About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 10, 2013

സ്മിത

housesurgeoncy diaries/ Medicine diaries/ സ്മിത"സുജിത്തേ, നിന്നെ കാണണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. നിനക്ക് സരോജ് കുമാറിനെ ഓർമയില്ലേ?"

അനെസ്തേഷ്യപോസ്റ്റിങ്ങ്‌ ഹൗസ് സർജൻസിയിൽ ഇല്ലാത്തത് കൊണ്ട്, ഒരു സ്പെഷ്യൽ CPCR ക്ലാസ്സ്‌ ഞങ്ങൾക്ക് വേണ്ടി ക്രമികരിച്ചിരുന്നു. ഒരു ദിവസം 15 പേർക്ക് കയറാം. അതിൽ പങ്കെടുക്കാൻ സർജറി ലെക്ചർ ഹാളിൻറെ പുറത്തു കാത്തിരുന്നപ്പോളാണ് എൻറെ പഴയ ലേഡി അസിസ്റ്റന്റ്‌ ഹൗസ് സർജൻറെ ഈ ചോദ്യം. അസിസ്റ്റന്റ്‌ ഹൗസ് സർജൻ എന്ന് കേട്ടപ്പോൾ കണ്‍ഫ്യൂഷൻ ഒന്നും വേണ്ട.  triageഇൽ നിന്ന് രണ്ടു ഹൗസ് സർജൻമാർ ഓരോ അഞ്ചു ദിവസവും മെഡിസിനിലോട്ട് വിടാറുണ്ട്. ആദ്യത്തെ മൂന്നു ആഴ്ച അതിൽ ഒരാളേ ഞങ്ങളുടെ male വാർടിലോട്ടുo. അങ്ങനെ വരാറുള്ളവർക്ക് ഞാൻ തന്നെ നല്കിയ പേരാണ്‌ അസ്സി:ഹൗസ് സർജൻ..

സരോജ് കുമാറിനെ എനിക്ക് ഓർമ്മ വന്നു. പക്ഷെ അയാളെ നിങ്ങൾക്ക് പരിചയപെടുത്തുന്നത്തിന്റെ മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്--- DSH

****************************************************************


DSH..  അതെന്തുവാ സാധനം? ഞാൻ പി. ജി ഡോക്ടറോട് ചോദിച്ചു." Deliberate Self Harm".

"രണ്ടു പേരുടെയും diagnosis ഒന്ന് തന്നെ ആണല്ലോ.  "

"ടാ  , അത്മഹത്യാശ്രമം പത്തുവയസ്സുക്കാരൻ  നടത്തിയാലും ഇരുപത്തിമൂന്നുക്കാരൻ നടത്തിയാലും രണ്ടിനും ഒരേ പേരുതന്നെ വിളിക്കുള്ളു."

suicidal attempt എന്ന് എഴുതിയാൽ പോരെ എന്ന് ചിന്തിച്ചു ഞാൻ. എന്തായാലും ഇപ്പോൾ  കാര്യം മനസിലായല്ലോ. DSH എല്ലാ മെഡിസിൻ admission ദിവസങ്ങളിലും ഒരു അഞ്ചാറുഎണ്ണം എങ്കിലും കാണാറുണ്ട്. എങ്ങനൊക്കെ ആത്മഹത്യ ചെയ്യാം എന്ന വിഷയത്തിൽ പ്രസംഗിക്കാൻ പറഞ്ഞാൽ ഞാൻ തന്നെ ആവും ഒന്നാം സ്ഥാനക്കാരൻ.

1. ഏലി വിഷം
2. ഫുരുടാൻ, മലതിയോൻ അങ്ങനെ കുറെ organophosphorus സാധനങ്ങൾ
3. കിണറ്റിൽ  എടുത്തു ചാടൽ
4. കൈയിൽ ബ്ലേഡ് വെച്ച്  മുറിക്കൽ (പഴയ നമ്പർ )
5. ആസിഡ്, മണ്ണെണ്ണ കുടിക്കൽ 

ഈ കാലഘട്ടത്തിൽ  തൂങ്ങാനുള്ള ധൈര്യം ഒന്നും ആർക്കുമില്ല.

ഇതിൽ നിന്നെല്ലാം ഉപരിയായി ഇപ്പോൾ കണ്ടു വരുന്ന പ്രതിഭാസമുണ്ട്. അതീവ ധൈര്യശാലികൾക്കു മാത്രമേ അത് ചെയ്യാൻ പറ്റു.
 കണ്ണിൽ  കാണുന്ന മരുന്ന് എടുത്തു കഴിക്കും.
ഉദ :  mutliple tabs of paracetamol, or salbutamol or thyroxine etc etc

പാരാസിട്ടമോളൊക്കെ ഒരുപടെടുത്ത് കഴിച്ചാൽ കരളടിച്ചു പോവുകയേ ഉള്ളു, ചാകത്തില്ല എന്നൊക്കെ അറിയാവുന്നവർ ചുരുക്കം. പ്രതിരോധകുത്തിവെയ്പ്പിനെ പറ്റി ബോധവൽകരണം കൊടുക്കുന്നപോലെ ഈ കാര്യത്തിലും ഇനി ബോധവൽകരണം ആവാം. ഒന്നും വേണ്ട, എന്തിനും ഏതിനും ഗൂഗിൾ തിരയുന്ന ഇവർകൊക്കെ വ്യത്യസ്ഥമായ വഴികൾ കണ്ടെത്തി കൂടെ?

ഇനി കഥയിലേ നായകനിലേക്ക് വരാം. ഇത്തവണ നായകൻ  എന്ന് പറയാൻ പറ്റില്ല. നായകർ എന്ന് വേണം പറയാൻ കാരണം രണ്ടുപേരുണ്ട്. ആ അഡ്മിഷൻ ദിവസം ബുധനാഴ്ച അവർ രണ്ടു പേരും ഏകദേശം ഒരേ സമയതായിട്ടാണ് വന്നത്.

സരോജ് കുമാർ, 23 : പേര് കേട്ടപ്പോൾ തന്നെ ഉദയനാണ് താരത്തിലെ കഥാപാത്രം തന്നെയാണ് മനസ്സിൽ വന്നത്.. ആളെ കണ്ടാലും 1990കളിലെ ശ്രീനിവാസനെ പോലെ  തന്നെ ഉണ്ട്. കുറച്ചു കൂടി പൊക്കമുണ്ട്.
എന്താ വന്നതെന്ന് ചോദിച്ചപ്പോൾ ഒരു കൂസലുമില്ലാതെ എലിവിഷം കഴിച്ചെന്നു പറഞ്ഞു.

ബാലു, 10 : സത്യൻ അന്തികാടിന്റെ 'വിനോദയാത്ര' എന്ന സിനിമയിലെ "പാലും പഴവും കൈകളിൽ  ഏന്തി" എന്ന് പാടുന്ന പയ്യനെ പോലെ ഇരിക്കും ബാലുവിനെ കണ്ടാൽ. വളരെ ക്ഷീണിച്ചു അവശയാനായ പോലെ (ചുമ്മാ അഭിനയം) ആണ് അവൻറെ അമ്മ അവനെ കൊണ്ട് വന്നത്ത്.

"എന്താ കാര്യം ഇവിടെ കൊണ്ട് വരാൻ?" ഞാൻ ചോദിച്ചു

"മരുന്ന് കഴിച്ചു."

"മരുന്ന് കഴികുന്നത് നല്ലതല്ലേ. എന്ത് അസുഖത്തിനാണ് കഴിച്ചേ?"

എനിക്ക് കാര്യം മനസിലായില്ല എന്ന് തോന്നി അമ്മ ഇടയ്ക്ക് കേറി സംസാരിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അവരെ ശ്രദ്ധിക്കാതെ വീണ്ടും ബാലുവിനോട് തന്നെ സംസാരിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.
അല്പനേരം കഴിഞ്ഞ് 

"മരുന്ന് കൂടുതൽ കഴിച്ചു" അവൻ പറഞ്ഞു 

"അയ്യോ പാവം വിശപ്പ്‌ സഹിക്കാൻ വയ്യഞ്ഞിട്ടാണോ?" 
മറുപടി ഒന്നുമില്ല.

ഇനി അമ്മയ്ക്കുള്ളത്, "ഇവന് വീട്ടില് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ?"
വീണ്ടും മറുപടി ഒന്നുമില്ല. 
ഈ കാച്ചിയ ഡയലോഗ് ഒന്നും ഞാനായിട്ട് ഉണ്ടാക്കിയതല്ല. വരുന്ന എല്ലാ DSH കാരോടും സീനിയർ ഡോക്ടർമാർ പറയാറുള്ളതാണ്. ചൊറി പകരുന്ന അസുഖമാണെന്ന് പഠിച്ചത് ഉള്ളതാണ്. കുറെ കാലം ചൊറി കേട്ട് കേട്ട് ഞാനും നന്നായി ചൊറിയാൻ പഠിച്ചു. :-)

അഡ്മിറ്റ്‌ ചെയ്യപെടുന്ന രോഗികൾ വാർഡിലെ ആദ്യ രണ്ടു ദിവസം PSC വഴി സർക്കാർ ജോലിയിൽ പ്രവേശികുന്നവരെ പോലെയാണ്. ആദ്യം ഒരു ഓണം കേറാ മൂലയിലോട്ടു, പിന്നെ വലിയ രോഗികൾ (തലച്ചോറിൽ ബ്ലീഡ്, സർജറി കഴിഞ്ഞ രോഗികൾ, ഹൃദയഘാതം വന്ന്  ICUഇൽ thrombolyse ചെയ്തവർ)  വരുന്നതനുസരിച്ച് കട്ടിലുകൾ മാറി മാറി ഒടുവിൽ വെറും തറ തന്നെ ശരണം എന്ന് പറഞ്ഞു. നിലത്തും വരാന്തയിലും കിടക്കേണ്ടി വരും. 

നമ്മുടെ നായകന്മാർ ഇതുപോലെ ആയിരുന്നു. ആദ്യം വന്നപ്പോൾ നല്ല കട്ടിലിൽ നിവർന്നു കിടന്നു. പിന്നെ രണ്ടുപേരും കൂടി  ഒരു കട്ടിലിൽ, അവസാനം തറയിൽ, വാർഡിലെ തിരക്കോക്കെ മാറിയപ്പോൾ അവർ രണ്ടു പേരും അടുത്തുള്ള കട്ടിലുകളിൽ തന്നെ എത്തി.

DSH - മണ്ണെണ്ണയോ ആസിടോ കഴിച്ചി ട്ടുള്ളതല്ലെങ്ങിൽ, എഴുതുന്ന ആദ്യ രണ്ടു  orderഉകൾ 
1. NPO   (വിവ: Nil per oral, പച്ച മലയാളത്തിൽ പട്ടിണിക്ക് ഇടുക)
2. RTA    (വിവ : ryles tube aspiration, മൂക്കിൽ കുഴൽ ഇടുക)

ഈ രണ്ടു കാര്യങ്ങൾ കേസ് ഷീറ്റിൽ എഴുതാൻ എനിക്ക് ഭയങ്കര സന്തോഷമാണ്, അവ എഴുതാൻ ആരേലും മറന്നു പോയാൽ ഞാൻ ഓർമിപ്പിക്കും. ഇവ രണ്ടും ചെയുന്നത് ചികിത്സരീതിയിൽ പറഞ്ഞിട്ടുള്ളത് തന്നെ എങ്കിലും, മറ്റൊരു വ്യത്യസ്തമായ കാര്യം കൂടി ചെയ്യുന്നുണ്ട്. പട്ടിണി കിടന്നു മൂക്കിൽ കുഴലും ഇട്ടു മൂന്ന് ദിവസം കിടക്കുന്ന ഒരുത്തന്നും പിന്നിട് ആത്മഹത്യ ചെയ്യാൻ തോന്നുകില്ല.

ഈ കാര്യം ഞാൻ ഒരു തവണ എനിക്കൊപ്പമുള്ള ഒന്നാം വർഷ പി. ജി. ചേട്ടൻ ഡോ. അതുലിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി

"you are a sadist, my boy". 
(പിന്നിട് ഇതുവരെ ഞാൻ ആ ഗുട്ടൻസ് ആരോടും പറഞ്ഞിട്ടില്ല)

നമ്മുടെ നായകന്മാർ രണ്ടുപേരും ഒരു കട്ടിലിൽ ആയിരുന്നപ്പോള്ളാണ് , ഞാൻ ryles  ട്യൂബ് ഇടാൻ ചെന്നത്, സരോജിനാണ് ആദ്യം ഇട്ടത്. അടുത്തിരുന്ന് ബാലു അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ ആശ്വാസവാക്കുകൾ സരോജിനു നന്നായി ഉപകരിച്ചു കാരണം രണ്ടാമത് ബാലുവിന് ഇട്ടപ്പോൾ അതെ വാക്കുകൾ തന്നെ സരോജ് ആവർത്തിച്ചു. 

ആത്മഹത്യശ്രമം നടത്തി അഡ്മിറ്റായാൽ ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും, കുറച്ചു ദിവസം ഒബ്സെർവെഷനുവേണ്ടി കിടത്തിയ ശേഷം മാത്രമേ  ഡിസ്ചാർജ് ചെയ്യു. അഡ്മിറ്റ്‌ ആകുന്നത്തിന്റെ പിറ്റേന്ന് മുതൽ ചോദിച്ചു തുടങ്ങും  സാറേ, ഡിസ്ചാർജ് തീരുമോ, ഡിസ്ചാർജ് തീരുമോ, എന്ന്. പതിവുപോലെ ഇവരും ചോദിച്ചു. വിട്ടില്ല.

പിന്നെ ചോദിക്കാതെ  ആയപ്പോൾ, ഞാൻ പതിയെ രണ്ടു കൂട്ടരെയും ശ്രദ്ധിച്ചു  തുടങ്ങി. അവരിപ്പോൾ വല്യ ഫ്രണ്ട്സ് ആയി. പതിയെ രോഗികൾ  ഒക്കെ ഡിസ്ചാർജ് ആയ തുടങ്ങിയപ്പോൾ, അവർ snake and ladder ഉം നാടൻ കളികളും ഒക്കെ തുടങ്ങി. ഞാനും പതിയെ ജാഡ ഒക്കെ വിട്ടു. അവരോടു കമ്പനി അടിച്ചു തുടങ്ങി. രണ്ടു പേരും എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് കണ്ടുപിടിക്കൽ ആയിരുന്നു എൻറെ ആദ്യ ഉദ്യമം.

ബാലുവിൻറെ കാര്യം വളരെ സിമ്പിൾ ആയിരുന്നു. ക്ലാസ്സിൽ പഠിക്കാത്തത്തിനു വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞു. അവൻ ആരും ഇല്ലാതിരുന്ന സമയത്ത് കുറെ പരസിടമോൾ കഴിച്ചു. വന്നു രണ്ടു ദിവസം കൊണ്ട് തന്നെ ബാലു സിസ്റ്റർമാരുടെയും കൂടെയുള്ള ലേഡി ഹൗസ് സർജൻന്റെയും ഒക്കെ കണ്ണിലുണ്ണിയായി. പെണ്‍ വർഗത്തിന് ഒരു സ്പെഷ്യൽ frequency  ഉണ്ടെന്ന് മനസിലായി. ഞാൻ പിടിചെടുക്കാത്ത രണ്ടു കാര്യങ്ങൾ അവർ കണ്ടെത്തി.

1. അവൻ ഒരു dancer ആണെന്ന്.. ചെറിയ ആളൊന്നുമല്ല. അവൻറെ ഡാൻസ് youtube ഇൽ നിന്ന് ഞാനും സരോജും ബാലുവും ഒരുമിച്ചിരുന്നു കണ്ടു ഒരു ദിവസം. 

2. സിസ്റ്റർ പറഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് " ഡോക്ടർജി, അവൻറെ മുടി നോക്കിയോ?" . അവൻറെ മുടി ഗ്രെയ് ചെയ്തിട്ടുണ്ട്. ഒരു പത്തു വയസുകരാൻ അങ്ങനെ ചെയ്തതാകാം ഈ അത്ഭുതത്തിനു കാരണം എന്ന് ഞാൻ ചിന്തിച്ചു.

സരോജിനു എന്ത് സംഭവിച്ചു എന്നുള്ളത് അവൻറെ വാക്കുകളിൽ നിന്ന് തന്നെ കേൾക്കാം.
" ഡോക്ടർ, സ്മിതയാണ് എല്ലാത്തിനും കാരണം. ഞാൻ ഒരുപാട് പുറകെ നടന്നു വളച്ച പെണ്ണാണ്‌. ഇപ്പൊ അവൾക് എന്നെ വേണ്ട. എൻറെ വീടിൻറെ അടുത്ത അവളുടെ വീടും, ഒരുപാട് കാലം പുറകെ നടന്നു കുറെ സാഹസങ്ങൾ കാണിച്ചു വളച്ചതാണ്. അവൾ പിന്നിട് ഫോണ്‍ എടുക്കില്ല. കണ്ടാൽ മിണ്ടില്ല."

"കുറെ കാലo ആയില്ലേ പിണക്കം തുടങ്ങിയിട്ട് പിന്നെ പെട്ടന്ന് ഇങ്ങനെ ചെയ്യാൻ?"

"അന്ന് അവളുടെ കല്യാണം ആയിരുന്നു. കെട്ടിയത് എൻറെ പോലെ അവളുടെ പുറകെ നടന്ന ഒരുത്തനെ. അവൻ ഗൾഫിൽ പോയി കാശുണ്ടാക്കി വന്നപ്പോൾ അവൾക് അവനെ മതി. അവൾ ഒരുകാലത്തും സന്തോഷത്തോടെ ജീവിക്കരുത്. മരിക്കാൻ  വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ ചെയ്തേ."

കുറെ സംസാരിച്ചു വന്നപ്പോൾ അവൻ അവളുടെ കൂട്ടുകാരികളിൽ ഒരാൾക്ക് അശ്ലീല മെസ്സേജ് അയച്ചു എന്നും പറഞ്ഞാണ് അവർ തമ്മിൽ പിരിയാൻ കാരണം എന്ന് മനസിലാക്കി.
 "ഞാൻ അങ്ങനെ ചെയുമെന്ന് സാറിനു തോന്നുന്നുണ്ടോ?  ഈ പെണ്‍വർഗം തന്നെ ചതിയത്തികളല്ലേ സാറേ?" 

ഇതിനു ഞാൻ എന്ത് മറുപടി  പറയാനാ. എങ്കിലും, അവൾ പിരിയാൻ വേണ്ടി ഓരോ കാരണം കണ്ടെത്തിയതാണെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു.

രണ്ടു പേരും ഉള്ളിൽ  ഉള്ള വിഷമങ്ങളൊക്കെ പറഞ്ഞു തീർത്ത് പിന്നിടുള്ള ദിവസങ്ങൾ നല്ല ജോളി  ആക്കി. ഞാനും ഇടയ്ക്ക്  അവരുടെ കളികളിൽ പങ്ക്  ചേർന്നു. ഞങ്ങളുടെ ചർച്ചകളിൽ ലാലേട്ടനും മമ്മുക്കയും ഫഹദ് ഫാസിൽ മുതൽ സച്ചിൻ വരെ  കടന്നു വന്നു. രണ്ടു ദിവസം കൊണ്ട് നന്നായ് അടുത്ത് ഞങ്ങൾ. 

അവസാനം psychiatry counseling ഉം നടത്തി സന്തോഷത്തോടെ പറഞ്ഞു അയച്ചു.

DSH വന്നാൽ കേസ്‌ ഷീറ്റും ഡിസ്ചാർജുo എഴുതി സമയം കളയാം എന്നല്ലാതെ, അക്കടെമിക്ക് ആയിട്ട് ഒന്നും കിട്ടില്ല. അതുകൊണ്ട് ഞാൻ കണ്ണും അടച്ചു പ്രാർത്ഥിച്ചു "ദൈവമേ, ഇനി ആരും മനപൂർവo  വിഷം കഴിച്ചു വരല്ലേ casualityഇൽ "

പക്ഷെ, ഈ പ്രാർത്ഥനയിൽ താത്ത്വികമായ എന്തോ തെറ്റ് ഒളിഞ്ഞു ഇരിപ്പുണ്ടെന്ന് ഞാൻ ഒരു ആഴ്ച കഴിഞ്ഞു മനസിലാക്കി. 
അടുത്താഴ്ച അഡ്മിഷനിലും വന്നു വിഷം കഴിച്ച്.. മനപൂർവമല്ല. 
'Accidental ingestion of rat poison'. ഇരുപത് വയസുള്ള എന്ജിനിയരിംഗ് വിദ്യാർത്ഥിനി ഏലിയെ കൊല്ലാൻ വേണ്ടി അമ്മ എടുത്തു അടുക്കളയിൽ വച്ചിരുന്ന എലി വിഷം കലർത്തിയ കേക്ക് കഴിച്ചു.. 

എൻറെ പ്രാർത്ഥനയിലെ തെറ്റ് ഞാൻ തിരുത്തി. 
"ദൈവമേ, ഇനി ആരും മനപൂർവമായോ അബദ്ധത്തിലോ  വിഷം കഴിച്ചു വരല്ലേ casualityഇൽ "
എന്തായാലും, പെണ്‍കുട്ടികൾ അടുകളയിൽ കേറും എന്ന് അറിഞ്ഞതിൽ സന്തോഷം. 


****************************************************************

വീണ്ടും  സർജറി ലെക്ചർ ഹാളിൻറെ പുറതേക്ക്,

"സരോജ് കുമാർ, പിന്നെ എനിക്ക് ഓർമയുണ്ട്."

"അയാളുടെ പടം ഞാൻ പത്രത്തിൽ കണ്ടിരുന്നു. ഫോട്ടോയിൽ  പേരും കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു അയാൾ തന്നെയെന്ന്" ലേഡി ഹൗസ് സർജൻ പറഞ്ഞു.  

"അയ്യോ, അയാൾക്ക്  എന്തു പറ്റി?"

"അയാൾക്ക് ഒന്നും പറ്റിയില്ല. he raped a three and a half year old girl"

എൻറെ കിളി പോയി. കുറച്ചു നേരത്തേക്ക് എനിക്ക് ഒരു relay കിട്ടിയില്ല.
ഞാൻ കാതോർത്തപ്പോൾ ലേഡി ഹൗസ് സർജൻ പറഞ്ഞു കൊണ്ടിരുന്നതിന്റെ ബാക്കി കേട്ടു.

"എന്നാലും എത്ര തവണ ഞാൻ അയാൾടെ അടുത്തിരുന്ന് ബി.പി. യും പൾസുo എടുത്തതാണ്. വിശ്വസിക്കാൻ പറ്റുന്നില്ല"

പെട്ടന്ന് മെസ്സേജ് ടോണ്‍ ചിലച്ചു. "Today's CPCR classes are cancelled."
3 comments:

  1. I read all, I like your stories..congrats..write more...-Perumathura Ourangaseeb

    ReplyDelete