About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 10, 2013

സ്മിത

housesurgeoncy diaries/ Medicine diaries/ സ്മിത



"സുജിത്തേ, നിന്നെ കാണണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. നിനക്ക് സരോജ് കുമാറിനെ ഓർമയില്ലേ?"

അനെസ്തേഷ്യപോസ്റ്റിങ്ങ്‌ ഹൗസ് സർജൻസിയിൽ ഇല്ലാത്തത് കൊണ്ട്, ഒരു സ്പെഷ്യൽ CPCR ക്ലാസ്സ്‌ ഞങ്ങൾക്ക് വേണ്ടി ക്രമികരിച്ചിരുന്നു. ഒരു ദിവസം 15 പേർക്ക് കയറാം. അതിൽ പങ്കെടുക്കാൻ സർജറി ലെക്ചർ ഹാളിൻറെ പുറത്തു കാത്തിരുന്നപ്പോളാണ് എൻറെ പഴയ ലേഡി അസിസ്റ്റന്റ്‌ ഹൗസ് സർജൻറെ ഈ ചോദ്യം. അസിസ്റ്റന്റ്‌ ഹൗസ് സർജൻ എന്ന് കേട്ടപ്പോൾ കണ്‍ഫ്യൂഷൻ ഒന്നും വേണ്ട.  triageഇൽ നിന്ന് രണ്ടു ഹൗസ് സർജൻമാർ ഓരോ അഞ്ചു ദിവസവും മെഡിസിനിലോട്ട് വിടാറുണ്ട്. ആദ്യത്തെ മൂന്നു ആഴ്ച അതിൽ ഒരാളേ ഞങ്ങളുടെ male വാർടിലോട്ടുo. അങ്ങനെ വരാറുള്ളവർക്ക് ഞാൻ തന്നെ നല്കിയ പേരാണ്‌ അസ്സി:ഹൗസ് സർജൻ..

സരോജ് കുമാറിനെ എനിക്ക് ഓർമ്മ വന്നു. പക്ഷെ അയാളെ നിങ്ങൾക്ക് പരിചയപെടുത്തുന്നത്തിന്റെ മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്--- DSH

****************************************************************


DSH..  അതെന്തുവാ സാധനം? ഞാൻ പി. ജി ഡോക്ടറോട് ചോദിച്ചു." Deliberate Self Harm".

"രണ്ടു പേരുടെയും diagnosis ഒന്ന് തന്നെ ആണല്ലോ.  "

"ടാ  , അത്മഹത്യാശ്രമം പത്തുവയസ്സുക്കാരൻ  നടത്തിയാലും ഇരുപത്തിമൂന്നുക്കാരൻ നടത്തിയാലും രണ്ടിനും ഒരേ പേരുതന്നെ വിളിക്കുള്ളു."

suicidal attempt എന്ന് എഴുതിയാൽ പോരെ എന്ന് ചിന്തിച്ചു ഞാൻ. എന്തായാലും ഇപ്പോൾ  കാര്യം മനസിലായല്ലോ. DSH എല്ലാ മെഡിസിൻ admission ദിവസങ്ങളിലും ഒരു അഞ്ചാറുഎണ്ണം എങ്കിലും കാണാറുണ്ട്. എങ്ങനൊക്കെ ആത്മഹത്യ ചെയ്യാം എന്ന വിഷയത്തിൽ പ്രസംഗിക്കാൻ പറഞ്ഞാൽ ഞാൻ തന്നെ ആവും ഒന്നാം സ്ഥാനക്കാരൻ.

1. ഏലി വിഷം
2. ഫുരുടാൻ, മലതിയോൻ അങ്ങനെ കുറെ organophosphorus സാധനങ്ങൾ
3. കിണറ്റിൽ  എടുത്തു ചാടൽ
4. കൈയിൽ ബ്ലേഡ് വെച്ച്  മുറിക്കൽ (പഴയ നമ്പർ )
5. ആസിഡ്, മണ്ണെണ്ണ കുടിക്കൽ 

ഈ കാലഘട്ടത്തിൽ  തൂങ്ങാനുള്ള ധൈര്യം ഒന്നും ആർക്കുമില്ല.

ഇതിൽ നിന്നെല്ലാം ഉപരിയായി ഇപ്പോൾ കണ്ടു വരുന്ന പ്രതിഭാസമുണ്ട്. അതീവ ധൈര്യശാലികൾക്കു മാത്രമേ അത് ചെയ്യാൻ പറ്റു.
 കണ്ണിൽ  കാണുന്ന മരുന്ന് എടുത്തു കഴിക്കും.
ഉദ :  mutliple tabs of paracetamol, or salbutamol or thyroxine etc etc

പാരാസിട്ടമോളൊക്കെ ഒരുപടെടുത്ത് കഴിച്ചാൽ കരളടിച്ചു പോവുകയേ ഉള്ളു, ചാകത്തില്ല എന്നൊക്കെ അറിയാവുന്നവർ ചുരുക്കം. പ്രതിരോധകുത്തിവെയ്പ്പിനെ പറ്റി ബോധവൽകരണം കൊടുക്കുന്നപോലെ ഈ കാര്യത്തിലും ഇനി ബോധവൽകരണം ആവാം. ഒന്നും വേണ്ട, എന്തിനും ഏതിനും ഗൂഗിൾ തിരയുന്ന ഇവർകൊക്കെ വ്യത്യസ്ഥമായ വഴികൾ കണ്ടെത്തി കൂടെ?

ഇനി കഥയിലേ നായകനിലേക്ക് വരാം. ഇത്തവണ നായകൻ  എന്ന് പറയാൻ പറ്റില്ല. നായകർ എന്ന് വേണം പറയാൻ കാരണം രണ്ടുപേരുണ്ട്. ആ അഡ്മിഷൻ ദിവസം ബുധനാഴ്ച അവർ രണ്ടു പേരും ഏകദേശം ഒരേ സമയതായിട്ടാണ് വന്നത്.

സരോജ് കുമാർ, 23 : പേര് കേട്ടപ്പോൾ തന്നെ ഉദയനാണ് താരത്തിലെ കഥാപാത്രം തന്നെയാണ് മനസ്സിൽ വന്നത്.. ആളെ കണ്ടാലും 1990കളിലെ ശ്രീനിവാസനെ പോലെ  തന്നെ ഉണ്ട്. കുറച്ചു കൂടി പൊക്കമുണ്ട്.
എന്താ വന്നതെന്ന് ചോദിച്ചപ്പോൾ ഒരു കൂസലുമില്ലാതെ എലിവിഷം കഴിച്ചെന്നു പറഞ്ഞു.

ബാലു, 10 : സത്യൻ അന്തികാടിന്റെ 'വിനോദയാത്ര' എന്ന സിനിമയിലെ "പാലും പഴവും കൈകളിൽ  ഏന്തി" എന്ന് പാടുന്ന പയ്യനെ പോലെ ഇരിക്കും ബാലുവിനെ കണ്ടാൽ. വളരെ ക്ഷീണിച്ചു അവശയാനായ പോലെ (ചുമ്മാ അഭിനയം) ആണ് അവൻറെ അമ്മ അവനെ കൊണ്ട് വന്നത്ത്.

"എന്താ കാര്യം ഇവിടെ കൊണ്ട് വരാൻ?" ഞാൻ ചോദിച്ചു

"മരുന്ന് കഴിച്ചു."

"മരുന്ന് കഴികുന്നത് നല്ലതല്ലേ. എന്ത് അസുഖത്തിനാണ് കഴിച്ചേ?"

എനിക്ക് കാര്യം മനസിലായില്ല എന്ന് തോന്നി അമ്മ ഇടയ്ക്ക് കേറി സംസാരിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അവരെ ശ്രദ്ധിക്കാതെ വീണ്ടും ബാലുവിനോട് തന്നെ സംസാരിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.
അല്പനേരം കഴിഞ്ഞ് 

"മരുന്ന് കൂടുതൽ കഴിച്ചു" അവൻ പറഞ്ഞു 

"അയ്യോ പാവം വിശപ്പ്‌ സഹിക്കാൻ വയ്യഞ്ഞിട്ടാണോ?" 
മറുപടി ഒന്നുമില്ല.

ഇനി അമ്മയ്ക്കുള്ളത്, "ഇവന് വീട്ടില് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ?"
വീണ്ടും മറുപടി ഒന്നുമില്ല. 
ഈ കാച്ചിയ ഡയലോഗ് ഒന്നും ഞാനായിട്ട് ഉണ്ടാക്കിയതല്ല. വരുന്ന എല്ലാ DSH കാരോടും സീനിയർ ഡോക്ടർമാർ പറയാറുള്ളതാണ്. ചൊറി പകരുന്ന അസുഖമാണെന്ന് പഠിച്ചത് ഉള്ളതാണ്. കുറെ കാലം ചൊറി കേട്ട് കേട്ട് ഞാനും നന്നായി ചൊറിയാൻ പഠിച്ചു. :-)

അഡ്മിറ്റ്‌ ചെയ്യപെടുന്ന രോഗികൾ വാർഡിലെ ആദ്യ രണ്ടു ദിവസം PSC വഴി സർക്കാർ ജോലിയിൽ പ്രവേശികുന്നവരെ പോലെയാണ്. ആദ്യം ഒരു ഓണം കേറാ മൂലയിലോട്ടു, പിന്നെ വലിയ രോഗികൾ (തലച്ചോറിൽ ബ്ലീഡ്, സർജറി കഴിഞ്ഞ രോഗികൾ, ഹൃദയഘാതം വന്ന്  ICUഇൽ thrombolyse ചെയ്തവർ)  വരുന്നതനുസരിച്ച് കട്ടിലുകൾ മാറി മാറി ഒടുവിൽ വെറും തറ തന്നെ ശരണം എന്ന് പറഞ്ഞു. നിലത്തും വരാന്തയിലും കിടക്കേണ്ടി വരും. 

നമ്മുടെ നായകന്മാർ ഇതുപോലെ ആയിരുന്നു. ആദ്യം വന്നപ്പോൾ നല്ല കട്ടിലിൽ നിവർന്നു കിടന്നു. പിന്നെ രണ്ടുപേരും കൂടി  ഒരു കട്ടിലിൽ, അവസാനം തറയിൽ, വാർഡിലെ തിരക്കോക്കെ മാറിയപ്പോൾ അവർ രണ്ടു പേരും അടുത്തുള്ള കട്ടിലുകളിൽ തന്നെ എത്തി.

DSH - മണ്ണെണ്ണയോ ആസിടോ കഴിച്ചി ട്ടുള്ളതല്ലെങ്ങിൽ, എഴുതുന്ന ആദ്യ രണ്ടു  orderഉകൾ 
1. NPO   (വിവ: Nil per oral, പച്ച മലയാളത്തിൽ പട്ടിണിക്ക് ഇടുക)
2. RTA    (വിവ : ryles tube aspiration, മൂക്കിൽ കുഴൽ ഇടുക)

ഈ രണ്ടു കാര്യങ്ങൾ കേസ് ഷീറ്റിൽ എഴുതാൻ എനിക്ക് ഭയങ്കര സന്തോഷമാണ്, അവ എഴുതാൻ ആരേലും മറന്നു പോയാൽ ഞാൻ ഓർമിപ്പിക്കും. ഇവ രണ്ടും ചെയുന്നത് ചികിത്സരീതിയിൽ പറഞ്ഞിട്ടുള്ളത് തന്നെ എങ്കിലും, മറ്റൊരു വ്യത്യസ്തമായ കാര്യം കൂടി ചെയ്യുന്നുണ്ട്. പട്ടിണി കിടന്നു മൂക്കിൽ കുഴലും ഇട്ടു മൂന്ന് ദിവസം കിടക്കുന്ന ഒരുത്തന്നും പിന്നിട് ആത്മഹത്യ ചെയ്യാൻ തോന്നുകില്ല.

ഈ കാര്യം ഞാൻ ഒരു തവണ എനിക്കൊപ്പമുള്ള ഒന്നാം വർഷ പി. ജി. ചേട്ടൻ ഡോ. അതുലിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി

"you are a sadist, my boy". 
(പിന്നിട് ഇതുവരെ ഞാൻ ആ ഗുട്ടൻസ് ആരോടും പറഞ്ഞിട്ടില്ല)

നമ്മുടെ നായകന്മാർ രണ്ടുപേരും ഒരു കട്ടിലിൽ ആയിരുന്നപ്പോള്ളാണ് , ഞാൻ ryles  ട്യൂബ് ഇടാൻ ചെന്നത്, സരോജിനാണ് ആദ്യം ഇട്ടത്. അടുത്തിരുന്ന് ബാലു അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ ആശ്വാസവാക്കുകൾ സരോജിനു നന്നായി ഉപകരിച്ചു കാരണം രണ്ടാമത് ബാലുവിന് ഇട്ടപ്പോൾ അതെ വാക്കുകൾ തന്നെ സരോജ് ആവർത്തിച്ചു. 

ആത്മഹത്യശ്രമം നടത്തി അഡ്മിറ്റായാൽ ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും, കുറച്ചു ദിവസം ഒബ്സെർവെഷനുവേണ്ടി കിടത്തിയ ശേഷം മാത്രമേ  ഡിസ്ചാർജ് ചെയ്യു. അഡ്മിറ്റ്‌ ആകുന്നത്തിന്റെ പിറ്റേന്ന് മുതൽ ചോദിച്ചു തുടങ്ങും  സാറേ, ഡിസ്ചാർജ് തീരുമോ, ഡിസ്ചാർജ് തീരുമോ, എന്ന്. പതിവുപോലെ ഇവരും ചോദിച്ചു. വിട്ടില്ല.

പിന്നെ ചോദിക്കാതെ  ആയപ്പോൾ, ഞാൻ പതിയെ രണ്ടു കൂട്ടരെയും ശ്രദ്ധിച്ചു  തുടങ്ങി. അവരിപ്പോൾ വല്യ ഫ്രണ്ട്സ് ആയി. പതിയെ രോഗികൾ  ഒക്കെ ഡിസ്ചാർജ് ആയ തുടങ്ങിയപ്പോൾ, അവർ snake and ladder ഉം നാടൻ കളികളും ഒക്കെ തുടങ്ങി. ഞാനും പതിയെ ജാഡ ഒക്കെ വിട്ടു. അവരോടു കമ്പനി അടിച്ചു തുടങ്ങി. രണ്ടു പേരും എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് കണ്ടുപിടിക്കൽ ആയിരുന്നു എൻറെ ആദ്യ ഉദ്യമം.

ബാലുവിൻറെ കാര്യം വളരെ സിമ്പിൾ ആയിരുന്നു. ക്ലാസ്സിൽ പഠിക്കാത്തത്തിനു വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞു. അവൻ ആരും ഇല്ലാതിരുന്ന സമയത്ത് കുറെ പരസിടമോൾ കഴിച്ചു. വന്നു രണ്ടു ദിവസം കൊണ്ട് തന്നെ ബാലു സിസ്റ്റർമാരുടെയും കൂടെയുള്ള ലേഡി ഹൗസ് സർജൻന്റെയും ഒക്കെ കണ്ണിലുണ്ണിയായി. പെണ്‍ വർഗത്തിന് ഒരു സ്പെഷ്യൽ frequency  ഉണ്ടെന്ന് മനസിലായി. ഞാൻ പിടിചെടുക്കാത്ത രണ്ടു കാര്യങ്ങൾ അവർ കണ്ടെത്തി.

1. അവൻ ഒരു dancer ആണെന്ന്.. ചെറിയ ആളൊന്നുമല്ല. അവൻറെ ഡാൻസ് youtube ഇൽ നിന്ന് ഞാനും സരോജും ബാലുവും ഒരുമിച്ചിരുന്നു കണ്ടു ഒരു ദിവസം. 

2. സിസ്റ്റർ പറഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് " ഡോക്ടർജി, അവൻറെ മുടി നോക്കിയോ?" . അവൻറെ മുടി ഗ്രെയ് ചെയ്തിട്ടുണ്ട്. ഒരു പത്തു വയസുകരാൻ അങ്ങനെ ചെയ്തതാകാം ഈ അത്ഭുതത്തിനു കാരണം എന്ന് ഞാൻ ചിന്തിച്ചു.

സരോജിനു എന്ത് സംഭവിച്ചു എന്നുള്ളത് അവൻറെ വാക്കുകളിൽ നിന്ന് തന്നെ കേൾക്കാം.
" ഡോക്ടർ, സ്മിതയാണ് എല്ലാത്തിനും കാരണം. ഞാൻ ഒരുപാട് പുറകെ നടന്നു വളച്ച പെണ്ണാണ്‌. ഇപ്പൊ അവൾക് എന്നെ വേണ്ട. എൻറെ വീടിൻറെ അടുത്ത അവളുടെ വീടും, ഒരുപാട് കാലം പുറകെ നടന്നു കുറെ സാഹസങ്ങൾ കാണിച്ചു വളച്ചതാണ്. അവൾ പിന്നിട് ഫോണ്‍ എടുക്കില്ല. കണ്ടാൽ മിണ്ടില്ല."

"കുറെ കാലo ആയില്ലേ പിണക്കം തുടങ്ങിയിട്ട് പിന്നെ പെട്ടന്ന് ഇങ്ങനെ ചെയ്യാൻ?"

"അന്ന് അവളുടെ കല്യാണം ആയിരുന്നു. കെട്ടിയത് എൻറെ പോലെ അവളുടെ പുറകെ നടന്ന ഒരുത്തനെ. അവൻ ഗൾഫിൽ പോയി കാശുണ്ടാക്കി വന്നപ്പോൾ അവൾക് അവനെ മതി. അവൾ ഒരുകാലത്തും സന്തോഷത്തോടെ ജീവിക്കരുത്. മരിക്കാൻ  വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ ചെയ്തേ."

കുറെ സംസാരിച്ചു വന്നപ്പോൾ അവൻ അവളുടെ കൂട്ടുകാരികളിൽ ഒരാൾക്ക് അശ്ലീല മെസ്സേജ് അയച്ചു എന്നും പറഞ്ഞാണ് അവർ തമ്മിൽ പിരിയാൻ കാരണം എന്ന് മനസിലാക്കി.
 "ഞാൻ അങ്ങനെ ചെയുമെന്ന് സാറിനു തോന്നുന്നുണ്ടോ?  ഈ പെണ്‍വർഗം തന്നെ ചതിയത്തികളല്ലേ സാറേ?" 

ഇതിനു ഞാൻ എന്ത് മറുപടി  പറയാനാ. എങ്കിലും, അവൾ പിരിയാൻ വേണ്ടി ഓരോ കാരണം കണ്ടെത്തിയതാണെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു.

രണ്ടു പേരും ഉള്ളിൽ  ഉള്ള വിഷമങ്ങളൊക്കെ പറഞ്ഞു തീർത്ത് പിന്നിടുള്ള ദിവസങ്ങൾ നല്ല ജോളി  ആക്കി. ഞാനും ഇടയ്ക്ക്  അവരുടെ കളികളിൽ പങ്ക്  ചേർന്നു. ഞങ്ങളുടെ ചർച്ചകളിൽ ലാലേട്ടനും മമ്മുക്കയും ഫഹദ് ഫാസിൽ മുതൽ സച്ചിൻ വരെ  കടന്നു വന്നു. രണ്ടു ദിവസം കൊണ്ട് നന്നായ് അടുത്ത് ഞങ്ങൾ. 

അവസാനം psychiatry counseling ഉം നടത്തി സന്തോഷത്തോടെ പറഞ്ഞു അയച്ചു.

DSH വന്നാൽ കേസ്‌ ഷീറ്റും ഡിസ്ചാർജുo എഴുതി സമയം കളയാം എന്നല്ലാതെ, അക്കടെമിക്ക് ആയിട്ട് ഒന്നും കിട്ടില്ല. അതുകൊണ്ട് ഞാൻ കണ്ണും അടച്ചു പ്രാർത്ഥിച്ചു "ദൈവമേ, ഇനി ആരും മനപൂർവo  വിഷം കഴിച്ചു വരല്ലേ casualityഇൽ "

പക്ഷെ, ഈ പ്രാർത്ഥനയിൽ താത്ത്വികമായ എന്തോ തെറ്റ് ഒളിഞ്ഞു ഇരിപ്പുണ്ടെന്ന് ഞാൻ ഒരു ആഴ്ച കഴിഞ്ഞു മനസിലാക്കി. 
അടുത്താഴ്ച അഡ്മിഷനിലും വന്നു വിഷം കഴിച്ച്.. മനപൂർവമല്ല. 
'Accidental ingestion of rat poison'. ഇരുപത് വയസുള്ള എന്ജിനിയരിംഗ് വിദ്യാർത്ഥിനി ഏലിയെ കൊല്ലാൻ വേണ്ടി അമ്മ എടുത്തു അടുക്കളയിൽ വച്ചിരുന്ന എലി വിഷം കലർത്തിയ കേക്ക് കഴിച്ചു.. 

എൻറെ പ്രാർത്ഥനയിലെ തെറ്റ് ഞാൻ തിരുത്തി. 
"ദൈവമേ, ഇനി ആരും മനപൂർവമായോ അബദ്ധത്തിലോ  വിഷം കഴിച്ചു വരല്ലേ casualityഇൽ "
എന്തായാലും, പെണ്‍കുട്ടികൾ അടുകളയിൽ കേറും എന്ന് അറിഞ്ഞതിൽ സന്തോഷം. 


****************************************************************

വീണ്ടും  സർജറി ലെക്ചർ ഹാളിൻറെ പുറതേക്ക്,

"സരോജ് കുമാർ, പിന്നെ എനിക്ക് ഓർമയുണ്ട്."

"അയാളുടെ പടം ഞാൻ പത്രത്തിൽ കണ്ടിരുന്നു. ഫോട്ടോയിൽ  പേരും കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു അയാൾ തന്നെയെന്ന്" ലേഡി ഹൗസ് സർജൻ പറഞ്ഞു.  

"അയ്യോ, അയാൾക്ക്  എന്തു പറ്റി?"

"അയാൾക്ക് ഒന്നും പറ്റിയില്ല. he raped a three and a half year old girl"

എൻറെ കിളി പോയി. കുറച്ചു നേരത്തേക്ക് എനിക്ക് ഒരു relay കിട്ടിയില്ല.
ഞാൻ കാതോർത്തപ്പോൾ ലേഡി ഹൗസ് സർജൻ പറഞ്ഞു കൊണ്ടിരുന്നതിന്റെ ബാക്കി കേട്ടു.

"എന്നാലും എത്ര തവണ ഞാൻ അയാൾടെ അടുത്തിരുന്ന് ബി.പി. യും പൾസുo എടുത്തതാണ്. വിശ്വസിക്കാൻ പറ്റുന്നില്ല"

പെട്ടന്ന് മെസ്സേജ് ടോണ്‍ ചിലച്ചു. "Today's CPCR classes are cancelled."








Sunday, November 3, 2013

മാലാഖ

Housesurgeoncy diaries/Medicine diaries/മാലാഖ 


ക്യാഷുവലിറ്റിയിൽ വെച്ചിരുന്നു ഞാൻ അയാളെ ആദ്യമായ് കണ്ടത്. പഴയ കാല സിനിമകളില  പ്രതാപവും സമ്പത്തും നഷ്ടപ്പെട്ട നായകനെയാണ് എനിക്ക് അയാളെ കണ്ടപ്പോൾ ഓർമ്മവന്നത്. കൂടെ രണ്ടു സ്ത്രീകളും ഒരു പുരുഷനും. പരിശോദിച്ചപ്പോൾ തലച്ചോറിലെ രക്തകുഴലുകൾ അടഞ്ഞത് കാരണം ഉണ്ടാകാവുന്ന സ്ട്രോക്ക് പോലെ തോന്നിച്ചു പക്ഷെ സാധാരണ സ്ട്രോകെ അല്ല ഇയാള്കെന്നു  മനസിലായി. C.T സ്കാനിന് വിടാൻ ഫോമിൽ എഴുതാൻ  വേണ്ടി പേര്ചോദിച്ചു.. "നസറുദ്ദിൻ ഷാ, 73വയസ്സ് " പഴയ ഹിന്ദി നടൻ നസറുദ്ദിൻ ഷായെ ഓർമവന്നു.

"ൻറെ വാപ്പ  നസറുദ്ദിൻ ഷാടെ ബല്യ ഫാൻ ആരാണു". ഞാൻ ചോദികാതെ തന്നെ അയാൾ ഇങ്ങോട്ട് പറഞ്ഞു.


 ഫ്രഷ്‌ ആയി സ്വയം ഒരു കേസ് കണ്ടുപിടിച്ചതിന്റെ  സന്തോഷം അധികം നീണ്ടു നിന്നില്ല. C.T സ്കാനിൽ "No significant abnormality detected" എന്നാണ് വന്നത്. ഒടുവിൽ വാർഡിലെ ഹൗസ് സർജനെ വിഷമിപ്പിക്കുന്ന ആ വാകുക്കൾ ഞാൻ എഴുതി " അഡ്മിറ്റ്‌ ഇൻ വാർഡ്‌ 22".



അഡ്മിഷൻ കഴിഞ്ഞുള്ള ദിവസം എനിക്ക് അവരെ നോക്കാൻ സമയം കിട്ടിയില്ല. മൂന്നു deathഉം bad ആയിടുള്ള രോഗികളെയും (bad- ക്രിട്ടികൽ സ്ഥിതിയിലുള്ള രോഗികൾ) പരിചരിക്കുമ്പോൾ താരതമ്യേന പ്രശ്നം കുറവുള്ളവരെ വിസ്മരിക്കും. വാർഡിൽ ഞങ്ങൾ ഹൗസ് സർജൻമാർ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രശ്നം ടെസ്റ്റുകൾക്കുള്ള സ്ഥലം പറഞ്ഞു കൊടുക്കലാണ്. എത്ര പറഞ്ഞാലും വീണ്ടും നമ്മളോടും പുറത്തിറങ്ങി ലാബിൽ എത്തുന്നതുവരെ കാണുന്ന എല്ലാവരോടും ചോദിക്കും.

ഇതിനു ഒരു വിരമാമിടനാണ് ഞാൻ ഒരു ചാർട്ട് വാങ്ങി അതിൽ എല്ലാ ലാബുകളിലോട്ടും ഉള്ള വഴി എഴുതി ഇട്ടത്.ഇതു കൊണ്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല എന്ന് പിന്നിട് മനസിലാക്കി. എഴുതി ഒട്ടിച്ച ചാർട്ടിന്റെ മുന്നില് നിന്നും ഒരു സ്ത്രീ എന്നോട് വഴി ചോദിച്ചു.


"എന്തെ ഈ എഴുതിയേകുന്നെ വായിക്കാൻ പറ്റുന്നില്ലേ?"



"എനിക്ക് വായിക്കാൻ അറിയില്ല സാറെ" എഴുതിയിട്ടും  വീണ്ടും വീണ്ടും വന്ന വന്നു ചോദിക്കുന്നതിന്റെ  ഗുട്ടന്സ് ഇപ്പോഴല്ലേ മനസിലായെ.



അവരുടെ കയ്യിലുള്ള തുണ്ടുപേപ്പറിൽ ഷായുടെ പേര് കണ്ടപ്പോഴാണ് അങ്ങനോരളുടെ കാര്യം ഞാൻ ഓർത്തത്‌. പെട്ടന്ന് തന്നെ അവരുടെ തൊട്ടടുത്ത ബെഡിലെ കൂട്ടിരിപ്പുകാരൻ വന്നു എന്റെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി.

"സാറേ, ഇവർക്ക് ഒന്നും അറിയില്ല. ഞാൻ കൊടുത്തോല്ലാം "


മെഡിക്കൽ കോളേജിലെ വാർഡുകൾ ചിലപ്പോൾ ഇങ്ങനാണ്. ഒരു കുടുബം പോലെ ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും നഴ്സുമാരും ചേർന്ന് ഒരു കുടുബം പോലെ, കാരണം ഊണും ഉറക്കവും കുളിയും ജപവും എല്ലാം കുറെ ദിവസത്തേക്കു ഒരുമിച്ചല്ലേ. ഇവിടെ ഷായെടെ കാര്യങ്ങൾ നീങ്ങുന്നത്‌ ഈ ഒരുമകാരണം ആണ്.



"സാറേ, ഇവൾക് ഒന്നും അറിയില്ല. എന്തേലും ഉണ്ടേൽ ഞാൻ ചെയ്തോളാം."  സഹായിക്കാൻ വേറെ ആരും ഇല്ല എന്നത് ഞാൻ മനസിലാക്കിയതുകൊണ്ടാകും ഷാ അങ്ങനെ പറഞ്ഞത്



"എയ്യ്, അതൊന്നും ഇവിടെ പറ്റില്ല, രോഗികളെ അങ്ങനെ വാർഡിൽ നിന്ന് വിടില്ല. പിന്നെ തങ്ങള് ഈ വയ്യാത്ത കാലും വെച്ച് എങ്ങനെ നടക്കാനാണ്" ഞാൻ ചോദിച്ചു.

"നാളെ ആള് വരും സാറേ " ഭാര്യ  പറഞ്ഞു.


പിറ്റേന്ന് എട്ടു മണിക്ക് ബി   പി യും പൾസും എടുക്കാൻ ചെന്നപോൾ വീടുകരോക്കെ വന്നൊന്നു ചോദിച്ചു. ഷാ മുഖം കുനിച്ചു ഇരുന്നു.

"വന്നു സാർ. മകൻ വന്നിരുന്നു. പോയി" ഭാര്യ പറഞ്ഞു


"നിങ്ങൾക്ക് പിടിച്ചു നിർത്തി കൂടാരുന്നോ?" എനിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചു വന്നു. ഒപ്പം അവരോടു ഒരു സഹതാപവും.



"ഡോക്ടർജി, ഇതൊക്കെ ഇവിടെ സ്ഥിരം അല്ലേ. മക്കളെ ഫോണിൽ വിളിച്ചു.. പേടിപ്പിച്ചാൽ മതി. പോല്സിനെ വിലിക്കുമെനൊക്കെ പറഞ്ഞു.." എനിക്കൊപ്പം നിന്ന സിസ്റ്റർ പറഞ്ഞു.. ക്ഷമിക്കണം സിസ്റ്റർജി പറഞ്ഞു. ഇവിടെ സിസ്റ്റർമാർ ബഹുമാനം കൂട്ടി "ജി" എന്ന് കൂടി ചേർക്കും . കേൾക്കാനൊരു സുഖം അല്ലേ. അതുകൊണ്ട് ഞങ്ങളും ജി ചേർതേ വിളിക്കു. ഞാൻ ഒരു എന്ജോയ്‌ ചെയ്ത് വർക്ക്‌ ചെയ്ത സുകന്യ എന്നൊരു കൊച്ചു സിസ്റ്റർ ഉണ്ട്. സിസ്റ്റർ ഞങ്ങളെ "ഡോകു" എന്നാണ് വിളിക്കാറ്..



" മകൻ വന്നു നമ്പർ എല്ലാം ഫോണിൽ നിന്ന് മായിച്ചു കളഞ്ഞു സാറേ,." ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. അവർ വീണ്ടും അത് തന്നെ ഒരു വികാരവും ചേർക്കാതെ പറഞ്ഞു.



ഇങ്ങനെയും ക്രുരരായ മക്കളോ. നമ്മുടെ ലോകം പോയ പോക്കേ.ഒന്നുമല്ലെങ്ക്കിൽ ജന്മം തന്ന മാതാപിതാക്കളോട്  ഇങ്ങനൊക്കെ കാട്ടാമോ. അവർക്ക് 10 മക്കളുണ്ടെന്നും ആരും തിരിഞ്ഞു നോക്കാറില്ലെന്നും അവർ പറഞ്ഞു. ടി.വി കൊച്ചുബാവ എഴുതിയ വൃദ്ധസദനം എന്നൊരു നോവൽ എനിക്ക് ഓർമ്മ വന്നു. ജീവിതത്തിൻറെ സന്ധ്യ നേരത്തെ പറ്റി ഞാൻ ഒരുപാട് ചിന്തിച്ചു. വർധ്യകത്തിൽ ആരും നോക്കാനില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ദുഃഖം അനുഭവിക്കുന്ന ഒരുപാടുപേരെ ഞാൻ ഇവിടെ കണ്ടു മുട്ടി. മനസ്സിൽ ,മുഴുവൻ ആ പത്തു മകളെയും ഞാൻ ഒരുപാട് പഴിച്ചു



ഇങ്ങനുള്ള സന്ദർഭങ്ങൽ ഉണ്ടായാൽ എന്നിലെ മാലാഖ ഉണരും. അവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുത്തു. ഞങ്ങളുടെ കോളേജിലെ സാമുഹ്യ സേവന സംഘടനായ "സ്പർശം " വഴിയൊക്കെ എന്നാൽ കഴിയുന്നതൊക്കെ ചെയ്തു.

ചീഫ് പ്രൊഫസർ വന്നപ്പോൾ C T യിൽ ഒന്നും തെളിയാത്തത് കൊണ്ട് M R I scan സ്കാൻ എടുക്കാൻ നിർദേശിച്ചു.

"വേണ്ട, ഡോക്ടറെ ഞങ്ങടെ പേര് വെട്ടിക്കോ" ഒരുപാട് കൂട്ടിരിപ്പുകാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌. ഇങ്ങനെ പറഞ്ഞിട്ടുല്ലവരെല്ലാം ഞാൻ താഴെ പറഞ്ഞ ഗണത്തിൽ  ഉള്ളവരാകും.

1.  മെഡിക്കൽ കോളേജിലൊട്ട് വന്നാൽ മതി, രോഗം തന്നെ മാറിക്കോളും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ  മതി.
2. ഏതായാലും ഒരു അസുഖം വന്നില്ലേ എങ്കിൽ പിന്നെ കുറച്ചു കാര്യങ്ങൾ കൂട്ടി പറഞ്ഞു റെഫെരൽ വാങ്ങി മെഡിക്കൽ  കോളേജിൽ പോയി കിടക്കാം.
3. ഏതായാലും രക്ഷ പേടില്ല. പിന്നെ എന്തിനാ ഇതൊക്കെ ചെയ്യണേ.

ഷാ ഈ കൂട്ടത്തിൽ പെടില്ല. അയാളെ നോക്കാൻ കഴിവുള്ള ആരുമില്ല. ചിലവാക്കാൻ കാശുമില്ല. അയാൾക് ചികിത്സ കാർഡുള്ള കാര്യം അപ്പോഴാണ് ഞങ്ങളോടെ പറഞ്ഞത്. അത് എങ്ങനെ  ബുക്കിൽ പതിപിക്കണം എന്ന് അറിയതോണ്ട്  ഒന്നും ചെയ്തില്ല അവർ. അവസാനം ആ പണിയും കൂടി എനിക്ക് കിട്ടി. അവരോടുള്ള സഹതാപമാണോ, വാർഡിൽ നിന്ന് കുറച്ചു നേരം മാറി നല്കാനുള്ള അവസരം കിട്ടിയത്   കൊണ്ടാണോ എന്നറിയില്ല, ഞാൻ അതിനു തയ്യാറായ്.
അങ്ങനെ ഞാൻ ഒരു അറ്റൻറർ  ആയി മാറി കുറച്ചു നേരത്തേക്ക്. മുടിയൊക്കെ മറഞ്ഞു വളരെ ബഹുമാനത്തോടെയാണ് ആ സ്ത്രി എനിക്കൊപ്പം വന്നത്. പക്ഷെ അവർ എന്റെ ക്ഷമയുടെ നെല്ലിപലക കാണിപിച്ചു . കാരണം മറ്റൊന്നുമല്ല, എന്ത് ചോദിച്ചാലും ഒരു ഉത്തരമേ ഉള്ളു അവർക്ക്..

"അമ്മ സ്ഥലം ഇതാണ്?"
"നിങ്ങടെ മൊബൈൽ നമ്പർ"
"നിങ്ങടെ പേര് ചികിത്സ കാർഡിൽ ഉണ്ടോ?"
ഇങ്ങനെ കുറെ ചോദ്യം. 
എല്ലാത്തിന്റെയും ഉത്തരം " എനിക്ക് അറിയില്ല സാറേ?"

അവസാനം ഞാൻ ഗതി കേട്ടു ചോദിച്ചു "ഇതൊക്കെ പിന്നെ എനിക്കാണോ അറിയാവുന്നേ?"

കൂടെ എല്ലാ ഡോക്ടർമാരും ജീവതത്തിൽ ഒരിക്കലേലും പറഞ്ഞിടുള്ള ക്ലാസ്സിക്‌ ഡയലോഗ് ഞാനും പറഞ്ഞു.

" ഇതൊന്നും എനക്ക് വേണ്ടി അല്ല, ചെയ്യണേ, നിങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാ. നിങ്ങൾക്ക്  വേണ്ടെങ്ങിൽ  എനിക്കും വേണ്ട."


ശേഷം കുറച്ചു ചോറിഞ്ഞെങ്ങിലും എല്ലാം ചെയ്യാൻ പറ്റി.അവർക്ക് ചികിത്സകാർഡ്‌ വഴി പുറത്തു നിന്ന് സ്കാൻ ചെയ്യാനുള്ള രേഘകളും വാങ്ങി. അപ്പോഴും അവരു കരയാരായ മട്ടിൽ നിന്ന് തുടങ്ങി. ഞാൻ നിർത്തി. റൗണ്ട്സിനു ശേഷo  വെല്ലപോഴുമുള്ള കാന്റീൻ ചായക്കുവേണ്ടി എന്നെ വിളിച്ചു സാർ .

ഞാൻ രണ്ടാം നിലയിലെ കാന്ടീനിലോട്ടു തിരിയും മുൻപ് മൂന്നാം നിലയിൽ അവർക്ക് തിരികെ പോകാനുള്ള വഴി പറഞ്ഞു കൊടുത്തു. പക്ഷെ ഞാൻ വരാതെ അവർ പോകാൻ കൂട്ടാകിയില്ല. എൻറെ കൈയിൽ സ്റ്റോക്കുള്ള ബാക്കി വഴക്ക് കൂടി അവർക്ക് കൊടുത്തിട്ട് ഞാൻ കാന്ട്ടീനിലോട്ടു പോരുന്നു. ചായ കുടിച്ചു കൊണ്ടിരുന്നപോൾ, ഷാടെ കാര്യം ചർച്ചയിൽ വന്നു.


"ആ സുജിത്തേ, ഷാടെ പോണ്ടാട്ടിക്കു ചിന്ന പൈത്യം ഇരിക്ക്. എന്തോ മാനസിക പ്രേശ്നമാച്ചു" തമിഴ് കലർന്ന മലയാളത്തിൽ ഒന്നാം വർഷ പി.ജി. ചേച്ചി ഡോ.മോനിഷ എന്നോട് പറഞ്ഞു.

മൊത്തം കേൾകുന്നതിന്റെ മുൻപ് തന്നെ ഞാൻ തിരിച്ചു ഓടി. വഴിയിൽ കരഞ്ഞു കൊണ്ട് ആ സ്ത്രി നില്പുണ്ടാർന്നു. അവരെ ആശ്വസിപിച്ചുകൊണ്ട് ഒരു വിധം ഞാൻ വാർഡിൽ എത്തി. വരുന്ന വഴിയിൽ എല്ലാം മറ്റുള്ളവർ എന്നെ പുച്ഛത്തോടെ നോക്കി നിന്നു. ഞാൻ എന്തോ അപരാധം ചെയ്ത മാതിരി .
വാർഡിൽ എത്തി ഞാൻ പതിയെ ബാക്കിഉള്ള ജോലികൾ ചെയ്തു തുടങ്ങി. സിസ്റ്റർ വന്നു വിളിച്ചപ്പോലാണ് ഞാൻ ആ കാഴ്ച കണ്ടേ. നിലത്തു കമയ്ന്നു കിടന്നു കരയുന്നു ആ സ്ത്രി. എനിക്ക് വല്ലാത്ത കുട്ടാ ബോധം തോന്നി. ഞാൻ അവിടെ പോയ്‌ ഇരുന്നു അവരെ ആശ്വസിപിച്ചു. പുറത്തു സ്കാനിനു കൊണ്ട് പോകാനുള്ള ക്രമികരണങ്ങളും ചെയ്തു കൊടുത്തു. അവരുടെ ഫോണിൽ നിന്ന് ഒരുപാട് പേരേ വില്ച്ചു നോക്കി ആരും ഫോണെടുത്തില്ല. ഒടുവിൽ ആ സ്ത്രിടെ സഹോദരിയെ കിട്ടി. അവർ വെരമെന്നു പറഞ്ഞു.


പിന്നിട് രണ്ടു ദിവസം എൻറെ അച്ഛൻറെ സഹോദരൻ മരണം കാരണം എനിക്ക് വരാൻ പറ്റിയില്ല..



മൂന്നാം ദിവസം ഞാൻ വാർഡിൽ എത്തിയപ്പോൾ ഒരാൾ എന്നെ കാണാൻ കാത്തു നില്കുന്നു.



"നിങ്ങൾ ആരാണ്?"



"സാർ, വിളിച്ചു വരുത്തിയ ആളാണ് ഞാൻ"



"നസറുദീൻറെ?"



"അതെ. സാർ, എനിക്കും മക്കളും കുടുംബവും ഉണ്ട്. അവരെ നോക്കാൻ വേണ്ടിയാണ് ഞാൻ രണ്ടാം ദിവസം തിരികെ പോയത്. അംഗൻവാടിയിൽ കഞ്ഞി വെച്ച് കൊടുത്ത ജീവികുന്നേ. അയാൾക്ക് പത്തു മക്കളുണ്ട് സാറേ. ആരും തരിച്ചു നോക്കില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല. അങ്ങേര്  പത്തു തവണ കല്യാണം കഴിച്ചതാ. എന്റെ സഹോദരിയ പത്താം ഭാര്യ.  ഒറ്റ മക്കളെപ്പോലും അങ്ങേര് തിരിഞ്ഞു നോക്കിട്ടില്ല ഇതുവരെ "



*****************************************************************




അങ്ങ് ദൂരെ കട്ടിലിൽ ഒരു പ്രതപവാനെപോലെ അദ്ദേഹം കിടക്കുന്നു.

എന്റെ ചെവിയിൽ ഒരു ചിറകടി ശബ്ദം.
ഉള്ളിൽ എവിടെയോ ചേക്കേറിയ ആ മാലാഖ എങ്ങോട്ടോ പറന്നു പോയി  

Sunday, October 27, 2013

അവതാരിക

പുറത്തേക്കു നോക്കുമ്പോൾ മുഴുവൻ വെള്ളവസ്ത്രധാരികളാണ്, ഗവണ്മെന്റ് വാഹനങ്ങളും ഒരുപാടുണ്ട്. ആരും തെറ്റിദ്ധരിക്കണ്ട ഇത് മെഡിക്കൽ കോളേജ് തന്നെ ആണ്. എന്നാൽ ഞാൻ ഇരിക്കുന്നതിൻറെ  താഴത്തെ നിലയിൽ ബഹുമാന്യനായ കേരളത്തിൻറെ മുഖ്യമന്ത്രി ഉമമ൯ ചാണ്ടിസാറുമുണ്ട്. കണ്ണൂർ നിന്ന് ഏറ്റ കല്ലേറും കൊണ്ട് നേരെ തിരുവനന്തപുരത്തേക്ക്. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന 4 പൊതുപ്രവർത്തകരാണ് A. K. ആൻറണി, ഉമമ൯ ചാണ്ടി, വി എസ്  അച്യുതാനന്ദൻ, ഇ. K . നയനാർ  എന്നിവർ. എൻറെ പിതാവ് ഒരു പൊളിറ്റിക്സ് അധ്യാപകൻ ആയതുകൊണ്ടാണോ അതോ  എൻറെ വീട്ടിൽ ടി വി  ഇല്ലാതിരുന്നത് കൊണ്ടാണോ എന്ന് അറിയില്ല  ലാലേട്ടനെയും മമ്മുക്കയെയുകാൾ മുന്നേ  എൻറെ ഇഷ്ടകഥപാത്രങ്ങൾ ഇവരൊക്കെ ആയിരുന്നു. എല്ലാ ദിവസവും പത്രങ്ങളുടെ മുൻ പേജിൽ ഇവരൊക്കെ തന്നെ ആയിരുന്നു  എൻറെ കുട്ടികാലത്ത് .  ഭക്ഷണo കഴിക്കാൻ താഴെപോയിട്ടു വന്നപ്പോൾ വി എസ്സ്  സർ വന്നിട്ട് പോകുന്നത് കണ്ടു. സന്തോഷമായി. ഈ ബ്ലോഗ്‌ ഉദ്ഘാടിക്കാൻ എനിക്ക് ലഭിച്ചത്  എൻറെ ആദ്യകാല ഹിറോസിനെ തന്നെ. 

രണ്ടര മാസത്തെ അവധി അല്പം കൂടി പോയി എന്ന് വേണം പറയാൻ. വാർഡിലോട്ട് വേരാനെ തോന്നുന്നില്ലരുന്നു.മുൻ വർഷങ്ങളിലെ പോലെ, അവസാന ക്രമനമ്പർ വരുന്ന എനിക്ക് communtity medicine പോസ്റ്റിങ്ങ്‌ ലഭിക്കുമെന്നാണ് വിച്ചാരിചിരുന്നതെങ്ങിലും കിട്ടിയത് community ഇല്ലാത്ത വെറും മെഡിസിൻ.   2013 ഒക്ടോബർ 21ഇനാണ് ഹൌസ് സർജൻസി തുടങ്ങിയ്തെങ്ങിലും മെഡിസിനിലുള്ളവർകു മാത്രം ഒരു ദിവസം നീട്ടികിട്ടി. ഞാൻ രണ്ടര മാസത്തെകാൾ കൂടുതൽ ആകാംഷയോടെ നോക്കിയത് ആ ഒറ്റ രാത്രിയാണ്. പക്ഷെ M.B.B.S അഞ്ചു വർഷം തീർന്നതുപോലെ ആ രാത്രിയും നിമിഷങ്ങൾ  മാത്രമേ നീണ്ടു നിന്നുള്ളൂ. ഞാൻ ഉണർന്നത് മെഡിസിൻ മൂന്നാം യുണിറ്റിലേക്ക്. മെഡിസിനിൽ ആറ് യുണിറ്റുകൾ. മൂന്നാമത്തെ ദിവസം ബുധൻ ഞങ്ങളുടെ ഓ.പിയും casualityയും.
M3 യുണിറ്റുമായി എനിക്കും ഒപ്പമുള്ള നാലുപേർക്കും അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഞങ്ങളുടെ ആദ്യത്തെ മെഡിസിൻ പോസ്റ്റിങ്ങ്‌ ഇവിടെ തന്നെ ആയിരുന്നു. ചെന്നു കണ്ടപ്പോഴേ ഞങ്ങളുടെ പ്രൊഫസർ മദം പേര് വിളിച്ചു ഞങ്ങളെ. സുജിത്, സുഹൈൽ, സ്രിദേശ് , സുബ്രുജിത്ത്, ശ്രുതി. ഇവർ ഇനിയും എൻറെ കഥകളിലെ കഥപത്രങ്ങളായ് നിങ്ങൾ കണ്ടു മുട്ടികോളും. ഞങ്ങളെ  പകുത്തു male female വാർഡുകളിലായ് വിട്ടു. എനിക്കൊപ്പം വന്ന സുഹൈലുമൊത്ത് വാർഡ്‌ 22 കണ്ടു പിടിക്കാൻ കുറെ ബുദ്ധിമുട്ടി. ഒന്നാം വാർഡിൽ പണിനടക്കുന്നതിനാൽ ആണ് ഗുഹ എന്നും ആഫ്രിക്ക എന്നും ഞാൻ വിശേഷിപ്പിക്കുന്ന ഈ വാർഡിലേക്ക് ഞങ്ങൾക്ക് വരേണ്ടി വന്നത്. ഗുഹയിലേക്ക് പ്രവേശിക്കും മുൻപ് തന്നെ ഞങ്ങൾ സാബിത് ഇക്കയെ കണ്ടു മുട്ടി. നാലുവർഷം മുൻപ് M3il ഞങ്ങൾ രണ്ടാം വർഷം (മൂന്നാം വർഷം എന്നും പറയാം, MBBS ഇൽ    രണ്ടാം വർഷമില്ല, ഒന്ന് കഴിഞ്ഞാൽ മൂന്നാം വർഷമേ ഉള്ളു എന്ന് അവകാശപെടുന്നവരുമുണ്ട്) വിദ്യാർത്ഥികളായി വന്നപ്പോൾ അവിടെ ഹൗസ്‌ സർജൻ ആയിരുന്നു ഇക്ക, ചരിത്രം ഒടുവിൽ ഇക്കയെ  രണ്ടാം വർഷം പി.ജി  യും ഞങ്ങളെ ഹൗസ്‌ സർജൻമാരുമായ് മാറ്റി.. M3 യുണിറ്റിൽ തന്നെ വീണ്ടും കണ്ടു മുട്ടിച്ചു.
വാർഡിലെ ആദ്യ ദിവസം, വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിൽ എത്തിയ പെണ്ണിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു. തൊട്ടു പിറ്റേന്ന് തന്നെ ഞാൻ ഭയത്തോടെ കേട്ടിരുന്ന മെഡിസിൻ അഡ്മിഷൻ ദിവസം വന്നെത്തി. ഇരുപതു ബെട്ടും എഴുപത് രോഗികളും തുരെ തുരെ എന്ന് വന്നു കൊണ്ടിരുന്നു. ജീവതത്തിൽ ആദ്യമായ് ഒരു രോഗി എന്നെ ഡോക്ടർ എന്ന് വിളിച്ചത് അന്നാണ്. പിന്നിട് ഇങ്ങോട്ട് സ്വന്തം പേരിനെകാൾ ഏറെ കേട്ടത് ഡോക്ടറേ അന്നാണ്.  വിളികൾ വർധിച്ചപ്പോൾ ഉത്തരവാദിത്തവും കൂടി പറഞ്ഞു മാത്രം കേട്ട 48-72 മണിക്കൂർ ഡ്യൂട്ടി എന്നുള്ളതൊക്കെ കഥകളല്ല സത്യം ആണെന്ന് മനസിലാക്കി. 22 വാർഡിലെ ചൂടും നിയന്ത്രണാതീതമായ രോഗികളും കൂട്ടിരിപ്പുകരുമൊക്കെ എൻറെ ഡോക്ടർ ജീവിതത്തിന്റെ സങ്കൽപം തന്നെ മാറ്റിമറിച്ചു. പ്രതീക്ഷികാത്തവർ പെട്ടന്ന് രോഗം കൂടി മരണപെട്ടപോൾ നിർവികാരരായി നോക്കി നില്ക്കേണ്ടി വന്നു. മടുപ്പും വെറുപ്പും ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ ഞാൻ സമ്പാദിച്ചു. ഫേയിസ് ബുക്ക്‌ തുറന്നപ്പോൾ എനിക്ക് മാത്രമല്ല മിക്കവർക്കും എൻറെ അതെ വികാരങ്ങൾ വന്നു തുടങ്ങി എന്ന് മനസിലായി. ആ മടുപ്പും വെറുപ്പും ഒക്കെ ഒട്ടും അധികം നീണ്ടുനില്ല.. ഞാൻ പതിയെ എല്ലാത്തിനെയും ഇഷ്ടപ്പെട്ടു തുടങ്ങി. പുസ്തകങ്ങളിൽ വായിച്ച മരുന്നുകളും ചികിത്സാരീതികളും സ്വയം പ്രാക്ടിക്കൽ ആകിയപ്പോഴും അതിൻറെ ഫലം രോഗികളിൽ കണ്ടപ്പോഴും, മരണത്തോട് മല്ലടിച്ച് വന്നവർ സന്തോഷത്തോടെ തിരിച്ചു പോകുന്നത് കണ്ടപ്പോഴും ദൈവം പ്രവർത്തിക്കുന്ന കൈകൾ ആണ് ഡോക്ടർമാർ എന്ന് ആരോ പണ്ട് പറഞ്ഞത് സത്യമാണെന്ന് തോന്നി.  കണ്ടു മുട്ടുന്ന ഓരോ രോഗിയുടെയും ജീവിതത്തിലേക്ക് ഞാൻ സഞ്ചരിച്ചു. പഠിച്ചിരുന്നപ്പോൾ ഓരോ  രോഗിയും എനിക്കൊരു മെഡിക്കൽ  കേസ് മാത്രം ആയിരുന്നു. ഇപ്പോൾ അവരെ മനുഷ്യരായി കാണുവാൻ ഞാൻ പഠിച്ചു.. ഇങ്ങനെ ഞാൻ മനസിലാക്കിയ കുറെ സംഭവങ്ങൾ കഥകളാക്കി മാറ്റുകയാണ് ഇവിടെ.

ഈ വാരം ഞാൻ പഠിച്ച പുതിയ കാര്യങ്ങൾ 

1. male nurseഇനെ ബ്രദർ എന്ന് വിളിക്കാം 
2. ഒരു മെഡിക്കൽ വിദ്യാർത്ഥിയും ഡോക്ടറും തമ്മിൽ സാധാരണ പനിയും കാൻസറും പോലെ വ്യത്യാസമുണ്ട് 
3. മരണം എന്നത് സ്വന്തം എന്ന് കരുതുന്നവർക്ക് ഉണ്ടാവുമ്പോൾ മാത്രമേ നമ്മിൽ ദുഃഖം ജനിപ്പിക്കു. ഒരുപാടു മരണം നമ്മളെ ചിലപ്പോൾ നിർവികാരരക്കാം.
4. അനുഭവമേ ഗുരു.


വാൽകഷ്ണം : ഇത് ഒരു അവതാരിക മാത്രമാണ്. ഇങ്ങനെ വെറുപ്പികുന്നതായിരികില്ല ഇനിയുള്ളത്. ചെറുകഥകൾ മാത്രമായിരിക്കും.

ഇത് വായിക്കുന്ന ഡോക്ടർമാർക്കും സഹ-ഹൗസ്സർജൻമാർക്കും പുച്ഛം, ഹാസ്യം, ദുഃഖം, ബഹുമാനം, ആദരം എന്നവയിൽ ഏതു വികാരവും ഉണ്ടാകാം. പക്ഷെ ഇത് സാധാരണ മനുഷ്യരെ ഉദ്ദേഷിട്ടുള്ളത് മാത്രമാണ് എന്നത് അറിഞ്ഞിരിക്കുക.

ഇനിയും വരാൻ പോകുന്ന കഥകളിൽ കഥാപാത്രങ്ങൾക്കു ജീവിചിരികുന്നവരോടോ മരിച്ചവരോടെ യാതൊരു ബന്ധവുമില്ല.