About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Saturday, January 25, 2014

സത്യം, ശിവം, സുന്ദരം

സത്യം, ശിവം, സുന്ദരം



നമ്മൾ ജീവിതത്തിൽ ഒരുപാട് പേരേ അറിയാതെ കണ്ടു മുട്ടും. സ്ഥിരം യാത്ര ചെയുന്ന തിരക്കേറിയ വഴികളിലും, ബസ്സിലും, നടപാതകളിലും, ഹോട്ടലിലും, കളികളങ്ങളിലും, എല്ലാം നമ്മുക്ക് പേരറിയാത്ത, ഒരു പക്ഷെ പേര് അറിയാൻ നാം ആഗ്രഹിക്കാത്ത ആൾക്കാർ. അവർ എവിടെ നിന്ന് വരുന്നു എന്നോ, എവിടേക്ക് പോകുന്നു എന്നോ നമ്മുക്ക്‌ അറിയില്ല. ഒരിക്കൽ ഒരു ക്യാഷുവാലിറ്റി പോസ്റ്റിങ്ങ്‌ കാലത്ത് ഞാൻ അത് അറിയാൻ ശ്രമിച്ചു. അപ്പോൾ ഞാൻ കണ്ടറിഞ്ഞ മൂന്ന് മനുഷ്യർ. 

ഭാഗം ഒന്ന്: സത്യം


"ഇയാൾ വീണ്ടും വന്നോ?"

എൻറെ മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്തെ  ക്യാഷുവാലിറ്റി ദിവസങ്ങളിൽ ഞാൻ ഇയാളെ കണ്ടിട്ടുണ്ട്. ഇപ്പോൾ ദേ എൻറെ ക്യാഷുവാലിറ്റി പോസ്റ്റിങ്ങിലും വന്നിരിക്കുന്നു. ഇവിടുത്തെ സ്ഥിരം കുറ്റിയാണെന്ന് മനസിലാക്കി.  

ഞാൻ ഇയാളെ ആദ്യമായി കണ്ട ക്യാഷുവാലിറ്റി ദിവസം, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടി ഇയാൾ എൻറെ അടുത്ത് വന്നു. അല്പം മുഷിഞ്ഞ കൈലിയും ഷർട്ടുമാണ് വേഷം. ഞാൻ ചോദിച്ചു. " എന്താണ് ബുദ്ധിമുട്ട്?"

"ഡോക്ടർ എനിക്കൊരു ഇൻജഷനും ആവി പിടിക്കാനും എഴുത്"
ഞാൻ വീണ്ടും ചോദിച്ചു. എന്താണ് ബുദ്ധിമുട്ട്. അതെ ഉത്തരം തന്നെ വീണ്ടും. 

ഞാൻ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് അയാളെ  നമസ്കരിച്ചു .
" സർ, mbbs പഠിച്ചിട്ടുള്ള ആളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇരിക്കുന്ന കസേരയിലേക്ക് ഇരുന്നോളു. സ്വയം മരുന്ന് എഴുതി ചികിത്സിചോളൂ. പറ്റും എന്നുണ്ടെങ്കിൽ ഇവിടെ നില്ക്കുന്ന ബാക്കി രോഗികൾക്കും കൂടി ഒന്ന് മരുന്ന് എഴുതി കൊടുക്കുമോ?"
ചുറ്റും നിന്ന ബാക്കി രോഗികൾ എല്ലാം ചിരിതുടങ്ങി 

അയാൾ ഇളഭ്യനായി നിന്നു. 

അവസാനം ഞാൻ അയാളെ നോക്കിയിട്ട് അയാൾ പറഞ്ഞപോലെ തന്നെ ഇൻജഷനും ആവി പിടിക്കാനും എഴുതി നല്കി. 

പിന്നിട് ഇപ്പോൾ മാസങ്ങൾക്ക് ശേഷം വീണ്ടും എൻറെ മുന്നിൽ. ക്യാഷുവാലിറ്റി പോസ്റ്റിങ്ങിൽ മെഡിസിൻ അഞ്ചുദിവസമാണ്. അതിൽ ആദ്യത്തെ ദിവസമായിരുന്നു അന്ന്. രാത്രി ഒരു 10 മണി സമയം.

 അയാൾക്ക് എന്നെ മനസിലായില്ല.  "ഇയാള് വീണ്ടും വന്നോ?" എന്ന എൻറെ ചോദ്യം കേട്ടപ്പോൾ എന്നെ നോക്കി ചിരിച്ചു. പ്രായമായ അപ്പൂപ്പന്മാർ ചിരിക്കുന്നത് കാണാൻ നല്ല രസമല്ലേ. ഇത്തവണയും ശ്വാസം മുട്ട് തന്നെ പ്രശ്നം ഞാൻ മരുന്ന് എഴുതി നല്കി. 
 കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും എൻറെ അടുത്ത് തന്നെ വന്നു. 

"എന്താ കുറയുന്നില്ലേ. ഒരു തവണ കൂടി ആവി പിടിക്കണോ?" 

"അതല്ല. സർ. ഇതിൽ ഒബ്സർവേഷനിൽ കിടത്താൻ കൂടി എഴുതിയിട്ടില്ലല്ലോ. "

"അത് എന്തിനാ എഴുതുന്നേ. തനിക്ക് ചെറിയ ശ്വാസം മുട്ടല്ലേ ഉള്ളു. മരുന്ന് എടുത്തിട്ട് പോകാല്ലോ. " 

"അല്ല. സർ. കുഴപ്പമുണ്ട്. നോക്ക്". ഞാൻ സ്തെതോസ്കൊപ്പ് വെച്ച് നോക്കി. " ഇപ്പോ, എല്ലാം കുറഞ്ഞിട്ടുണ്ട്. വീട്ടിൽ പോയിക്കോളു."

"അയ്യോ, സർ. ഇന്ന് ഒരു ദിവസത്തേക്ക് എഴുതി തരു. രാത്രി ആയില്ലേ."
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. പാവമല്ലേ. ഇന്ന് അയാളെ ഒബ്സർവേഷനിൽ കിടത്തി എന്ന് വച്ച് എനിക്ക് ഒരു നഷ്ടവുമില്ല. ഞാൻ എഴുതി കൊടുത്തു കിടത്തി. 

രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അയാൾ രാത്രി വൈകി വീണ്ടും വന്നു. പഴയ പോലെ തന്നെ ചെയ്തു. അവസാനം ഒബ്സർവേഷനിൽ കിടത്തണം എന്ന് പറഞ്ഞു, ഞാൻ എഴുതി നല്കി. 

ക്യാഷുവാലിറ്റി പോസ്റ്റിങ്ങിൽ മെഡിസിൻറെ അവസാന ദിവസം. അയാൾ വീണ്ടും വന്നു. ഞാൻ  ഇൻജഷനും ആവി പിടിക്കാനും എഴുതി നല്കി. അന്ന് നല്ല തിരക്കുള്ള ദിവസം ആയിരുന്നു.  ഒബ്സർവേഷൻ മുറി നിറഞ്ഞു കവിഞ്ഞിരുന്നു. സിസ്റ്റർമാർ ആവശ്യമുള്ളവരെ മാത്രമേ ഒബ്സർവേഷൻ എഴുതാവു എന്ന് പലതവണ വന്നു പറഞ്ഞിരുന്നു. 

പക്ഷെ നമ്മുടെ കഥ നായകന് ഇന്നും വേണം ഒബ്സർവേഷൻ. എന്നിലെ  കംസൻ ഉണർന്നു. 
"ഒരു ദിവസത്തേക്ക് കിടത്തു എന്ന് പറഞ്ഞു തുടങ്ങിട്ട് ഇപ്പോൾ കുറെ ദിവസങ്ങൾ ആയല്ലോ ഇവിടെ തന്നെ. ഇങ്ങനെ രാത്രി വന്നു അന്തിയുറങ്ങാൻ വേണ്ടി ഉള്ള സത്രം അല്ല ഇത്. തങ്ങൾക്ക് ഇപ്പോൾ അസുഖം കുറഞ്ഞിട്ടുണ്ട്. വീട്ടിൽ പോടോ."

അയാൾ ഞാൻ പറഞ്ഞു തീരും മുൻപ് ഇറങ്ങി പോയി. 

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ പുറത്തു ചായ കുടിക്കാൻ ഇറങ്ങി. ചായ കുടിച്ചു തിരികെ നടക്കുമ്പോൾ ക്യാഷുവാലിറ്റിക്ക് അടുത്ത് വരാന്തയിൽ പുതപ്പ് ഒന്നും ഇല്ലാതെ ഒരാൾ കിടക്കുന്നു. അയാളെ അവിടുന്ന് മാറ്റാൻ ശ്രമിക്കുന്ന ഒരു സെക്യൂരിറ്റി ജീവനകാരനും. ഞാൻ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കഥ നായകൻ. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

"താൻ എഴുന്നേൽക്കു. അകത്തു ഒബ്സർവേഷനിൽ പോയി കിടക്കു."

"വേണ്ട. സർ. ഞാൻ സാറിനെ ബുദ്ധിമുട്ടിക്കുന്നില്ല. "

"തനിക്ക് എന്താ വീടില്ലേ"

അതിനുള്ള മറുപടി എന്നെ ഒരുപാട് വിഷമിപ്പിച്ചു. തിരുവനന്തപുരത്തിൻറെ  അറ്റത്ത്  എവിടെയോ ആണ് അയാളുടെ വീട്. ഏക മകൻ ഒരു അപകടം പറ്റി നടക്കാൻ ശേഷി ഇല്ലാതെ വീടിനുള്ളിൽ. ഭാര്യ അടുത്തുള്ള വീട്ടിൽ കൂലി പണിക്ക് പോകും. ഇയാൾക്ക് വർഷങ്ങളായി ശ്വാസകോശത്തിന്  അസുഖം. വീടിന് അടുത്തെങ്ങും ആശുപത്രിയുമില്ല. എല്ലാ തിങ്കലാഴ്ചയും പത്തു കി. മി. നടന്നു ബസ്സ്‌ കയറി സിറ്റിയിൽ വരും. ദിവസം മൊത്തം ലോട്ടറി ടിക്കറ്റ്‌ വിറ്റ് നടക്കും. രാത്രി മെഡിക്കൽ കോളേജിലോ ജനറൽ ആശുപത്രിയിലോ വന്ന് ശ്വാസം മുട്ടിന് കുത്തിവെയ്പ്പും എടുത്തു അവിടെ കിടക്കും. ഒരിടത്ത് നിന്ന് ഓടിക്കുമ്പോൾ അടുത്ത ആശുപത്രിയിൽ.. അങ്ങനെ മാറി മാറി നില്കും. ശനിയാഴ്ച വീണ്ടും വീടിലേക്ക്‌. 

പഴയ സത്യൻ മാഷിൻറെ സിനിമകളിലെ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു. എന്നാൽ കഴിയുന്നത്‌ ഞാൻ അയാൾക്ക് ചെയ്ത് നല്കി. അന്ന് ഒബ്സർവേഷനിൽ കിടത്തി. രാവിലെ ചെന്ന് അയാൾക്ക് പുലയനാർക്കോട്ട നെഞ്ച് രോഗ ആശുപത്രിയിലേക്ക് എഴുതി നല്കി. പിന്നെ ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തിട്ട് കുറച്ച് അധികം രൂപ അയാൾക്ക് നല്കി. 

മനസ്സിൽ ഒരു ആശ്വാസം പോലെ. ഒരാളെ സഹായിക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു തൃപ്തി.. പിന്നെ ജീവിതത്തിൽ ആദ്യമായി ലോട്ടറി ടിക്കറ്റ്‌ എടുത്തു. എൻറെ മനസ്സിൽ പറഞ്ഞു. എനിക്ക് ഈ ലോട്ടറി ടിക്കറ്റ്‌ അടിക്കും. ഉറപ്പാണ്. ലോട്ടറി അടിച്ചു. എനിക്കല്ല. വേറെ ആർക്കോ. 

പിന്നിട് കുറെ മാസങ്ങൾക്ക്  ശേഷം ഞാൻ അയാളെ  വീണ്ടും ആശുപത്രി പുറത്തു വരാന്തയിൽ കണ്ടു മുട്ടി . 

"എന്നെ പുലയനാർക്കോട്ടയിൽ നിന്നും പറഞ്ഞു വിട്ടു. എൻറെ ഈ ശ്വാസം മുട്ടൽ മാറില്ലേ സർ. ഞാൻ ഇനി എവിടെ പോകും സർ? നിങ്ങൾ എല്ലാം കൂടി സത്യമായ ചികിത്സയാണോ എന്നിൽ ചെയ്യുന്നത്.  "




ഭാഗം രണ്ട് : ശിവം 


ക്യാഷുവാലിറ്റി പോസ്റ്റിങ്ങിലെ പിഡിയാട്രിക് സർജറി പോസ്റ്റിങ്ങ്‌ അഞ്ചു ദിവസമേ ഉണ്ടായിരുന്നു ഉള്ളു എങ്കിലും ഒരു നല്ല അനുഭവം അതെനിക്ക് നല്കി. നല്ല ഒരു ഡോക്ടർ സംഘം ആയിരുന്നു എന്നെ പോസ്റ്റ്‌ ചെയ്തിരുന്ന യുണിറ്റിൽ. 

ആദ്യ ദിവസം സർജറി ക്യാഷുവാലിറ്റി 24 hr ഡ്യൂട്ടി കഴിഞ്ഞു ഒരു ഉറക്കവും ഇല്ലാതെ നേരെ ചെല്ലുകയായിരുന്നു പിഡിയാട്രിക് സർജറി OP യിൽ. ഉറക്കം എന്നെ ഇങ്ങനെ മാടി വിളിച്ചു കൊണ്ടിരുന്നു.  അവിടെ യുണിറ്റ് ചീഫ് ഡോ. അശോക്‌ സാറിനൊപ്പം രോഗികളെ കാണാൻ തുടങ്ങി. എൻറെ പ്രധാന പണി സർ കാണുന്ന ഓരോ കുട്ടിയുടെയും പ്രോഗ്രസ്സ് സാറിന് മുന്നിലുള്ള കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു കേറ്റുക. പക്ഷെ, സർ എന്നെ വെറും ഒരു ക്ലാർക്ക് ആകാതെ കേസുകളെ പറ്റി പറഞ്ഞു തന്നു കൊണ്ടിരുന്നു. 

"ഇപ്പോഴത്തെ ഹൗസ് സർജൻമാരൊക്കെ ഇങ്ങനെ ആണല്ലേ.", ഞാൻ എന്തെങ്കിലും തെറ്റു ചെയ്തോ എന്നാ ഭാവത്തിൽ ഞാൻ നോക്കാൻ തുടങ്ങിയപ്പോൾ കണ്ണ് തുറക്കുന്നില്ല. അപ്പോഴാണ്‌ ഞാൻ മനസിലാക്കിയത് ഞാൻ സാറിന് മുന്നിൽ ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന്. എൻറെ അവസ്ഥ മനസിലാക്കി സ്നേഹപൂർവ്വം ശാസിച്ചു സർ എന്നെ ഒരു ചായ കുടിക്കാൻ വിട്ടു. 

ഞാൻ തിരിച്ചു വന്നപ്പോൾ വെള്ള സാരി ഉടുത്ത ഒരു സ്ത്രീ - (ആശുപത്രിയിലെ ഒരു നഴ്സിംഗ് അസ്സിസ്റ്റന്റ് ആണെന്ന് മനസിലായി യുണിഫോം കണ്ടപ്പോൾ) സാറിൻറെ മുന്നിൽ വന്നു നിന്നു, തൊഴുതിട്ട് "സാർ" എന്ന് വിളിച്ചു. അപ്പോൾ സാർ മുഖം പോലും ഉയർത്താതെ കൈപത്തി  ഉയർത്തി കാട്ടി. അവർ തിരികെ  പോയി.

ഒരു ദിവസം കഴിഞ്ഞ്, സർ എന്നെ ഒരു ജോലി ഏല്പ്പിച്ചു. ഒരു കുട്ടിയെ SAT ആശുപത്രിയിൽ നിന്ന് RCC യിലേക്ക് വിടുകയാണ്. അത് കൊണ്ട് ഒരു ഡോക്ടർ അവർക്കൊപ്പം അനുഗമിച്ചു RCC യിലെ ഡോക്ടർമാരെ എല്പ്പിക്കണം. പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിൽ ചെന്ന് ആ രോഗിയെ കണ്ടു. ഒൻപത് വയസ്സുള്ള ഒരു മുസ്ലിം ബാലൻ. കൂടെ ഉമ്മയും ബാപ്പയും അനിയനും മറ്റു ബന്ധുകളും. അവൻറെ അസുഖം ഞാൻ സാറിനോട് ചോദിച്ച് വച്ചിരുന്നു.
Non  Hodgkins  Lymphoma. വയറിനുള്ളിൽ നിന്ന് ബയോപ്സി എടുത്ത് ഇതാണ് രോഗം എന്ന് നമ്മൾ കണ്ടു പിടിച്ചു ബാക്കി ചികിത്സ RCC യിൽ.

ആ കുട്ടി ജനിച്ചത്‌ മുതൽ അവനു ഓരോരോ അസുഖങ്ങളാണ്. കല്യാണം കഴിഞ്ഞ് കുറെ കാലം കുട്ടികൾ ഇല്ലാതെ ഒരുപാട് പ്രാർത്ഥിച്ചു കിട്ടിയ കുട്ടിയാണ്.  മാസം തികയാതെ ജനിച്ചു കുറെ കാലം ആശുപത്രിയിൽ. പിന്നിട് ന്യുമോണിയ പോലെ കുറെ അസുഖങ്ങൾ. പിന്നിട് എല്ലാം ശരിയായി സ്കൂളിൽ ഒക്കെ വിട്ടു 3 ക്ലാസ്സുവരെ പഠിച്ചു. അപ്പോഴാണ് വയറു വേദന, വയറ്റിൽ മുഴ കണ്ടെത്തി. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് തീർത്ഥാടനം ആയിരുന്നു ഇത്രയും കാലം. ഇപ്പോൾ  SAT  ഇനി RCC. കുട്ടി നല്ല അവശ നിലയിലാണ്. പക്ഷെ ആ ഉമ്മയും ബാപ്പയും പ്രതീക്ഷയിലാണ്. അല്ലഹ് തന്നത് എന്തും ഞമ്മള് സ്വീകരിക്കും.

ഇത്രയും പറഞ്ഞ് അവർ കരഞ്ഞു എൻറെ മുന്നിൽ. തകർച്ചകളും  വിഷമങ്ങളും  ഉണ്ടായിട്ടും ദൈവത്തെ തള്ളി പറയാതെ വിശ്വാസത്തോടെ വീണ്ടും ദൈവത്തിൽ പ്രത്യാശ വെയ്ക്കാൻ കഴിയുന്നത്‌ എനിക്കൊരു അത്ഭുതമായിട്ട് തോന്നി.

അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്. ഇന്നലെ വന്ന ആ സ്ത്രീ ഞാൻ ഇരുന്ന പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിൽ നോക്കിട്ട് പുറത്തോട്ട് പോയി. എന്തോ തിരയും പോലെ. അവർ അടുത്തുള്ള വാർഡിലും, ഹാളിലും ഒക്കെ കയറി നോക്കുന്നു. ഞാൻ അവരുടെ പുറകെ പോയി. അവർ സാറിനെ ആണ് തിരയുന്നതെന്ന് മനസിലായി. അവസാനം തിരഞ്ഞു തിരഞ്ഞ് അവർ കണ്ടു പിടിച്ചു സാറിനെ. കഴിഞ്ഞ ദിവസത്തെ പോലെ അവർ "സർ" എന്ന് വിളിച്ചു നമസ്കരിച്ചു. സാർ മുഖത്ത് പോലും നോക്കാതെ കൈ ഉയർത്തി കാണിച്ചു.

പിറ്റേന്ന് വാർഡിൽ റൌണ്ട്സിൽ എന്നെ കണ്ടപ്പോൾ ആ കുട്ടിയെ RCC യിൽ കൊണ്ട് പോയതിൻറെ വിവരങ്ങൾ സർ അന്വേഷിച്ചു. നന്ദിയും പറഞ്ഞു. സത്യത്തിൽ ഞാൻ ആണ് സാറിനോട് നന്ദി പറയേണ്ടത്. RCC യിലെ പിഡിയാട്രിക് ഓണ്‍കോളോജി വാർഡ്‌ എന്നിലെ ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റിച്ചു. പിറന്ന് വീണ് ജീവിതം എന്തെന്ന് പോലും അറിയാത്ത ഈ കുട്ടികളോട് എന്തിന് ഇങ്ങനെ ദൈവം ചെയ്യുന്നു. എങ്കിൽ അവർക്ക് ജീവൻ നൽകാതിരുന്നാൽ പോരായിരുന്നോ. ലോകത്തിൽ ഭീകരന്മാരായി  നടക്കുന്ന മനുഷ്യനെ ഒരു മണിക്കൂർ ആ വാർഡിൽ കൊണ്ട് വിട്ടാൽ ചിലപ്പോൾ മാലാഖ ആയി തിരിച്ചു ഇറങ്ങും. ജീവൻറെ വില എനിക്ക് മനസിലായത് ആന്നാണ്. ഇതൊന്നും ഞാൻ സാറിനോട് പറഞ്ഞ് show കാണിച്ചില്ല. സാറും ബാക്കി ഡോക്ടർമാരും രോഗികളെ നോക്കി നടന്നു കൊണ്ടിരുന്നു. ഞാൻ ഇതൊക്കെ മനസ്സിൽ ചിന്തിച്ചു പുറകെ നടന്നു. 

വീണ്ടും ഇന്നലത്തെ പോലെ ആ സ്ത്രീ അവിടെ വന്നു. നമസ്കരിച്ചു. സാർ കൈ കാണിച്ചു. അവർ പോയി.

പിഡിയാട്രിക് സർജറി പോസ്റ്റിങ്ങ്‌ അവസാനത്തെ ദിവസം. ഞാൻ OP യിൽ എത്തി.

"നിങ്ങൾ ഈ കുട്ടിയുടെ ജീവൻ വച്ചാണ് കളിക്കുന്നത്. അത്ര നിർബന്ധമാണോ ഇത് ചെയ്യണം എന്ന്...... " സാർ വളരെ സീരിയസ് ആയി പറഞ്ഞു കൊടുക്കുവാണ്. ഒരു കൊച്ചുകുട്ടിയും അവൻറെ അമ്മയും അച്ഛനും അത് കേട്ട് കൊണ്ടിരിക്കുന്നു. ബാക്കി സംസാരം തുടർന്നപ്പോൾ എനിക്ക് കാര്യം മനസിലായി. ഹെമോഫിലിയ ബാധിച്ച കുട്ടിയാണ്. അവന് circumcision (സുന്നത്ത്) ചെയ്യാനുള്ള ശ്രമമാണ് മാതാപിതാക്കൾക്ക്‌. എല്ലാം ആശുപത്രികളും കൈ കഴുകി അവസാനം SAT യിൽ എത്തി. ഹെമോഫിലിയപോലെ രക്തo കട്ട പിടക്കാതെ ആവുന്ന അവസ്ഥയിൽ ഓപ്പറേഷൻ ചെയ്‌താൽ കുട്ടിക്ക് എന്തും സംഭവിക്കാം. ഇതെല്ലാം അറിഞ്ഞിട്ടും സ്വന്തം മതം അനുശാസിക്കുന്ന രീതിയിൽ തന്നെ കുട്ടി വളരണം എന്ന് ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് ബഹുമാനം തോന്നി. സാർ അങ്ങനെ അവരെ നിരുത്സഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

ആ കുടുംബം പോയി കഴിഞ്ഞപ്പോൾ നമ്മുടെ കഥനായിക വീണ്ടും വന്നു. സാറിനെ കണ്ടു വണങ്ങി. സാർ കൈ കാണിച്ചു അവർ തിരികെ പോയി.

എനിക്ക് ഒന്നും മനസിലായില്ല. എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്. ഞാൻ രണ്ടും കല്പിച്ചു സാറിനോട് തന്നെ ചോദിച്ചു.

"സുജിത്ത്, അത് ശ്രദ്ധിച്ചു. കൊള്ളാം. ഒന്നുമില്ല കാര്യം. ഞാൻ സൂപ്പ്രണ്ട് ആയിരുന്ന കാലത്താണ് ഈ സ്ത്രീക്ക് ഇവിടെ ജോലി ലഭിച്ചത്. അവരുടെ വിചാരം ഞാനാണ് അവർക്ക് ഇപ്പോഴും ശമ്പളം നല്കുന്നത് എന്നാണ്. അത് കൊണ്ട് എന്നെ എന്നും വന്നു കാണും, നന്ദി സൂചകമായി.  അന്ന ദാതാവിനോടുള്ള സ്നേഹം കാണിക്കൽ എന്നും പറയാം. ഞാൻ സൂപ്പ്രണ്ട് സ്ഥാനത്ത് നിന്ന് മാറിയിട്ട് കുറെ കാലമായി. പക്ഷെ, അവർ ഇപ്പോഴും അത് തുടരുന്നു. വിലക്കാൻ ശ്രമിച്ചാലും അവർ വരും. "

അവർക്ക് മാനസീകമായി എന്തേലും കുഴപ്പം കാണുമായിരിക്കാം പക്ഷെ അവരെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്ന അവരിലെ ഒരു ശക്തി. അത് എന്തായാലും വലുതാണ്.

സാർ അപ്പോഴും പറയുന്നുണ്ടായിരുന്നു തമാശ രൂപത്തിൽ,

"നാളെ സുജിത്താണ്  ഇവിടുത്തെ എല്ലാം എല്ലാം എന്ന് അവരെ പറഞ്ഞ് മനസിലാക്കണം. അപ്പോൾ ഇനി അവർ സുജിത്തിനെ തേടി വരും"




ഭാഗം മൂന്ന് : സുന്ദരം


"ഞാൻ മടുത്തു. ഇവരോട് ഇനി ഞാൻ സംസാരിക്കില്ല. ഇന്നാ നീ നോക്ക്?" കൂടെ ഉണ്ടായിരുന്ന ഡോക്ടർ എനിക്ക് തന്നു. വേണ്ട. നീ  തന്നെ നോക്കിക്കോ എന്ന് പറഞ്ഞു അവന് മടക്കി കൊടുക്കാം എന്ന് വിചാരിച്ചു, ആ രോഗിയെ ഞാൻ നോക്കി - നല്ല പോലെ ചിരിച്ചു ഒരു വെളുത്ത സുന്ദരി അമ്മൂമ്മ. ഞാൻ ക്യാഷുവാലിറ്റി ടിക്കറ്റ്‌ ഇങ്ങ് വാങ്ങി. 

അവരെ കുറെ മുൻപേ ഞാൻ ശ്രദ്ധിച്ചതാണ്. ക്യാഷുവാലിറ്റിയുടെ ഡോറിൻറെ തൊട്ടു അടുത്ത് വന്ന് നിന്ന് ഡോക്ടറെ കണ്ട് ഇറങ്ങുന്നവരോട് " മക്കളെ, ഡോക്ടർമാർ എഴുതുന്ന മരുന്നൊക്കെ കൃത്യമായി കഴിക്കണം. മരുന്ന് ഡോക്ടറോട് ചോദിക്കാതെ നിർത്തുകയും ചെയ്യരുത്." ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് സെക്യൂരിറ്റി വന്നു അവരെ അവിടെ നിന്ന് മാറ്റാൻ നോക്കിയപ്പോൾ, താൻ ഡോക്ടറെ കാണാൻ വന്നതാ. ഡോക്ടറെ കാണാൻ വരുന്നവരെ പിടിച്ചു മാറ്റാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നതെന്നൊക്കെ ചോദിച്ചു ബഹളം വെയ്ക്കുന്നതും കണ്ടു. പിന്നെ കുറെ നേരം ഇവിടെ കണ്ടില്ല. ഇപ്പൊ, എങ്ങനൊ ക്യാഷുവാലിറ്റി ടിക്കറ്റ്‌ ഒപ്പിച്ചു കൊണ്ട് വന്നേക്കുവാ. 

"എന്താണ് അമ്മയ്ക്ക് ബുദ്ധിമുട്ട്?"

"സാറേ, എൻറെ ഇടത്തെ കൈ പോകുമ്പോൾ നല്ല വേദന"

"എത്ര കാലമായി?"

" അത് കുറെ കാലമായി. " എനിക്ക് കുറെ എന്നാ വാക്ക് കേൾക്കുന്നത്തെ ദേഷ്യമാണ്. കുറെ ചിലർക്ക് ഒരു ആഴ്ച ആവാം, ചിലർക്ക് ഒരു മാസം ആവാം, മറ്റുചിലർക്ക് വർഷങ്ങൾ ആവാം. ഇത് എങ്ങനെ ഡോക്ടർമാർ ഗണിച്ചു എടുക്കും. ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഒരു ഒന്ന് രണ്ട് വർഷം ആയികാണും."

"ഈ ഒന്ന് രണ്ട് വർഷം ആയിട്ടുള്ള വേദന. ഇപ്പോ ക്യാഷുവാലിറ്റിയിൽ കൊണ്ട് വരാൻ കാര്യം?"

"അത്, ഒരു നെഞ്ച് വേദന കൂടി ഉണ്ട്." 

"ഓഹോ, വിയർക്കുകയോ ശ്വാസം മുട്ടുകയോ വല്ലോം ചെയ്തോ?"

"ഇല്ല."

"കൂടെ ആരേലും വന്നിട്ടുണ്ടോ"  "ഇല്ല"

"ശെരി, ഈ നെഞ്ച് വേദന നേരത്തെ പറയാതിരുന്നത് എന്താ? പോട്ടെ, ഏത് കൈ പൊക്കുമ്പോൾ ആണ് വേദന?"

അല്പം ചിന്തിച്ചിട്ട്, " വലത് കൈ "

"നേരത്തെ ഇടത് കൈ എന്നാണല്ലോ പറഞ്ഞത്‌ ." 

സംഭവം ഉടായിപ്പ് ആണെന്ന് മനസിലായി. ചിലര് ഇങ്ങനെ വെറുതെ വരും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ. അവരുടെ പുറകിലായി ഒരു പോലീസ് കാരാൻ ഒരു ജയിൽപുള്ളിയുമായി  കുറെ നേരമായി കാണാൻ നിൽക്കുന്നത് എൻറെ ശ്രദ്ധയിൽ പെട്ടു. 

"നെഞ്ച് വേദന പറഞ്ഞതല്ലേ. ഒരു ECG എടുത്തിട്ട് വാ" എന്നും പറഞ്ഞു ഞാൻ ആ അമ്മൂമ്മയെ സെറ്റിൽ ചെയ്തു. 

പോലീസ് മുന്നോട്ടു കയറി വന്നു. സല്യൂട്ട് ചെയ്തു. ക്യാഷുവാലിറ്റിയിൽ ഞാൻ ഏറ്റം ആസ്വദിക്കുന്ന ഒരു കാര്യമാണ് ഈ സല്യൂട്ട്. കുറെ തവണ കിട്ടിയിട്ടുണ്ട്.  പക്ഷെ ഓരോ തവണ കിട്ടുമ്പോഴും അതിന് ഒരു പ്രത്യേക സുഖമാണ്. ഞാൻ ആ ജയിൽപുള്ളിയെ നോക്കിവിട്ടു. 

ECG എടുക്കാൻ പോയ അമ്മൂമ്മയുടെ പൊടി പോലും കണ്ടില്ല പിന്നീട്. അവർ ഒരു potential story ആണെന്ന് എൻറെ മനസ്സ് പറഞ്ഞിരുന്നു. ഒരു കഥ നഷ്ടപെട്ടത്തിൻറെ വിഷമവുമായി ഞാൻ 4 മണിക്ക് ചായ കുടിക്കാൻ ഇറങ്ങി. മെഡിക്കൽ കോളേജ് കാർ പാർക്കിംഗിൻറെ അടുത്ത് ഒരു മിൽമ ബൂത്ത്‌ ഉണ്ട്. അവിടെ ഞാൻ ചായയും വാങ്ങി തിരിച്ചു നിന്നപ്പോൾ നമ്മുടെ കഥാനായിക അവിടെ ചാരി നില്ക്കുന്നു.

"ECG എടുക്കാൻ പോയിട്ട് തിരിച്ചു കണ്ടിലല്ലോ?"

"ഞാൻ ECG എടുക്കാൻ ചെന്നപ്പോൾ 10 രൂപ അടയ്ക്കുവാൻ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഇങ്ങു പോരുന്നു."

ഞാൻ ഒറ്റയ്ക്ക് ചായ കുടിക്കുന്നത് ശരിയല്ലല്ലോ. അവർക്കും ഒരു ചായ വാങ്ങി കയ്യിൽ കൊടുത്തു. ചായ എൻറെ കയ്യിൽ നിന്ന് വാങ്ങുന്നതിൻറെ ഇടയിൽ അവരുടെ കൈയിൽ ഉള്ള സഞ്ചി താഴെ വീണു. അതിൽ നിന്ന് കുറെ പേപ്പറുകളും. ഞാൻ അത് പിറക്കി എടുക്കാൻ അവരെ സഹായിച്ചു. ഒരു കാര്യം എൻറെ ശ്രദ്ധയിൽ പെട്ടു. ആ പേപ്പറുകൾ വർഷങ്ങളായി മെഡിക്കൽ കോളേജിൽ കാണിക്കുന്ന ക്യാഷുവാലിറ്റി-OP  ടിക്കറ്റുകളായിരുന്നു.  പലതും പഴയതായി നിറം മങ്ങി വായിക്കാൻ പറ്റാത്ത രീതിയിൽ ആയി. ഞാൻ മറ്റൊരു കാര്യം കൂടി കണ്ടെത്തി.

"ആരാണ് ഈ  നികോളാസ് ആണ്ട്രൂസ്? ഇതിൽ കുറെ ടിക്കറ്റിൽ മീനാക്ഷി അമ്മ എന്നും പഴയ ടിക്കറ്റുകളിൽ നികോളാസ് ആണ്ട്രൂസ് എന്നുമാണല്ലോ കൊടുത്തിരിക്കുന്നത്‌ "

ആ ചോദ്യം നിമിത്തം എനിക്ക് മുന്നിൽ ഒരു സുന്ദരമായ പ്രണയകഥ ചുരുൾ അഴിഞ്ഞു. ഒരു ആഗ്ലോ-ഇന്ത്യൻ പ്രണയകഥ. എഴുപതുകളിൽ കൊല്ലത്ത് ഒരേ  കോളേജിൽ പഠിച്ചിരുന്ന സുന്ദരനായ ആഗ്ലോ-ഇന്ത്യൻ നികോളാസ് ആണ്ട്രൂസിനും സുന്ദരിയായ നായർ യുവതി മീനാക്ഷിക്കും പ്രണയത്തിൻറെ ചൂടിൽ  ജാതിയും മതവും ഒന്നും ഒരു വിലങ്ങ് ആയിരുന്നില്ല. എല്ലാ പ്രണയകഥയിലെയും പോലെ രണ്ടു കുടുംബങ്ങളും അവരെ ഉപേക്ഷിച്ചു. വിവാഹിതരാവാതെ ഒരുമിച്ചു ജീവിച്ചു. മക്കൾ വേണ്ടെന്ന് വച്ചു. കാരണം, നികോളാസിന് ഒരു മാരകമായ അസുഖം ഉണ്ടായിരുന്നു. അധികം കാലം ജീവിച്ചിരിക്കില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. എങ്കിലും മരണം പോലും അവരുടെ പ്രണയത്തിന് മുന്നിൽ അടിയറവ് വച്ചു. ഏറെ കാലം രോഗത്തോടും മരുന്നിനോടും മല്ലിട്ട് അയാൾ 50 വയസ്സ് വരെ ജീവിച്ചു 2000 ത്തിൽ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. അവർ ഒരുമിച്ചു കഴിഞ്ഞ കാലങ്ങളിൽ ഒരു വല്യ പങ്ക് മെഡിക്കൽ കോളേജിൽ തന്നെയാണ് ചിലവിട്ടത്. അത് കൊണ്ട് തന്നെ അവർ സമയം കിട്ടുമ്പോൾ എല്ലാം ഇവിടെ വരും. വാർഡുകളിലും വരാന്തയിലും ഒക്കെ അവർ കറങ്ങി നടക്കും. തൻറെ പ്രിയ തോഴൻറെ ഓർമകളുമായി. ഇതെല്ലാം അവരെ കൊണ്ട് ചെയ്യിക്കുന്നത് നികോളാസ് അവരോട് അവസാന കാലത്ത് പറഞ്ഞ വാക്കുകളാണ്. 

"We may die, but our love never dies because Love is eternal"












1 comment: