About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 24, 2013

ബ്ലാക്ക്‌ ക്യാറ്റ്

housesurgeoncy diaries/medicine diaries/black cat

സ്വപ്നങ്ങളിൽ വിശ്വാസം ഇല്ലാത്തവർ ഈ കഥ വായിക്കരുത്. അങ്ങനാണേൽ, ഈ കഥ വായിക്കാൻ ആരെയും കിട്ടില്ല.  ശരി, ജീവിതത്തിൽ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്തവർ എന്ന് ആക്കിയല്ലോ. അപ്പോൾ അനർഹർ ഇത് വായിച്ചുന്നു വരില്ലേ. എന്തോന്നയാലും പറയാനുള്ളത് ആദ്യമേ പറഞ്ഞു. ഇനി ഇഷ്ടമുള്ളവർ വായിക്ക്. ഞാൻ കഥ തുടങ്ങുവാ.


എം.ബി.ബി.സ് കോഴ്സിൽ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിൽ ഒന്നാണ് "ഗുരു".എന്നോട് ഒരു അധ്യാപകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. " I am not your teacher. We are colleques. We work & learn together". അപ്പോൾ, ആരാണ് ഞങ്ങളുടെ ഗുരുക്കന്മാർ? കഴിഞ്ഞ അഞ്ചര വർഷം കൊണ്ട് ഞാൻ കണ്ടെത്തിയ ഉത്തരം 3 എണ്ണത്തിൽ ഒതുക്കാം.

1. രോഗി

ഞാൻ വിശ്വസിക്കുന്നതും അനുഭവിച്ചറിഞ്ഞതുമായ സത്യമാണിത്. രോഗിയാണ് ഗുരു. ഒരു കാര്യo പുസ്തകത്തിൽ നിന്ന് വായിച്ചു പഠിക്കുന്നതും , അതേ കാര്യം ഒരു രോഗിയിൽ കാണുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു തവണ നമ്മൾ തനിയെ ഒരു രോഗിയിലുള്ള രോഗലക്ഷണം കണ്ടുപിടിച്ചാൽ പിന്നിട് ഒരിക്കലും അതു മറക്കില്ല.

2. അധ്യാപകരും പുസ്തകങ്ങളും

ഞങ്ങളുടെ അധ്യാപകരും ഡോക്ടർമാർ ആയതു കൊണ്ട് അവർക്ക് രോഗികളെ നോക്കുകയും വേണം ഞങ്ങളെ പഠിപ്പിക്കുകയും വേണം. അത് രണ്ടും ഒരുമിച്ചു കൊണ്ട് പോകാൻ അല്പം പ്രയാസമാണ്. വളരെ ആത്മാർത്ഥതയോടെ പാതിരാത്രിയിൽ വരെ വാർഡിൽ ഇരുന്നു പഠിപ്പിക്കുന്നവരും ഉണ്ട്. ക്ലാസ്സ്‌ എടുക്കാൻ വിളിച്ചാൽ  അതും ഇതും പറഞ്ഞു മുങ്ങുന്നവരുമുണ്ട്.

ചിലപ്പോൾ വാർഡിൽ രോഗികൾ ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ പരിശോധിക്കാൻ വരുമ്പോൾ വിസമ്മതിക്കും. ക്ലിനിക്സ് തുടങ്ങിയ സമയത്ത് ഞങ്ങളുടെ ഒരു സാർ ഇത് കണ്ടു.
"ഇത് മെഡിക്കൽ കോളേജ് ആണ്. നിങ്ങളുടെ രോഗം മാറ്റുന്നതിനൊപ്പം നാളെ നിങ്ങളുടെ മക്കളെ ചികിത്സിക്കാൻ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ കൂടിയ ഈ സ്ഥാപനം. അവരെ നിങ്ങൾ പരിശോധിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ ചികിത്സയില്ല."

എനിക്ക് ആ അധ്യപകനോട് വളരെ ബഹുമാനം തോന്നി. രോഗികളുടെ സഹകരണത്തെ പറ്റി പറയുമ്പോൾ, എനിക്ക് എൻറെ മെഡിസിൻ യുണിവെർസിറ്റി പരിക്ഷയാണ് ഓർമ്മ വരിക. കിട്ടിയ 3 കേസിൽ ഒരെണ്ണം ഹൃദയത്തിനുള്ള അസുഖമാണ്. അതും ഒരു സ്ത്രി. ഞാൻ ആ രോഗിയെ ആറാമനായി പരിശോധിക്കാൻ ചെന്നു. ഞാൻ ചെന്നപ്പോഴേ അവരു ഒരു വിധം ക്ഷമ നശിച്ചു ഇരിക്കുവ. അപ്പൊ, നമ്പറുകൾ പയറ്റിയാലെ വീഴു എന്ന് മനസിലായി. രോഗികളെ വീഴ്ത്താൻ കുറെ നമ്പറുകൾ ഉണ്ട് കയ്യിൽ. നമ്മൾ കുറച്ചു ഗാംഭീര്യം ഉള്ള ശബ്ദത്തിൽ വല്യഡോക്ടർ ആണെന്ന ഭാവത്തിൽ സംസാരിച്ചാൽ മിക്കവരും വീഴും. അല്ലേൽ, ഞാൻ ഇടുന്ന നമ്പർ ആണ് സ്ഥലം. ഞങ്ങളുടെ കോളേജിൽ വരുന്നവരിൽ ഭൂരിഭാഗവും പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. (തിരുവനന്തപുരം obviously പറയേണ്ടല്ലോ)
സ്ഥലം കൊല്ലം എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ സ്ഥലം അഞ്ചൽ അല്ലെ".
സ്ഥലം പത്തനംതിട്ട എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ അച്ഛനും അമ്മയും പത്തനംതിട്ടക്കാര."

ഈ ഡയലോഗ് അടിയിൽ വീഴാത്ത കൊല്ലത്തുക്കാരോ, പത്തനംതിട്ടക്കാരോ കാണില്ല. കാരണം, സ്വന്തം നാട് ഇവർക്ക് ജീവനാ. തിരുവനനതപുരത്തുകാരണേൽ, അടുത്തുള്ള ഏതേലും അമ്പലത്തിന്റെയോ
പള്ളിടെയോ കോളേജിന്റെയോ അതും അല്ലേൽ ഏതേലും ഒരു കൊട്ടരത്തിന്റെയോ പേര് പറഞ്ഞാൽ മതി. "അയ്യോ, ഞങ്ങടെ സ്ഥലം അല്ലേല്ലും വല്യ famous അല്ലയോ. ഡോക്ടർ  വന്നിട്ടുണ്ട?" ഇത് പിടിവള്ളിയാണ്, ഇതിൽ പിടിച്ചങ്ങ് കേറും.

3. സീനിയേർസ്

ഞാൻ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത് വാർഡിൽ വെച്ച് സീനിയേർസിൻറെ കൈയ്യിൽ നിന്നാവും. വേറൊരു profession ലും ഇത്ര മാത്രം നമ്മുക്ക് സീനിയേർസിനെ depend ചെയ്യേണ്ടി വരികയില്ല. ഒരു പക്ഷെ, ഡോക്ടർ ആയി കഴിഞ്ഞാലും, പുതിയ പുതിയ techniques ഈ പരസ്പരമുള്ള സഹായം വഴിയാണ് മനസിലാക്കുക. ക്ലിനിക്സ് തുടങ്ങിയ വർഷം എന്നെക്കാൾ 3 വർഷം സീനിയറായ ചേട്ടന്മാർകൊപ്പം നിന്ന് അവർ കേസ് എടുക്കുന്നത് കണ്ടു പഠിച്ചിട്ടുണ്ട് ഞാൻ.

കേസ് എന്ന് പറഞ്ഞത് ഒരുപക്ഷെ നോണ്‍ മെഡിക്കൽ വായനക്കാർക്ക് മനസിലായി കാണില്ല. ക്ഷമിക്കണം, കേസ് അല്ല രോഗി. വാർഡിൽ ഉള്ള ഓരോ രോഗിയും ഞങ്ങൾക്ക് ഒരു കേസ് ആണ്. "ദേ, നീ പോയി, ആ ഹെമിപ്ലിഗിയ കേസ് എടുത്തേ" അല്ലേൽ " ആ കേസ് പോയി auscultate  ചെയ്തിട്ട് വാ" എന്നൊക്കെ ആണ് സാധാരണ പറയാറ്. ഓരോ രോഗവും ഈ House MD ടി.വി. ഷോ യിൽ ഒക്കെ കാണുന്ന പോലെ കേസ് അന്വേഷണം ആണെന്ന് ഉദ്ദേശിച്ചാണോ ഈ വാക്ക് വന്നതെന്ന് അറിയില്ല. എനിക്കും കൂടെ ഉള്ള ഒരുപാട് പേർക്കും കേസ് അല്ല, ഒരു രോഗിയെ ആണ് ചികിത്സിക്കുന്നതെന്നു പലപ്പോഴും മറന്ന് പോകുന്നത് ഈ വാക്കിൻറെ പരിണിതഫലമായിട്ടാകാം.

നേരത്തെ പറഞ്ഞപോലെ, എന്നിലെ സീനിയർ എന്ന ഗുരു ഉദിച്ചു നിന്നപ്പോളാണ് ഈ കഥയിലെ നായികയുടെ വരവ്. പണ്ടത്തെ രാജ്യഭരണം കാണിക്കുന്ന സിനിമകളിൽ രാജ്ഞിയെ പല്ലക്കിൽ കൊണ്ട് വരുന്ന പോലെ ആയിരുന്നു. ഒക്സിജെൻ സിലണ്ടെർ ഒക്കെ ഖടിപ്പിച്ചു ഒരു hitech trolley ഇൽ  മുന്നിലും പുറകിലും പിടിച്ച് attenders കൊണ്ട് വരുന്നു.
"ഹാവു, പിള്ളേരെ പഠിപ്പിക്കാൻ ഒരാളെ കിട്ടി."
ക്ലിനിക്സ് വന്ന് ആദ്യത്തെ  മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് എല്ലാ ബാച്ചിലും  ഉള്ള പ്രതിഭാസമാണ്, വാർഡിൽ രാത്രി വന്ന് ഓരോ procedures പഠിത്തം. ആരംഭശൂരത്തം എന്ന് കേട്ടിട്ടില്ലേ. ഇന്നത്തെ എൻറെ ഇരകൾ എന്നെകാൾ 5 വർഷം ജൂനിയർസ് ആയ 2012 ബാച്ചിലെ കുട്ടികൾ - 5 ആണുങ്ങളും 15 പെണ്‍ കുട്ടികളും. ഇതെല്ലാം നടക്കുമ്പോൾ രാത്രി സമയം 8 മണി കഴിഞ്ഞു കാണും.

"മോൻ, ഇവിടെ ആണോ ഇപ്പോൾ?"

വാർഡിൽ ആരാണ് എന്നെ മോൻ എന്ന് വിളിച്ചത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിസ്: മർഗരെറ്റ് (ഹോസ്പിറ്റലിലെ സിസ്റ്റർ അല്ല. ഇത് പള്ളിയിലെ സിസ്റ്റർ/ nun ). ഞങ്ങൾ പരിചയം പുതുക്കി. ഒരു പള്ളിപരിപാടിക്ക് പാടാൻ പോയപ്പോൾ പരിച്ചയപെട്ടതാണ് സിസ്റ്ററിനെ.

"മോനെ, ഇത് നമ്മുടെ ഒരു സ്ഥാപനം (വൃദ്ധസദനം) ഉണ്ട്. അവിടുത്തെ അന്തേവാസിയാണ്. മുൻപ് പല അസുഖങ്ങൾ ഒക്കെ ആയിട്ട് കിടപ്പിൽ ആയിരുന്നു. ഇന്നലെ മുതൽ ഒന്നും സംസാരിക്കുന്നുമില്ല, ഭക്ഷണവും കഴിക്കുന്നില്ല. "

സിസ്റ്ററോടുള്ള സംസാരം ഒക്കെ കഴിഞ്ഞു, ജൂനിയെർസിനെ cathether (മൂത്രം പോകാനുള്ള ട്യൂബ്)  ഇടാൻ പഠിപ്പിചിട്ട്, ഞാൻ രോഗിയെ പരിശോധിച്ചു കേസ് ഷീറ്റ് എഴുതാൻ തുടങ്ങി. നല്ല പേരായിരുന്നു അവർക്ക്. സിത്താര താര. അത് പോലെ തന്നെ കാണാനും. നല്ല നര ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പ്രായം പ്രതീക്ഷിചെങ്കിലും 65 വയസ്സ് മാത്രമേ ഉണ്ടാരുന്നുള്ളു .
ശുഗറും പ്രഷറും എല്ലാം ഉള്ള സ്ത്രീ. ഞാൻ എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി. അവരുടെ കയ്യിൽ മുൻപ് ചെയ്തിട്ടുള്ള പരിശോധനകളുടെ റിസൾട്ട്‌ ഒന്നുമില്ല. ഒന്നും കൂടെ ഉള്ളവർക്ക്  വ്യക്തമായി പറയാനും അറിയില്ല. അപ്പൊ, ഈ "കേസ്"  ഒന്നെന്ന് പറഞ്ഞു തുടങ്ങണം, രോഗം എന്താണെന്ന് അറിയാൻ.

ഞാൻ  അത് വഴി വേറൊരു രോഗിയെ നോക്കാൻ പോയപ്പോൾ ശ്രദ്ധിച്ചു. നല്ല ബെഡ് ഷീറ്റ് ഒക്കെ വിരിച്ചു, തലവശം പൊക്കിവെച്ചു, ദേഹം മൊത്തം പുതപ്പിച്ചു കിടത്തിയിരിക്കുന്നു നമ്മുടെ നായികയെ.. ആകെ കൂടെ പുറത്തു കാണാവുന്നത്‌ ഒക്സിജെൻ മാസ്ക് ഖടിപ്പിച്ച തല മാത്രം. അടുത്ത് അവരോട് നല്ല മുഖസാമ്യം ഉള്ള ഒരു സ്ത്രീയും. ഞാൻ ടെസ്റ്റുകളുടെ കാര്യം അവരോടു പറയാൻ തുടങ്ങിയപ്പോളെക്കും സിസ്റ്റർ ചാടി വീണു.

",മോനെ, പരിചയപ്പെടുത്താൻ മറന്നു പോയി. ഇത് ഈ അമ്മമേടെ (രോഗിയുടെ) പെങ്ങള. അപ്പോ, ഞങ്ങൾ ഇറങ്ങട്ടെ. എല്ലാം മോൻ നോക്കിക്കോളും എന്ന ആശ്വാസത്തോടേ പോകുവാ . ദൈവമായിട്ട മോൻറെ മുന്നിൽ ഞങ്ങളെ എത്തിച്ചത്."

എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്തായാലും കിട്ടിയതല്ലേ, ആ മുൾ കിരീടം കൂടെ തലയിൽ പേറാം. ഇതിനാണ് പറയുന്നത്, "വരാൻ പോകുന്ന P .P  വഴിയിൽ തങ്ങില്ല" എന്ന്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി P.P എന്താന്നെന്ന് കൂടി പറഞ്ഞിട്ട് പോകാം. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നവർക്ക് പരീക്ഷ എന്ന് കേട്ടാൽ പേടികാണില്ല, എന്നാൽ P .P എന്ന് കേട്ടാൽ ഞെട്ടും. P .P aka  Private patient. അതായത് നാട്ടിൽ നിന്നൊക്കെ  കോളേജിൽ നമ്മുടെ പേരിൽ വന്നു ഡോക്ടർമാരെ കാണുന്നവർ. അങ്ങനെ ചെയ്തു കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു. ഒരുപാട് പേർക്ക് സഹായം ചെയ്യാനും സാധിച്ചിട്ടുണ്ട്. സഹായം ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് പൊതുവെ P .P കൾ കുറവാണ്. അടുത്ത സുഹൃത്തുകൾ കുറെ പേർ ഇത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ആ നാട്ടിൽ നിന്നൊക്കെ എൻട്രൻസ് പാസ്സ് ആവുന്ന ആദ്യത്തെ ആളാവും അവൻ.

ചിലപ്പോ, പരിക്ഷ ദിവസം രാവിലെ ആവും വിളിക്കണേ. "ഹലോ, അനൂപ്‌ ഡോക്ടർ അല്ലേ, മോനേ, തെക്കേലെ ജാനമ്മ പറഞ്ഞിട്ട് വിളിക്കുവാ. എനിക്ക് ഒരു നടുവേദന, അങ്ങോട്ട്‌ കാണിക്കാൻ വേരുമേ. എത്തിട്ടു വിളിക്കാമേ. "

ഇനി നമ്മുക്ക് കൊണ്ട കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ പറ്റില്ല എന്ന് വല്ലോം പറഞ്ഞാൽ, തീർന്നു നമ്മുടെ കാര്യം. "അവൻ മെഡിയോളജിൽ  (മെഡിക്കൽ കോളേജ് എന്ന് തികച്ച് പറയില്ല) കേറി കഴിഞ്ഞപ്പോൾ, വല്യ ആളായി എന്നാ വിചാരം ".  ഇങ്ങനൊക്കെ കേൾക്കാണ്ടിരിക്കാൻ മിക്കവന്മാരും unknown നമ്പർ കണ്ടാൽ ഫോണ്‍ എടുക്കില്ല. അതിലും വല്യ തമാശ, ഈ ജാനമ്മ എന്ന കഥാപാത്രം ആരാണെന്ന് പോലും നമ്മുക്ക് അറിവുണ്ടാവില്ല.

ഇനി നമ്മുക്ക് സിത്താര താരയിലേക്ക് വരാം. പാര ആവല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവരെ ഏറ്റെടുത്തു. (എടുക്കേണ്ടി വന്നു എന്നതാവും ശരി).

പോകും മുൻപ് സിസ്റ്റർ എന്നെ മാറ്റി നിർത്തി പറഞ്ഞു. "മോനേ, അമ്മാമേടെ പെങ്ങള് ഏതോ വീട്ടിൽ ഇപ്പൊ ജോലിക്ക് നില്ക്കുവ. ഇവർക്ക് വയ്യാതെ വന്നപ്പോൾ ഓടി വന്നതാ."

അവരെ കണ്ടാൽ ഒന്നും അങ്ങനെ പറയില്ല. നല്ല യോഗ്യത്തിയായ സ്ത്രീ. ഇടുന്ന വേഷവും സ്വർണവും കണ്ടാൽ ഇങ്ങനെ ഒരു ഹിസ്ടറി പറയില്ല.

സിസ്റ്റർ പോയ ശേഷം, ചെയ്യേണ്ട ടെസ്റ്റുകളുടെ പേപ്പറുകൾ എല്ലാം അവരെ ഏല്പിച്ചു. "അയ്യോ, മോനേ, ഇത്രയും ടെസ്ട്ടുകളൊക്കെ വേണോ. ഇന്നിപ്പോ, രാത്രി ആയില്ലേ. നാളെ ചെയ്യാം".

പിറ്റേന്ന് post op  റൗണ്ട്സിനു ചീഫ് ഡോക്ടർ വന്നപ്പോൾ, ഇവരുടെ C.T scan ഉൾപ്പടെ ഒരു ടെസ്റ്റും ചെയ്തിട്ടില്ല. ഈ പരുവത്തിൽ റൗണ്ട്സ് അവരുടെ അടുത്ത് എത്തിയാൽ, കൂടെയുള്ള സ്ത്രീക്ക് വഴക്ക് കേൾക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അവരുടെ അടുത്ത് എത്തും മുൻപേ, ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു. അവര് വൃദ്ധസദനത്തിലെ രോഗി ആണെന്നും മറ്റും പറഞ്ഞു. വഴക്കിൽ നിന്നും തല ഉരിച്ചു. വാർഡിലെ അന്നത്തെ പണിയൊക്കെ ഏകദേശം ഒതുക്കിട്ട് ഞാൻ അവരുടെ അടുത്തെത്തി. ഞാൻ ടെസ്റ്റുകൾക്ക് പോകേണ്ട സ്ഥലം ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു. C.T scan നു കൂടെ പോകാൻ attender റെയും തരപ്പെടുത്തി.

അന്ന് വൈക്കുന്നേരം ഞാൻ വാർഡിൽ എത്തിയപ്പോൾ, ഈ പേപ്പറുകളെല്ലാം ഭദ്രമായി കൈയിൽ വെച്ചിട്ടുണ്ട്. ഒരു ടെസ്റ്റും ചെയ്തിട്ടില്ല. എനിക്ക് ദേഷ്യം വന്നു ഒരുപാട് തവണ. കാരണം ഞാൻ പലവട്ടം അവരുടെ അടുത്ത് എത്തിയപ്പോളും ടെസ്റ്റുകൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഓരോ തവണയും അവർ ഓരോരോ കാരണങ്ങൾ പറഞ്ഞു.

"മോനേ, ഞാൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ, എനിക്ക് ഒന്നും അറിയില്ല."

"മോനേ, എനിക്ക് നല്ല തലവേദന ആയിരുന്നു. നാളെ ചെയ്യാം."

"കാശ് ചിലവാക്കാൻ ഇല്ല."

"ഇത്രയും കാലം മഠത്തിലല്ലേ കിടന്നേ. സിസ്റ്റർമാരോടും കൂടി ചോദിച്ചിട്ട് ചെയ്യാം."

ഇതൊക്കെ വെറും ഒഴിവുകൾ ആയിരുന്നു. അവരുടെ മനസ്സിൽ ഇരിപ്പ് ഞാൻ കുറച്ചു വൈക്കിയാണേലും, ഞാൻ മനസിലാക്കി.

"മോനേ, അമ്മാമ്മേ നോക്കാൻ ആരുമില്ല. കുറെ കാലമായിട്ട് ഇങ്ങനൊക്കെ തന്നെയാ. ഈ ടെസ്റ്റ്‌ ഒക്കെ ചെയ്താലും വല്യ കാര്യം ഒന്നും ഉണ്ടാകും എന്ന് എനിക്ക് പ്രതീക്ഷയില്ല. അപ്പൊ, പിന്നെ ഇത്രയൊക്കെ അമ്മാമ്മേ ബുദ്ധിമുട്ടിക്കണോ? സ്വസ്ഥമായിട്ട് അങ്ങ്............" കൈ മേൽപ്പോട്ട്‌ ഉയർത്തി കാണിച്ചു.

അപ്പോ, ഇതായിരുന്നു കാര്യം. ഇതൊന്നും അറിയാതെ, സിത്താര പുതച്ചു മൂടി കിടപ്പുണ്ട്.  അവർക്ക് ജീവനുണ്ടെന്നതിന്റെ ഏക തെളിവ്, ശബ്ദം ഉണ്ടാക്കിയുള്ള ശ്വാസം വലി മാത്രം ആരുന്നു. അവര് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

ഞാൻ സിസ്റ്ററിനെ വിളിച്ചു വരുത്തി. കാര്യം പറഞ്ഞു. അവർ ചെന്ന് സിത്താരയുടെ പെങ്ങളോടെ സംസാരിച്ചു തിരികെ വന്നു.

"കുടുംബക്കാർക്ക്‌ വേണ്ട എങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ?"

കുടുംബത്തിനും വേണ്ട സിസ്റ്ററിനും വേണ്ട. ഇപ്പൊ എൻറെ കൈയിലാണ് ബോൾ. എങ്ങോട്ട് അടിക്കണം എന്ന് അറിയാതെ പകച്ചു നിന്നു. ഏതായാലും മൊത്തത്തിൽ ഏറ്റെടുത്തു സെൽഫ് ഗോൾ അടിക്കാൻ ഞാൻ ഇല്ല. ഞാൻ അധികം ചിന്തിക്കാൻ നിന്നില്ല. ഇങ്ങനൊക്കെ ഉള്ള സന്ദർഭങ്ങൾ കഥകളിൽ വായിക്കുമ്പോൾ കൈ കഴുക്കി മാറുന്ന ഡോക്ടറോട് പൊതുവെ വായനക്കാർക്ക് ഒരു പുച്ഛവും വെറുപ്പും തോന്നാറുണ്ട്. പക്ഷെ, ഞാൻ എൻറെ ഇമേജ് ഒന്നും നോക്കിയില്ല. കുടുംബത്തിനും സിസ്റ്ററിനും വേണ്ട എങ്കിൽ പിന്നെ എനിക്ക് എന്തിനാ?

ഞാൻ damage control strategies പ്ലാൻ ചെയ്തു. സാധാരണ ഇങ്ങനെ ആരേലും ടെസ്റ്റുകൾ ചെയ്യാൻ തയ്യാറാവാതെ ഇരുന്നാൽ ഞാൻ തുടങ്ങുന്ന ഡയലോഗ് ഇതാണ്. " പിന്നെ, എന്ത് കാണിക്കാനാ, മെഡിക്കൽ കോളേജിൽ കൊണ്ട് വന്നെക്കുന്നെ. വീട്ടിൽ തന്നെ കിടന്നാൽ പോരാരുന്നോ?" പക്ഷെ, അത് ഞാൻ skip  ചെയ്തു.

" അമ്മ, നിങ്ങൾ ഒരു ടെസ്റ്റുകളും ചെയ്യാൻ തയ്യാറല്ല എന്നും, അങ്ങനെ ചെയ്യാതെ വന്നാൽ രോഗം കണ്ടു പിടിക്കപ്പെടുകയില്ലെന്നും, അത് മരണത്തിന് തന്നെ കാരണമാവാം എന്നും ഡോക്ടർ പറഞ്ഞു മനസിലാക്കിയതായി ഒപ്പിട്ടു തരണം. പിന്നെ, ഡോക്ടറുടെ നിർദ്ദേശത്തിനു വിരുദ്ധമായി ഡിസ്ചാർജ് വാങ്ങിയതായി കേസ് ഷീറ്റിൽ ഒപ്പിടണം. അങ്ങനെ ചെയ്‌താൽ, ഞാൻ അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി തരാം, അവിടെ കൊണ്ട് പോയി കിടത്തു. "

ഒപ്പിടാനോക്കെ ആദ്യം വിസംമ്മതിചെങ്കിലും, പിന്നിട്ടു അത് ചെയ്തു. പക്ഷെ അവസാനം ചോദിച്ച കാര്യത്തിൽ മാത്രം ഒരു രമ്യതയിൽ എത്താൻ പറ്റിയില്ല.
സിസ്റ്റർ സിത്താരയുടെ വീട്ടുകാരുടെ അടുത്തുള്ള ആശുപത്രിയിലോട്ട് എഴുതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, സിത്താരയുടെ സഹോദരി വൃദ്ധസദനതിനടുത്തുള്ള ആശുപത്രി മതി എന്നായി. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടാൻ തുടങ്ങി. എന്തായാലും, ഒരു തീരുമാനം ആകാത്തത് കൊണ്ട് ഞാൻ അന്ന് ഡിസ്ചാർജ് എഴുതിയില്ല.

ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ അഡ്മിറ്റ്‌ ആയി രണ്ടു ദിവസം കഴിഞ്ഞു. അതായത് പോസ്റ്റ്‌-പോസ്റ്റ്‌ അഡ്മിഷൻ ഡേ. അന്ന് ഞാൻ ആയിരുന്നു നൈറ്റ്‌ ഡ്യൂട്ടി. രണ്ടു ദിവസത്തെ അടുപ്പിച്ചുള്ള ഡ്യൂട്ടി ശാരീരികവും മാനസികവും ആയി എന്നെ തളർത്തിയിരുന്നു. വാർഡിലെ പണികളൊക്കെ ഒരു വിധം ഒതുക്കി ഞാൻ ഒരു 11 മണിയൊക്കെ കഴിഞ്ഞപ്പോൾ, വാർഡിൽ തന്നെ ഇരുന്ന് കേസ് ബുക്കുകളിൽ പിറ്റേ ദിവസത്തേക്കുള്ള അട്വൈസ് എഴുതാൻ തുടങ്ങി. മൂനാം വാർഡിന്റെ ഒരു കുഴപ്പം ഞാൻ കഴിഞ്ഞ കഥയിൽ പറയാൻ മറന്നു. ഈ വാർഡിൽ മാത്രമല്ല, പൊതുവെ എല്ലാ വാർഡുകളിലും ഉള്ള കുഴപ്പമാണ്. പൂച്ച ശല്യം. ഇന്ന് വാർഡിലെ ശല്യം ഒരു കറുപ്പും വെളുപ്പും പൂച്ചയാണ്. ഒരുമാതിരി എല്ലാ രോഗികളും കൂട്ടിരിപ്പ്കാരും ഉറങ്ങി കാണും. ഞാൻ നോക്കുമ്പോൾ, ഈ രണ്ടു പൂച്ചകളും ഉറങ്ങുന്ന രോഗികളുടെ പുറത്തൂടെ ചാടി ചാടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി പൊരിഞ്ഞ അടി. ശബ്ദം കേട്ട്, ഒരു കൂട്ടിരിപ്പ്കാരി ഒരു ചെരുപ്പ് എടുത്തി എറിഞ്ഞു നോക്കി. എവിടെ മാറാൻ? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാർഡ്‌ attender വന്നു ഒരു വല്യ കമ്പ് വച്ച് അടിച്ച് പേടിപ്പിച്ചു. രണ്ടും എവിടോ പോയി.

ഞാൻ ഇതൊക്കെ കണ്ടു ഇരിപ്പുണ്ടായിരുന്നു അവിടെ. ഇടൈക്ക് എപ്പോഴോ ഞാൻ ഉറങ്ങിപോയി.

വാർഡിൽ  ഇരുന്നു ഉറങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പെട്ടന്ന് ഉണർന്നു. പൊതുവെ  വെളിച്ചം മൊത്തം കെടുത്തി ഇരുന്നു ആ സമയം കൊണ്ട് .. അവിടേം ഇവിടേം കുറച്ചു ബൾബിന്റെ അരണ്ട വെളിച്ചം മാത്രം. ഞാൻ വാർഡ്‌ റൂമിൽ കേറി. അവിടെ ഒരു സിസ്റ്റർ ടാബിളിൽ കമഴ്ന്നു കിടന്നു ഉറങ്ങുന്നു. (ആ സിസ്റ്ററിനെ കണ്ടാൽ ഒരു ഡോൽ പോലെ ഇരിക്കും ). നേരത്തെ ആരോ ഇട്ടു വെച്ചിരുന്ന  ചായ വെള്ളം ഗ്ലാസിൽ ഒഴിച്ച്, ഞാൻ വാർഡ്‌ റൂമിലെ balcony യിലോട്ട് കേറി. ഹോസ്പിറ്റലിലെ  എൻറെ ഒരു favorite spot ആണത്. ആ balcony ക്ക് മുന്നിൽ മൊത്തം മരങ്ങൾ. ഞാൻ ചിന്തിച്ചിട്ടുണ്ട്, ആ മരങ്ങളിൽ തിരുവനതപുരത്തെ എല്ലാ കാക്കകളും കാണുമെന്ന് . അത്ര മാത്രമുണ്ട്.ആ മരങ്ങളുടെ താഴെയുള്ള  ടാറിട്ട റോഡിൽ ഇലകൾ വീഴുന്നതിലും കൂടുതൽ കാക്ക തീട്ടമാണ് . റോഡിൽ കറുപ്പിനെകാൾ  ഏറെ വെളുപ്പും. 


വാർഡിൽ എന്തോ ശബ്ദം കേട്ടത് പോലെ ഞാൻ ഒന്ന് ഒളിഞ്ഞ് നോക്കി. അരണ്ട വെളിച്ചത്തിൽ  എനിക്ക് അത്ര വ്യക്തമായില്ല. ആരോ വീണ്ടും പൂച്ചകളെ ഓടിക്കുകയാണ് . പക്ഷെ, അവർ ആ വെള്ള പൂച്ചയെ സംരക്ഷിക്കുന്നത് പോലെ തോന്നിച്ചു. ഞാൻ വീണ്ടും പുറത്തെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങി. വലത്  വശത്ത് താഴെ  casuality യിൽ ആംബുലൻസ് വന്നു രോഗികളെ ആരൊക്കെയോ പിടിച്ചു ഇറക്കുന്നു. എതിർ വശത്തായി, ബ്ലഡ്‌ ബാങ്ക് . അതിൻറെ  സൈഡിൽ OP ബ്ലോക്ക്‌. """ഡോക്ടർ , ചിന്തിച്ചിട്ടുണ്ടോ, ഈ കാക്കകൾ എന്താണ് ഈ മരങ്ങളിൽ തന്നെ കുടിയേറിയിരികുന്നതെന്ന്? "

സിസ്റ്റർ ആവും ഉണർന്ന് വന്ന് സംസാരിക്കുന്നതെന്ന് ഞാൻ വിചാരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ, ഒരു നൈറ്റി  ഇട്ട സ്ത്രീ എനിക്കൊപ്പം വന്നു നില്കുന്നു. പക്ഷെ, ഉത്തരം അറിയാനുള്ള ആർത്തി കാരണം ആവും ഞാൻ അവരെ പറഞ്ഞു വിടാതെ മറുപടി പറഞ്ഞു. 


"അറിയില്ല."  "  ഈ അടുത്തുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ ഒരുമിച്ചു നടക്കുന്നത്  ആശുപത്രിയിലല്ലേ.കാക്കകൾക്ക് മരണം വളരെ ഇഷ്ടമാണ്. "


ഒരു മാതിരി philosophical ആയിട്ടുള്ള മറുപടി. എനിക്ക് ഒട്ടും ദഹിച്ചില്ല. 


"ആരാണ്  നിങ്ങൾ? ചെല്ല്, വാർഡിൽ പോയി കിടക്ക്‌."ഇത് പറഞ്ഞതും ആ സ്ത്രീ കൈകൾ കൊണ്ട് എൻറെ തോണ്ടയിൽ കേറി  മുറുക്കി പിടിച്ചിട്ട്, " നീ  കൊല്ലാൻ ശ്രമിക്കുന്ന സിത്താര ആണെടാ ഞാൻ "ഞാൻ ഞെട്ടി ഉണർന്നു. അപ്പോഴാണ്‌, ഞാൻ വാർഡിലെ ടാബിളിൽ തലവെച്ചു ഉറങ്ങുക്കയാണെന്ന് മനസിലാക്കിയത്. പക്ഷെ, ഞാൻ ഉണർന്നത് ഇന്നലെ വരെ എന്നിൽ ഉണ്ടായിരുന്ന ഡോക്ടറിലേക്കല്ല. ഒരു കുറ്റത്തിന് കൂട്ട് നിന്നതിൻറെ ഭാരം പേറുന്ന ഒരു മനുഷ്യനിലേക്കാണ്. ആ കുറ്റബോധം എന്നെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യിച്ചു. 


അവരെ കൊണ്ട് ഒപ്പിടീച്ചതെല്ലാം കീറി വെട്ടി കളഞ്ഞു. ചെയ്യേണ്ട എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. സിത്താരയുടെ കൂടെ ഒരു ഹോം നേഴ്സിനെ ഇരുത്തിട്ട്, അവരുടെ പെങ്ങൾ പോയി. ആ പെണ്‍കുട്ടി നല്ല ചുറുചുറുകൊടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തു. കോളേജിലെ സ്പർശം സംഘടനയി നിന്നും കുറച്ചു സഹായം എത്തിച്ചു. മരുന്ന് ഒക്കെ ഫ്രീ ആയി വാങ്ങാൻ വേണ്ടി വൃദ്ധസദനത്തിന്റെ ഒഫീഷ്യൽ ലെറ്റർ ഒക്കെ ഒപ്പിച്ചു. എല്ലാം കഴിഞ്ഞു രാത്രി  ആ ഹോം നേഴ്സ് കുട്ടി എൻറെ അടുത്ത് വന്നു.

"സാർ, എല്ലാം ചെയ്തു. ഇപ്പൊ CT സ്കാൻ കഴിഞ്ഞു വന്നേയുള്ളൂ. റിസൾട്ട്‌ നാളെ രാവിലെ ആവും കിട്ടാൻ എന്ന് പറഞ്ഞു."

"CT സ്കാൻ വെറുതെ ചെയ്യിച്ചു എന്നെ ഉള്ളു. അതിൽ ഒന്നും കാണാൻ ഇടയില്ല. ബ്ലഡ്‌ ടെസ്റ്റിൽ ചില പ്രശ്നങ്ങളുണ്ട് അത് വെച്ച് മരുന്നൊക്കെ നേരത്തെ തുടങ്ങി. രണ്ടു ദിവസം കഴിയുമ്പോൾ ആള് സംസാരിച്ചു തുടങ്ങും." ഞാൻ ധൈര്യമായി പറഞ്ഞു.

അന്ന് രാത്രിയും ഞാൻ തന്നെ ആയിരുന്നു ഡ്യൂട്ടി. പതിവ് പോലെ, പണികൾ കഴിഞ്ഞു advice complete ചെയ്യാൻ തുടങ്ങി ഓരോ കേസ് ഷീറ്റുകൾ എടുത്തു വെച്ച്. സിത്താരയുടെ ബുക്ക്‌ എത്തിയപ്പോൾ CT സ്കാൻ റിപ്പോർട്ടിൻറെ സ്ഥലം മാത്രം fill ചെയ്തു കാണാഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം. ഞാൻ നടന്നു എമർജൻസി CT എടുക്കുന്ന സ്ഥലത്തെത്തി ഡോക്ടർ റൂമിൽ കേറി. ഭാഗ്യത്തിന് സിത്താരയെ സ്കാൻ ചെയ്തത് എനിക്ക് പരിചയമുള്ള Dr . Jerry ആയിരുന്നു. 

"ഡാ, റിപ്പോർട്ട്‌ കണ്ടപ്പോൾ എനിക്ക് ചെറിയ സംശയങ്ങൾ തോന്നി. അതാ നാളെ തരാം എന്ന് പറഞ്ഞത്. അവർ പണ്ട് CT സ്കാനുകൾ ഒന്നും ചെയ്തിട്ടില്ല എന്നാലേ പറയുന്നത്. പക്ഷെ she is critical. റിപ്പോർട്ട്‌ ഇതാണ്.Bilateral Multiple infarcts ."

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. തലയിലെ ഞെരമ്പുകളിൽ പല സ്ഥലങ്ങളിലായി രക്തം കട്ടി പിടിച്ചു കിടക്കുന്നു എന്നാണ് റിപ്പോർട്ടിൽ. ഞാൻ ഏതാണ്ട് ഒരു മണിക്കാണ് ഈ റിപ്പോർട്ടുമായി വാർഡിൽ വന്നത്. നല്ല ഉറക്കം ആയിരുന്ന ഹോം നേഴ്സ് കുട്ടിയെ വിളിച്ചു ഉണർത്തി ഞാൻ ആ റിപ്പോർട്ട്‌ കൊടുത്തു. 

ക്ഷീണിതനായി ഞാൻ  വന്നു കിടന്നു. വാർഡിനു അടുത്തുള്ള റൂമിൽ വേറൊരു ഹൗസ് സർജൻ വന്നു കിടന്നതിനാൽ ഞാൻ മുകളിലെ നിലയിലുള്ള സർജറി HS റൂമിലാണ് അന്ന് കിടന്നത്. ആ ഉറക്കത്തിലും ഞാൻ അവരെ സ്വപ്നം കണ്ടു. വെള്ള പൂച്ചയെ കാണുനില്ല എന്നും പറഞ്ഞു സിത്താര വാർഡിലൂടെ ഓടി നടന്നു കരയുന്നു. ആ സ്വപ്നം എനിക്ക് നല്ല പോലെ ഓർമ വരുന്നില്ല. കാരണം, സ്വപ്നം തീരും മുൻപ് ഫോണ്‍ ബെൽ എന്നെ ഉണർത്തി. 

ഞാൻ ഫോണ്‍ എടുത്തപ്പോൾ, "സുജിത്ത് ഡോക്ടർ അല്ലേ?, വാർഡ്‌ മൂനിലോട്ടു പെട്ടന്ന് വരണം. ഒരു രോഗി gasping  ആണ്." ഞാൻ നോക്കിയപ്പോൾ, 4:30am,  3 missed calls വേറെ ഉണ്ട്. വാർഡിൽ വേറെ യുണിട്ടിനു വേണ്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന Dr .വിജീഷും എന്നെ വിളിച്ചിരിക്കുന്നു. എനിക്ക് സാധാരണ അങ്ങനെ സംഭവിക്കാറില്ല. കാരണം ഞാൻ രണ്ടു ഫോണ്‍ കൊണ്ട് നടക്കാറുണ്ട് ഡ്യൂട്ടിയിൽ വരുമ്പോൾ. ഞാൻ ഓടി വാർഡ്‌ 3 ഇൽ എത്തി. അവിടെ സിസ്റ്റർ കാത്തു നിൽപ്പുണ്ടായിരുന്നു. 
"ഞാൻ കുറെ വിളിച്ചല്ലോ. ഉറങ്ങി പോയോ. ഒടുവിൽ മറ്റേ യുണിടിലെ HS ഇനെ ഉണർത്തി."

വിജീഷ് gloves ഊരി മാറ്റി കൊണ്ട് എൻറെ അടുക്കലേക്ക്‌, " പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. patient  death  ആയി." 

ഞാൻ നടന്നു നോക്കി. സിത്താര ആവല്ലേ ആ രോഗി എന്ന് പ്രാർത്ഥിച്ചു ഒരു നിമിഷം കണ്ണടച്ചു. അവരുടെ കരയുന്ന മുഖം വീണ്ടും മനസ്സിൽ വന്നു. സിത്താരയുടെ കട്ടിലിൽ എത്തിയപ്പോൾ അവർ ശാന്തമായി ഉറങ്ങുന്നു. ശ്വാസം വലികാതെ. ഒക്സിജെൻ മാസ്ക് ഇടാതെ.. ആ ഉറക്കത്തിൽ നിന്നും അവർ ഉണരില്ല. അടുത്ത് ചെയ്തതെല്ലാം വെറുതെ ആയല്ലോ എന്നാ നിസഹായവികാരവും ഉറക്കചടവും ചേർന്ന് എന്നെ നോക്കി മിണ്ടാതെ നിൽകുന്നു. ആ കറുത്ത പൂച്ച മാത്രം ഓടികളിച്ചു നടക്കുന്നു. ഞാൻ ചുറ്റും നോക്കി, അവിടെ ഉണ്ടായിരുന്ന വെള്ള പൂച്ചയെ കാണാനില്ല. 

ഞാൻ തിരികെ നടന്നു അവരുടെ death  certificate ഉം കേസ് ഷീറ്റും എഴുതാൻ തുടങ്ങി. എൻറെ  മനസ്സിൽ ഒരു വല്യ debate നടക്കുന്നു. വിഷയം: ഞാൻ തെറ്റ് കാരനോ? എൻറെ ഉള്ളിൽ ഇരുന്നു ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുന്നു. bilateral extensive multiple infarcts വന്ന രോഗിയെ നേരത്തെ ചികിത്സിച്ചാലും കുറച്ച് മണികൂറുകൾ കൂടി മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. ഒരുപാട്, ന്യായികരണങ്ങൾ കണ്ടു പിടിച്ചു.  അവസാനം ഞാൻ ആശ്വാസം കണ്ടെത്തിയത് എൻറെ ഒരു അധ്യാപകൻ പറഞ്ഞ വാക്കുകളിലാണ്.

"before you become a great clinician, you would have killed at least five"4 comments:

 1. adya vaayana ishtamaayi... vishadamaaya oru marupadi idaan thirichu varunnund...
  aashamsakal brother...

  ReplyDelete
  Replies
  1. vaayichathil orupaadu santhosham.. vishadamaaya marupadi predikshikunnu

   Delete
 2. ഒരു ഡോക്ടറുടെ കേസ് ഡയറി
  വീര്‍പ്പടക്കി വായിച്ചു, ഒറ്റയിരുപ്പില്‍, ആദ്യം മുതല്‍

  ഇനിയും വരാം

  ReplyDelete