About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 17, 2013

ഒരു SP കഥ


മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് നടന്നതിൽ വെച്ചു എന്നെ ഒരുപാട് ത്രില്ല് അടുപ്പിച്ച സംഭവമാണ് ഇത്. അത് വായനകാരിൽ ത്രില്ല് അടുപ്പിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. കാരണം basically ഇത് ഒരു SP കഥയാണ്. SP  എന്ന വാക്ക് മലയാളികൾക്ക്  വളരെ സുപരിചിതമായ വാക്കാണ്‌. ഒരുപക്ഷെ ഇതിന്റെ അർഥം അറിയാൻ സാധ്യത ഇല്ലാത്ത വിദേശികൾക്ക്  മാത്രമായി ഞാൻ അത് വ്യക്തമാകാം. സ്വയം പുകഴ്ത്തൽ. ഈ പറഞ്ഞതിൻറെ പൊരുൾ കഥ വായിക്കുമ്പോൾ താനെ മനസിലായിക്കോളും.

ഈ കഥ നടകുന്നത് കാശ്മീരിൽ ആണ്. ഞെട്ടണ്ട. ഇതിനാണ് അലങ്കാരീക ഭാഷ എന്ന് പറയുന്നത്. ചൂട് കാരണം ഗുഹ എന്നും ആഫ്രിക്ക എന്നും "അവതാരിക' യിൽ വിശേഷിപ്പിച്ച  വാർഡ്‌ 22 ൽ നിന്ന് ഹോസ്പിറ്റലിലെ പുരാതനമായ female വാർഡ്‌ 3 ൽ എത്തിയപ്പോൾ സത്യത്തിൽ കാശ്മീർ എന്ന് എനിക്ക് തോന്നിപ്പോയി. എന്തൊക്കെ ആയാലും എൻറെ ഹൗസ് സർജൻസി തറവാട് എന്ന് പറയുന്നത് വാർഡ്‌ 22 തന്നെ ആവും. അവിടുത്തെ സിസ്റ്റർമാരെ പിരിയാൻ ഭയങ്കര വിഷമം ആയിരുന്നു. കാശ്മീർ എന്ന് വിശേഷിപ്പിക്കാൻ കാരണങ്ങൾ രണ്ട് ഉണ്ട് . നല്ല കാറ്റും വെളിച്ചവും അല്പം തണുപ്പും ഉള്ളതാണ് ആദ്യത്തെത്. രണ്ടാമത്തേത്, ഭയങ്കര വെടി ശല്യം ആണ്. female വാർഡിലെ കാര്യം ആയതു കൊണ്ട് ആ വാക്കിൻറെ നാനാർത്ഥങ്ങളിൽ ഏതാണ് നിങ്ങൾ എടുക്കേണ്ടതെന്നു മനസിലാക്കിത്തരേണ്ടത്‌ എൻറെ കർത്തവ്യമാണ്.

വെടി  No 1. 
female വാർഡിലെ ഡോക്ടർ ടേബിളിൽ ഇരുന്നാൽ അത്യാവശം നല്ല   രീതിയിൽ 'വെടി'കൾ കേൾക്കേണ്ടി  വരും.  ചിലപ്പോൾ മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് പോലും ലഭികാത്ത മെഡിക്കൽ വിജ്ഞാനം നമ്മൾക് ലഭിച്ചു എന്ന് വരും.

വെടി  No 2. 
കാശ്മീരിലെ പോലെ ഇടൈയ്ക്ക് വെടി പോട്ടികൊണ്ടിരിക്കും.. അതായത് വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ചുമ്മാ വന്നു നമ്മളെ ശല്യപ്പെടുത്തി കൊണ്ടിരിക്കും.

male -female  വാർഡുകൾ തമ്മിലെ പ്രധാന വ്യത്യാസം ഇതാണ്.
ഉദാ :
"ഡോക്ടരേ, അമ്മടെ ദേഹത്ത് മുഴുവൻ ചുവന്നു വരുന്നു" dengue പനി ഉള്ള രോഗിയാണ്‌.. ബ്ലീഡിംഗ് ആയതാണോ എന്ന് പേടിച്ചു ഓടി ചെന്നു . വളരെ പെട്ടന്ന് തന്നെ ഞാൻ രോഗം കണ്ടു പിടിച്ചു.

"അമ്മേ, (രോഗിയുടെ bystander പത്തു വയസാന്നേലും എണ്‍പത് വയസാന്നേലും ഞങ്ങൾ ഇങ്ങനെ വിളിക്കാറുള്ളൂ), ഇത് ചുവന്ന bedsheet വിരിക്കുന്ന രോഗികളിൽ മാത്രം കണ്ടു വരുന്ന അപൂർവതരം രോഗമാണ്. അമ്മ ഒന്നുകിൽ bedsheet മാറ്റുക അല്ലെങ്ങിൽ ഫാൻ ഇടുക. തന്നെ മാറികോളും ."

male വാർഡിൽ എന്ത് സുഖം ആയിരുന്നു. "സാറേ, അച്ഛൻ ശ്വാസം വലിക്കുന്നില്ല കുറച്ചു നേരമായിട്ടു. എന്തേലും കുഴപ്പമുണ്ടോ?"  കുറച്ചു കൂട്ടി പറഞ്ഞതാണേലും പലപ്പോഴും death സ്ഥിതികരിക്കാൻ മാത്രമേ ഞങ്ങൾക്ക് വിളിവരൂ.

 female  വാർഡിലെ ആദ്യ അഡ്മിഷൻ ദിവസത്തിലെ വാർഡിലെ തിരക്കിൽ പൂർണ്ണ ആരോഗ്യവതിയായ ഒരു രോഗിയെ കണ്ടപ്പോൾ ഒരു ആകാംഷ തോന്നി. ഈ കഥയിലെ നായികയെ ഞാൻ ശ്രദ്ധിച്ചത് അതിൻറെ diagnosis കണ്ടിട്ടാണ്  'Seizures - ?hysterical '. പച്ച മലയാളത്തിൽ പറഞ്ഞാൽ, ജന്നി രോഗം അഭിനയിച്ചു വന്നിരിക്കുന്നു എന്നാണ് ക്യാഷുവാലിറ്റിയിൽ നിന്ന് പ്രഥമദൃശ്യ ഉള്ള നിഗമനം. പനി  പോലുള്ള അസുഖങ്ങൾ കുറെ അഭിനയിച്ചു കണ്ടിട്ടുടേലും ജന്നി അങ്ങനെ അഭിനയിച്ചു ഫലിപ്പിക്കനൊക്കെ പറ്റുമോ. അതും ഒരു ന്യുറോളജി ഹോസ്പിറ്റലിൽ നിന്നും റഫറൻസ് ഒക്കെ കിട്ടാൻ മാത്രം കഴിവോ. ഞാൻ ബഹുമാനപുരസരം അവരെയും അവരെ ശുശ്രുഷിക്കുന്ന ഭർത്താവിനെയും നോക്കി പുഞ്ചിരിച്ചു.

അഡ്മിഷൻറെ പിറ്റേദിവസം അഥവാ പോസ്റ്റ്‌ അഡ്മിഷൻ ദിവസം ഉച്ച സമയം ഒരു രണ്ടു മണിയായി കാണും അവരുടെ ഭർത്താവ് എന്റെ അടുക്കൽ  വന്നു പറഞ്ഞു " സാറേ , അനിതയ്ക്ക് തലവേദന തുടങ്ങി, സാധാരണ ജന്നി വെറും മുൻപ് അവൾ തലവേദന പറയാറുണ്ട്."

അപ്പോൾ ഞാൻ അനിതയുടെ കേസ് ഷീറ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾക് ആറുതവണ ജന്നി  വന്നതായി പറയുന്നുണ്ടെങ്ങിലും ഡോക്ടർമാർ ആരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

"ഞാൻ അങ്ങോട്ട്‌ വരാം. രോഗിയുടെ അടുത്ത് നിന്നോളു."

അങ്ങനെ പറയുന്നത് അവരെ സമാധാനിപ്പിക്കാനാണ് വളരെ വിരളമായ് മാത്രമേ തലവേദന എന്നൊക്കെ bystander വന്നു പറഞ്ഞാൽ ഞങ്ങൾ പോകാറുള്ളൂ. മിക്കപ്പോഴും തലവേദന കാരണം ഒന്നും ആവില്ല, ചുമ്മാ അവരുടെ രോഗിയെ വെറുതെ വന്നൊന്നു കാണാൻ വേണ്ടിയാണ് ഈ അടവോക്കെ എടുക്കാറ്.  ഞാൻ കേസ് ഷീറ്റ് ബാക്കി വായിച്ചു. 28 വയസ്സ് മാത്രമുള്ള ഈ യുവതി ജന്നി അഭിനയിക്കുകയാണ് എന്ന് ഞാനും ഉറപ്പിച്ചു. കാരണം, ഇവരുടെ ജനനി ആരും കണ്ടിട്ടില്ല എന്ന് മാത്രമല്ല. ഈ യുവതി ഒരു നേഴ്സ് ആണെന്ന് സംശയിക്കപ്പെടുന്നു. ഒരു നേഴ്സിന് ജന്നി അഭിനയിക്കനാണോ പ്രയാസം.

ഇനി എന്നെ അത് ഇത് എന്നൊക്കെ പറഞ്ഞു ആ bystander  വന്നു വിളിച്ചാൽ പറയേണ്ട ഡയലോഗ് മനസ്സിൽ ആലോചിച്ചു വെച്ചു.
" ഒഹോ , തലവേദനയാണോ. ഇതെന്തുവാ നാടകമോ? ആദ്യം തലവേദന, കുറച്ചു കഴിഞ്ഞു അസ്വസ്ഥത, അതും കഴിഞ്ഞു ജന്നി. ഈ നമ്പറൊക്കെ ഞങ്ങൾ കുറെ കണ്ടതാ. എന്താ നിൻറെ ലക്‌ഷ്യം. മെഡിക്കൽ സർട്ടിഫിക്കറ്റു ആണോ? അതിനു ഇത്രേം വല്യ നമ്പറൊക്കെ ഇറക്കണോ?"

ആലോചിച്ചു വെച്ചതൊക്കെ വെറുതെ ആയി. ഈ ഡയലോഗ് അടിച്ചില്ല എന്ന് മാത്രമല്ല. ഞാൻ പോവുകയും ചെയ്തു.. ഒന്നല്ല രണ്ടുതവണ, അവരുടെ ഭർത്താവിന്റെ മുഖത്തുള്ള നിസ്സഹായത എൻറെ മനസ് അലിയിച്ചു.

രണ്ടാമത്തെ തവണ ഞാൻ പോകുമ്പോൾ ഏതാണ്ട് 4 മണിയോളം ആയികാണും. ഞാൻ ചെന്നപ്പോൾ കാണുന്ന കാഴ്ച അനിതയുടെ കൈയും കാലുമൊക്കെ കോച്ചി പിടച്ചു . ശരിരത്തിലെ muscles  എല്ലാം വലിഞ്ഞു മുറുകി.
അതെ, ഇതു  ജന്നി  തന്നെ.

Interval കഴിഞ്ഞ സിനിമ പോലെ കഥയുടെ ഗതി മാറി.

ഈ  സമയത്ത്  ഞാനും നിങ്ങളും മനസിലാക്കേണ്ട  രണ്ടു കാര്യങ്ങളുണ്ട്.

1. എനിക്ക് പൊതുവെ അപസ്മാരം പേടിയാണ്.

 2. ഈ സമയത്ത് വാർഡിൽ ഉള്ള ഏക ഡോക്ടർ ഞാൻ മാത്രമാണ്. ബാക്കി ഉള്ളവർ ഏതാണ്ട് 48 മണിക്കൂർ ഡ്യൂട്ടിക്കു ശേഷം ഉറങ്ങാൻ പോയേക്കുകയാണ്. അതുകൊണ്ട് തന്നെ ഈ seizure ഞാൻ തന്നെ crack ചെയ്യേണ്ടി വരും. പഴയ കഥയിലെ മാലാഖയെ പോലെ ഇന്ന് എന്നിലെ sherlock holmes ഉണർന്നു . എന്ത് കൊണ്ടാണ് ഈ ജന്നി  വരുന്നത്.? മുൻപ് കിടന്ന ഹോസ്പ്പിട്ടലിലും ഇവിടെയുമായി ചെയ്ത ടെസ്റ്റുകളിൽ നിന്നു ഒന്നും ലഭിച്ചില്ല.

ജന്നിക്ക് സാധാരണ ആയി കൊടുക്കാറുള്ള diazepam, phenytoin എന്നി മരുന്നുകൾ ഒക്കെ ഞാൻ കൊടുത്തു. മരുന്ന് കൊടുത്തതിൻറെ ഫലം കണ്ടു തുടങ്ങിയ സമാധാനത്തിൽ ഞാൻ തിരികെ കസേരയിൽ പോയ്‌ ഇരുന്നു. പക്ഷെ, 5 മിനിട്ടുകൾക് ശേഷം അവർ വീണ്ടും എന്നെ വന്നു വിളിച്ചു.

diazepam ഉം phenytoin ഉം കൊടുത്തിട്ടും മാറാത്ത അപസ്മാരം, ഞാൻ പിടിച്ചാൽ ഇത് നില്കില്ല എന്ന് മനസിലാക്കി. എന്ത് ചെയ്യും എന്നറിയാതെ പകച്ചു ഞാൻ വീണ്ടും അവരെ ഒന്ന് സൂക്ഷിചു നോക്കി.

എൻറെ മനസ്സിൽ കൂടി കുറെ മെഡിക്കൽ വാക്കുകൾ കടന്നു പോയി. chevstok's sign, trousseau's sign, carpopedal spasm.. കാലുo കൈയും വലിഞ്ഞു മുറുകിയതെല്ലാം  വിരൾ ചൂണ്ടുന്നത് ഇതിലോട്ടാണ്. ഹൈപോകാൽസിമിയ (hypocalcemia ). എന്ത് മരുന്ന് കൊടുക്കണം എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ഉടനെ തന്നെ ചിറ്റ് പേപ്പറിൽ calcium gluconate  വാങ്ങാൻ എഴുത്ത് കൊടുത്തു വിട്ടു.

ആ മരുന്ന് കൊടുത്തിട്ട് ആ ബെഡിന്റെ അരികിൽ തന്നെ ഞാൻ കുറെ നേരം ഇരുന്നു.. കൂടെ കൂടെ പോയി വേരണ്ടല്ലോ. പുറത്ത്  അതിരു കവിഞ്ഞ അത്മവിശ്വസം കാണിക്കുമ്പോഴും ഉള്ളിൽ ഭയം ഏറി വന്നു കൊണ്ടിരുന്നു. കാരണം calcium gluconate കൊടുത്തിട്ടും കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.

ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. എന്ത് കൊണ്ടാണ് ഇവർക്ക്  ഹൈപോകാൽസിമിയ (hypocalcemia ) ഉണ്ടാവുന്നത്? ഒരു എത്തും പിടിയും കിട്ടുന്നില്ല. ഹൈപോകാൽസിമിയ ആയിട്ട് തന്നെ എന്ത് കൊണ്ട് calcium gluconate മരുന്നിനോട് പ്രതികരികുന്നില്ല. രോഗി കട്ടിലിൽ കിടന്നു പിടയുമ്പോൾ ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.  ഹൈപോകാൽസിമിയ വരുത്താൻ സാധ്യതയുള്ള ഒരുമാതിരി എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ ഞാൻ ചോദിച്ചു. ഒന്നും  അവരുടെ അടുത്തുകൂടെ  പോലും പോയിട്ടില്ല.

അവസാനം അറ്റകൈ ശ്രമമായി, ജന്നി അടിച്ചു കൊണ്ടിരിക്കുന്ന ആ രോഗിയോട് ഞാൻ പറഞ്ഞു. "അമ്മ, സമാധാനമായിട്ടിരിക്ക്. എല്ലാം ശരിയാവും." ഇതല്ലാതെ ഞാൻ എന്ത് പറയാനാ. എനിക്ക് ഒന്നും മനസിലാവുന്നില്ല.

അപ്പോഴേക്കും ജന്നി തുടങ്ങി ഒരുമണിക്കൂറിനു മുകളിൽ ആയികാണും.. (എൻറെ തീ തിന്നലും). ഞാൻ ഇടൈയ്ക്ക് resident ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു. എത്ര ധൈര്യം കാണിച്ചിട്ടും, അനിതയുടെ ഭർത്താവ് എൻറെ നിസഹായവസ്ഥ കണ്ടു പിടിച്ചിരുന്നു ആ സമയം കൊണ്ടു. അവർ എന്നോട് ഇങ്ങോട്ട് ഓരോ ചികിത്സ രീതികൾ പറയാൻ തുടങ്ങി. "സാറേ, ഒക്സിജൻ സിലിണ്ടെർ വെയ്ക്കണ്ടായോ?" സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ അടിക്കാറുള്ള ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

" നിങ്ങൾക്ക് ചികിത്സിക്കാൻ അറിയാമെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വരുന്നേ?" പക്ഷെ ഈ അവസ്ഥയിൽ ഞാൻ ഒരു അക്ഷരം പോലും മിണ്ടിയില്ല. അതിന്റെ ആവശ്യമില്ല എന്ന് ഞാൻ അവരെ പറഞ്ഞു മനസിലാക്കി. എന്നാൽ എൻറെ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അധികം വൈകാതെ തന്നെ  ഒക്സിജൻ സിലിണ്ടെർ എടുക്കേണ്ടി വന്നു.

ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടില്ലേ. ഞാൻ അന്ന് അനുഭവിച്ചു. എടുത്തു കൊണ്ട് വച്ച  സിലിണ്ടെർ കാലി ആയിരുന്നു. അടുത്തത് എടുക്കാൻ നോക്കിയപ്പോൾ, അത് തുറക്കുന്നില്ല. നല്ലതെല്ലാം വാർഡിലെ critical രോഗികൾ ഉപയോഗിക്കുന്നു.

ഞാൻ ഇങ്ങനെ അന്തവും കുന്തവും കിട്ടാതെ നിൽകുമ്പോൾ അനിതയുടെ ഭർത്താവി നു എന്നിൽ ഉള്ള വിശ്വാസം മുഴുവൻ പോയിരുന്നു. " സാറേ, ഞങ്ങൾക്ക്  ഒരു ആംബുലൻസ് വേണം അനിതയെ വേറൊരു ആശുപത്രിയിൽ കൊണ്ട് പോകണം. അല്ലെങ്കിൽ ഇവിടെ ഇപ്പൊ ഒരു ഒക്സിജൻ സിലിണ്ടെർ എത്തിക്കണം"

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. നേരെ രോഗിയെ ട്രോളിയിൽ കേറ്റി ICU വിലേക്ക് കൊണ്ട് പോയി. അവിടെ ICU ഡോക്ടർ രോഗിയെ 1 മിനിട്ട് പോലും നോക്കിയില്ല, എൻറെ  നേരെ തിരിഞ്ഞിട്ട് " നീ അവരുടെ മൂക്കും വായും പൊത്തി പിടിക്ക്."

"സർ, ശ്വാസം മുട്ടി വന്നേകുന്ന രോഗിയാണ്. അവരെ വീണ്ടും ശ്വാസം മുട്ടിക്കാണോ?"

"എന്താ, നിനക്ക് വയ്യേ? എങ്കിൽ ഞാൻ ചെയ്യാം." എന്ന് പറഞ്ഞിട്ട് ആ ഡോക്ടർ അനിതയുടെ മൂക്കും വായും പൊത്തിപിടിച്ചു. അത്ഭുതം എന്നോണം അവരുടെ വലിഞ്ഞു മുറുകിയ ശരീരം ശാന്തമായി. അതിനു ശേഷം അവരെ ഒരു പ്ലാസ്റ്റിക്‌ കവറിനു ഉള്ളിലേക്ക് ശ്വസിപ്പിച്ചു. മൊത്തത്തിൽ നോർമൽ ആയി അവർ. ഇപ്പോഴാണ്‌ എനിക്ക് എന്തൊക്കെയോ കത്തി തുടങ്ങിയത്.

കിട്ടിയാൽ പോരട്ടെ എന്ന് വിചാരിച്ചു ഞാൻ ഒരു നമ്പർ പയറ്റി നോക്കി.

" അനിത, ഇപ്പൊ ഞാനും നീയും മാത്രമേ ഉള്ളു ഇവിടെ. എനിക്കറിയാം. നീ എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്നു. എന്താണ് വിഷമം എന്നുള്ളത് ഇപ്പോൾ തുറന്നു പറഞ്ഞാൽ, എല്ലാം ശരിയാവും."

ഇതു പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അനിത. ഞാൻ സന്തോഷത്തോടെ ആശ്വസിപ്പിച്ചു.

അവൾ തേങ്ങി തേങ്ങി കുറെ കാര്യങ്ങൾ പറഞ്ഞു. അതൊക്കെ താഴെ സംഗ്രഹിക്കാം. 

അവൾ ജനിച്ചപ്പോഴേ പെണ്‍കുട്ടി ആണെന്നറിഞ്ഞു അച്ഛൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. രണ്ടു വർഷം കഴിഞ്ഞു ഇവളെ അമ്മ സ്വന്തം വീട്ടിൽ ഏല്പിച്ച്‌ മദ്യപാനിയായ അച്ഛനൊപ്പം പോകേണ്ടി വന്നു. പിന്നിട് അവൾക്കു രണ്ടു അനുജന്മാർ ജനിച്ചു എങ്കിലും അച്ഛൻറെ അവഗണനയും ഉപദ്രവവും കുറഞ്ഞില്ല. ഈ സാഹചര്യങ്ങൾ ഒന്നും അവളെ തളർത്തിയില്ല . നന്നായി പഠിച്ചു പ്രീ ഡിഗ്രീ പാസ്സായി. ഒരു നേഴ്സ് ആവാൻ അവൾ ആഗ്രഹിചെങ്കിലും അവളെ ചെറിയ ഏതോ ഒരു കോഴ്സ് പഠിച്ചു. അതു തീരും മുൻപ് കെട്ടിച്ചും വിട്ടു. 

വിവാഹം കഴിഞ്ഞുള്ള കാര്യങ്ങൾ ഒന്നും അവൾ പറയാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും അവൾ വളരെ സാധാരണ സ്ഥിതിയിലേക്ക് മാറിയിരുന്നു. ഞാൻ കുറെ ആശ്വസിപിച്ചു വീണ്ടും സംസാരിപ്പിക്കാൻ ശ്രമിച്ചു.

അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. ആ സംസാരത്തിന്റെ ഇടയിൽ ഒരുപാട് തവണ അവൾ ഇങ്ങനെ പറഞ്ഞു. "എൻറെ ചേട്ടന് എന്നെ വളരെ ഇഷ്ടമാ, ചേട്ടന് എന്നെയും."

വിവാഹം കഴിപ്പിച്ചു വിട്ട വീട്ടിലും പ്രശ്നങ്ങൾ ആരുന്നു. ഭർത്താവിൻറെ മാതാപിതാക്കൾക്ക് അവരുടെ മകനെ നല്ല സ്ത്രീധനം വാങ്ങിച്ചു കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, അയാൾ പാവപെട്ട ഒരു വീട്ടിലെ കുട്ടിയെ കെട്ടി  സ്ത്രീധനം ഒന്നും വാങ്ങാതെ. അതിനുള്ള കാരണം, അയാളുടെ സഹോദരിമാരെ ഒരുപാട് ബുദ്ധിമുട്ടിയാണ് അയാൾ  കെട്ടിച്ചയച്ചത്‌  എന്ന് അവൾ പറഞ്ഞു. സ്ത്രീധനം നല്കാത്തതും, അവളുടെ അച്ഛൻ മദ്യപാനി ആണെന്നും ഒക്കെ പറഞ്ഞു ഭർത്താവിൻറെ വീട്ടുകാർ അവളെ ഉപദ്രവിക്കാൻ തുടങ്ങി. അവളെ കുത്തുവാക്കുകളിലൂടെയും അല്ലാതെയും അവർ ദ്രോഹിച്ചു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ."

ഞാനും നിങ്ങളും എല്ലാം ചിന്തിക്കുക അവളെ  ബാത്ത് റൂമിൽ പോലും പോകാൻ സമ്മതികാതെ പണി ചെയ്യിക്കുക ആയിരിക്കും എന്നല്ലേ? പക്ഷെ, ഈ ഡയലോഗിൻറെ ബാക്കി കാര്യം കേട്ടപ്പോൾ ഞാൻ മനസിലാക്കി അവൾ എത്രമാത്രം മാനസിക പീഡനം എല്ക്കുന്നുണ്ടെന്നു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ. ഭയങ്കര നാറ്റം ആണെന്നും പറഞ്ഞു"

എനിക്ക് അവളെ ആശ്വസിപ്പിക്കാൻ പറ്റില്ല. ഞാൻ അത്രമാത്രം തകർന്നു പോയി  അത് കേട്ടപ്പോൾ. ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് നടന്നു. അപ്പോൾ അവൾ എൻറെ കയ്യിൽ കയറി പിടിച്ചു.
 "സാർ, ഇത് എൻറെ ഭർത്താവിനോട് പറയല്ലേ ദയവുചെയ്ത്. ചേട്ടന് ഇതൊന്നും അറിയില്ല. ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടൻറെ മുന്നില് വെച്ച് ഇങ്ങനെ ഒന്നും ചെയ്യാറില്ല. ഇതൊക്കെ അദ്ദേഹം അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല."

അതെ, സ്വന്തം ഭർത്താവിൻറെ സന്തോഷത്തിന് വേണ്ടി എല്ലാം സഹിച്ചു, ആരോടും ഒന്നും പറയാൻ ആവാതെ അവൾ സ്വയം സഹിച്ചു. മനസ്സിനു താങ്ങാവുന്നതിനും അപ്പുറം ആയപ്പോഴേക്കും അത് അപസ്മാരം ആയി പുറത്തു വന്നു. മാനസിക വിഷമം എങ്ങനെ ഹൈപോകാൽസിമിയ ഉണ്ടാകുന്നു വെന്നും ജന്നി ഉണ്ടാകുന്നു എന്നും ഞാൻ ഇവിടെ പറഞ്ഞാൽ ഇതൊരു കഥയ്ക്ക് പകരം മെഡിക്കൽ പേപ്പർ ആയി മാറും എന്നതിനാൽ ഞാൻ എഴുതുന്നില്ല.

അവളുടെ അവസാന അഭ്യർത്ഥന എനിക്ക് പാലിക്കാൻ പറ്റിയില്ല. മെഡിസിൻ ICU ൻറെ പുറത്ത് വന്ന എന്നെ കാത്ത് അനിതയുടെ ഭർത്താവ് ആകാംഷയോടെ  നില്പ്പുണ്ടായിരുന്നു.

"സാർ, എങ്ങനുണ്ട് അവൾക്? എന്താണ് അവളുടെ അസുഖം? ഞാൻ ഇനി എവിടെ പോകാനാണ്. ആശുപത്രികൾ കേറി മടുത്തു."

"അസുഖം ഞാൻ കണ്ടുപിടിച്ചു. അതിനുള്ള മരുന്ന് ഈ ആശുപത്രിയിൽ ഇല്ല. ആ മരുന്ന് കൈയിൽ ഉള്ള ഒരാളെ എനിക്കറിയാം."

" എത്ര കഷ്ടപ്പെട്ടായാലും എത്ര കാശു മുടക്കേണ്ടി വന്നാലും ഞാൻ അത് വാങ്ങി കൊണ്ട് വരാം. അതാരാണ് സർ?"

"അയാൾ താങ്ങൾ തന്നെയാണ്. നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു." ഞാൻ അയാളോട് ഒരു മണിക്കൂറോളം സംസാരിച്ചു.

"ഇത്രയൊക്കെ വിഷമങ്ങൾ അവൾക്ക് ഉണ്ടായിരുന്നു എന്നെനിക്കു അറിയില്ലായിരുന്നു സാറേ. ഞാൻ എൻറെ സാധാരണ ജോലിക്ക് പുറമേ അവൾ അറിയാതെ കൂലി വേല  ചെയ്താണ് സാറേ. അവളെ നഴ്സിംഗ് പഠിക്കാൻ കൊണ്ടാക്കിയത്‌ 2 മാസം മുൻപ്... " ഇത്രയും പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു.

അടുത്ത രണ്ടു ദിവസം ജന്നി ഒന്നും വന്നില്ല. ഞാൻ ഈ കഥ ഞങ്ങളുടെ മെഡിസിൻ യുണിട്ടിലെ Dr . അരുണ മാഡത്തോട്‌ ഞാൻ പറഞ്ഞു. എൻറെ diagnosis ൻറെ  guarantee ഇൽ അവരെ ഡിസ്ചാർജ് ചെയ്തു.

രണ്ടു ആഴ്ചക്ക് ശേഷം ഒരു തിരക്കുള്ള ക്യാഷുവാലിട്ടി ദിവസം അവർ വീണ്ടും വന്നു. ഞാൻ ഞെട്ടി പോയി. വീണ്ടും പഴയ പ്രശ്നങ്ങളുമായിട്ടാണോ അവർ വന്നത്.

"അയ്യോ, ഡോക്ടർ പേടിക്കണ്ട. ഞങ്ങൾ സാറിനെ കണ്ടു നന്ദി പറയാൻ വന്നതാ. അവൾക് ഇപ്പോൾ അസുഖം ഒന്നുമില്ല. ഞങ്ങൾ ഇപ്പോൾ ഒരു വാടക വീട് എടുത്തു മാറി. ഇവൾ വീണ്ടും പഠിക്കാൻ പോയി തുടങ്ങി. ഒരുപാട് നന്ദി ഉണ്ട് സാറേ"

അപ്പോഴാണ്‌ ഞാൻ ദൂരേ നിന്ന് അനിത നടന്നു വരുന്നത് കണ്ടത്. വാർഡിൽ കണ്ടപോലെ അല്ല, നല്ല സുന്ദരിയായി ഒരുങ്ങി മകളെ ഒക്കത്ത് വെച്ച് സന്തോഷത്തോടെ എൻറെ അടുത്ത് വന്നു. അത് അനിത ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. 

"സാർ, മാത്രമേ എന്നോട് സംസാരിക്കാൻ ശ്രമിച്ചുള്ളു. ഒരുപക്ഷെ സാർ ഇടപെട്ടില്ലയിരുന്നു എങ്കിൽ,......."

ബാക്കി, നിങ്ങൾ ഇഷ്ടമുള്ള പോലെ പൂരിപ്പിച്ചോ. കാരണം, അത് ഞാൻ പറഞ്ഞാൽ  SP ആണ്.

ഈ സംഭവം കൊണ്ട് എനിക്ക് 2 കാര്യങ്ങൾ കിട്ടി.

1. അപസ്മാരതോടുള്ള പേടി പോയ്‌.

2. മരുന്നല്ല എല്ലാ രോഗത്തിനുമുള്ള പ്രതിവിധി.!!!!!
No comments:

Post a Comment