്ഷിക്കേണ്ടിയിരുന്ന പലതും അയാളുമായി പങ്കു വച്ചു. വീട്ടിൽ അറിയിക്കാതെ ഉള്ള ബന്ധം ആയതിനാൽ വീട്ടിൽ വേറെ വിവാഹം ഉറപ്പിച്ചു.
"ഞങ്ങൾ രണ്ടു പേരും അതൊരു നേരം പോക്കയിട്ട് മാത്രമേ എടുത്തിരുന്നുള്ളൂ, എന്നിട്ട് ഇപ്പോൾ " എന്ന് പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു. മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയ ശേഷം അവർ തമ്മിൽ സംസാരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് മരിച്ചതും അറിഞ്ഞില്ല.

"അയ്യോ, ചേട്ടൻ എന്തിനാ കരയുന്നേ?" ഒരു സ്ത്രീ അയാൾ ആശ്വസിപ്പിക്കാൻ അടുത്ത് ചെന്നു.

"ഇതാരാണ്?"

"എൻറെ ഭാര്യ. ഇവളുടെ അമ്മ പനി പിടിച്ചു അഡ്മിട്ടാണ് ഇവിടെ" ഇത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു കൊച്ചുപെണ്‍കുട്ടി അച്ഛാ എന്ന് പറഞ്ഞു അയാളുടെ അടുത്തേക്ക് ഓടി എത്തി. ഞാൻ ഒന്നും മിണ്ടാതെ തിരികെ നടന്നു ഒരു ചായ കൂടി വാങ്ങിച്ചു അവിടെ വരാന്തയിൽ ഇരുന്നു.


ഈ മനുഷ്യനു വേണ്ടി അശ്വതി ആത്മഹത്യ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. എങ്കിൽ പിന്നെ ഇങ്ങനെ എന്ത് കൊണ്ട് സംഭവിച്ചു.?

അതെ, ജിത്തു ജോസഫ്‌ പറഞ്ഞത് സത്യമാണ്.

 " visuals can be deceiving "