About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, December 1, 2013

അമ്മ

housesurgeoncydiaries/medicine diaries/amma



മെഡിസിൻ പോസ്റ്റിങ്ങിലെ എൻറെ അവസാനത്തെ ആഴ്ച, ഒരുപാട് അനുഭവങ്ങളുടെ സമ്പാദ്യവുമായി ഞാൻ പടി ഇറങ്ങുകയാണ്. ആദ്യ പോസ്റ്റിങ്ങ്‌ തീർത്തു സൈക്യട്രിയിലേക്ക് കയറാൻ പോകുന്നതിന് മുൻപ് ഒരു കഥ കൂടി ബാക്കി നിൽപ്പുണ്ട് എന്ന് ഞാൻ കരുതിയിരുന്നില്ല. പൊതുവെ മാർക്കറ്റ്‌ കുറയാൻ സാധ്യതയുള്ള കഥയാണ് ഇത്. എങ്കിലും എനിക്ക് ഇത് എഴുതിയേ തീരു.


സത്യത്തിൽ ഇത് രണ്ടു കഥയാണ്‌. പക്ഷെ ഇതിലെ കഥാപാത്രങ്ങൾ അടുത്തടുത്ത കട്ടിലുകളിൽ ആയിരുന്നത് കൊണ്ടും, കഥാതന്തു ഒന്നായത് കൊണ്ടും, ഒരു കഥ കൂടി എഴുതി  സമയം കളയാൻ വയ്യാത്തത് കൊണ്ടും, അത് വായിച്ച് നിങ്ങളെ ബോർ അടിപ്പിക്കണ്ട എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും ഞാൻ ഒന്നും ഒന്നും ചേർത്ത് ഒന്നാക്കി. (മനസിലാകാത്തവർ വീണ്ടും വായിച്ചു ബുദ്ധിമുട്ടണ്ട)

****************************************************************************


"ഹലോ, ഡോക്ടർ അല്ലേ? ഇത് മുഖ്യമന്ത്രിയുടെ 24 ഹവർ ഹെൽപ്പ് ലൈനിൽ നിന്നാണ് വിളിക്കുന്നത്‌. നിങ്ങളുടെ വാർഡിലെ 64 ബെഡിലുള്ള ലക്ഷ്മിയമ്മ എന്ന രോഗിയെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് ഒരു കോൾ വന്നിരുന്നു. ശരിയാണോ?"

പാതിരാത്രി 1230 ക്ക് വാർഡിലെ ഫോണ്‍ അടിച്ചപ്പോഴേ ഞാൻ വിചാരിച്ചു. എന്തോ പണി വരാൻ പോവുകയാണെന്ന്. വാർഡിൽ pg ചേച്ചി ഡോ. മോനിഷ യും മറ്റൊരു ഹൗസ് സർജൻ ഡോ.സുഹൈലും പിന്നെ ഞാനും മാത്രം.

ഈ പറഞ്ഞ രോഗിയെ  അഡ്മിഷൻ ദിവസം വാർഡ്‌ നിറഞ്ഞു കവിഞ്ഞിരിക്കുന്ന 100 ഓളം വരുന്ന രോഗികൾക്കിടയിൽ നിന്ന് ഞാൻ  കണ്ടു പിടിച്ചു. കണ്ടപ്പോൾ കേസ് ഓർമ്മ വന്നു. ശ്വാസം മാത്രം വലിച്ചു ഒരു ചലനവുമില്ലാതെ കിടക്കുന്നു. അടുത്ത് കുറെ ബന്ധുക്കൾ വിവശരായി നില്ക്കുന്നു. ഞാൻ തിരിച്ചു ചെന്ന് ഫോണ്‍ എടുത്തു.

"സർ, അവർക്ക് intra cerebral bleeding ആണ്. തലച്ചോറിൽ രക്തസ്രാവം. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തിരക്കുള്ള വാർഡിൽ കട്ടിൽ കൊടുത്തു. CT സ്കാൻ ചെയിച്ചു. ഈ അവസ്ഥയിൽ കൊടുക്കാവുന്ന മരുന്ന് മൊത്തം നല്കി. ഇനി ന്യൂറോസർജൻ വന്നു കാണണം. മെഡിസിൻ വിഭാഗത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്"

"ന്യൂറോസർജൻ വരാൻ താമസമുണ്ടോ?"

"കണ്‍സൾട്ടേഷൻ വിട്ടിട്ടുണ്ട്. ഉടനെ വരും"

" ഡോക്ടർ, ബന്ധുക്കളോട് കാര്യം പറഞ്ഞു മനസിലാക്കണം."

"ഞാൻ ഒരുപാട് തവണ അവരോടു ആവർത്തിച്ച്‌ പറഞ്ഞതാണ്."

"ഓക്കേ. സോറി ഫോർ ദി ഡിസ്ടുർബൻസ്. ഗുഡ് നൈറ്റ്‌"

ഗുഡ് നൈറ്റ്‌. ഉറങ്ങാൻ പറ്റില്ല എന്ന് ഉറപ്പുള്ള രാത്രിയിൽ ആരേലും ഗുഡ് നൈറ്റ്‌ പറഞ്ഞാൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്.

"ഭാഗ്യം. ഞാൻ ഫോണ്‍ എടുക്കാഞ്ഞത്. കുളം ആക്കിയേനെ. ഇങ്ങനത്തെ ഐറ്റംസ് ഒക്കെ നിൻറെ കൈയിൽ തന്നെ വന്നു പെടുന്നല്ലോ." ഒരു ചെറിയ ചിരിയുമായ് സുഹൈൽ comment ഇട്ടു.

*****************************************************

നമ്മുടെ കഥ നായികയിലേക്ക്. പേര് രാജമ്മ. 52 വയസ്സ്. കുറെ നേരം വീടിൻറെ പുറത്തു കാണാതെ വന്നപ്പോൾ അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾ വന്നു നോക്കുമ്പോൾ തറയിൽ വീണു കിടക്കുന്നു. ബോധമില്ല. വൈകിട്ട് ഒരു 8 മണിയോടെ ആവും വാർഡിൽ അഡ്മിറ്റ്‌ ആയത്. വരുന്ന കണ്ടപ്പോഴേ ഇത് പണിയാവാൻ സാദ്ധ്യതയുള്ള കേസ് ആണെന്ന് മനസിലായി.  CT സ്കാൻ എടുക്കാൻ പറഞ്ഞു വിട്ടു. സ്കാൻ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചത് ഉറപ്പിച്ചു. നല്ല ബ്ലീഡ് ആണ് തലച്ചോറിൽ. രക്തസമ്മർദ്ദം കൂടിയത് കാരണമുള്ള ബ്ലീഡ് ആവാനാണ് കൂടുതൽ സാധ്യത.

സ്കാൻ കിട്ടിയപ്പോൾ തന്നെ ഞാൻ ബന്ധുക്കളോട് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ഒരു 10 പേരോളം ഉണ്ട് കൂടെ. ഇങ്ങനെ ഇങ്ങനാണ് കാര്യം. 
" തലച്ചോറിനുള്ളിൽ ബ്ലീഡിംഗ് ആണ്. വളരെ വല്യതാണ്. ഇനി ന്യൂറോസർജൻ വന്നു കാണണം. വളരെ സീരിയസ് ആണ്. രക്ഷപെടാനുള്ള സാദ്യത കുറവാണ്." എല്ലാം അവർ കേട്ട് കൊണ്ട്  നിന്നു.

പെട്ടന്നൊരു ചോദ്യം, " എങ്കിലും എന്താ സാറേ, ഇതുവരെ മിണ്ടാത്തത് അമ്മ.?"

ഈ രാമായണം മൊത്തം വായിച്ചിട്ട് രാമൻ ആരാ? സീതയുടെ അച്ഛൻ ആണോ എന്ന് ചോദിക്കുന്ന പോലെയുണ്ട്. ഞാൻ തോഴുതില്ല എന്നേയുള്ളു. അവരിൽ വിവരം ഉണ്ട് എന്ന് തോന്നിച്ച രണ്ടുപേരെ മാറ്റി നിർത്തി വീണ്ടും പറഞ്ഞു മനസിലാക്കി. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ, അവരിൽ ഓരോരുത്തരും വാർഡിൽ കാണുന്ന ഓരോ ഡോക്ടമാരോടും അമ്മയുടെ പ്രശ്നം എന്താണ് എന്ന് ചോദിച്ചോണ്ട് നടക്കുന്നത് കണ്ടു.

അല്പ നേരം കഴിഞ്ഞപ്പോൾ വേറൊരു കൂട്ടിരിപ്പുക്കാരൻ വന്നു.  ജാഡ ഒക്കെ ഇറക്കി. വല്യ സീരിയസ് ആയിട്ട്, "ഞാൻ മന്ത്രിയുടെ അടുത്ത ആളാണ്‌. രാജമ്മയെ കാര്യമായിട്ട് നോക്കണം. ഞാൻ മന്ത്രിയെ കൊണ്ട് പറയിക്കണോ".

ഞാൻ  ഒന്നാമത്തെ ഇങ്ങനെ ചൊറിഞ്ഞ് നില്ക്കുവാണ് . അപ്പോൾ നല്ല ദേഷ്യമാണ് വന്നത്. മനസ്സിൽ പറഞ്ഞു, കണ്‍ട്രോൾ, കണ്‍ട്രോൾ.

"ഓക്കേ. ശെരി സർ. മന്ത്രി പറഞ്ഞാൽ തലയിലെ രക്തസ്രാവം കുറയ്ക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു....." ഞാൻ ബാക്കി പറയും മുൻപ് തന്നെ അയാൾ സ്ഥലം കാലിയാക്കി.

ഈ ബഹളങ്ങൾ ഒക്കെ നടക്കുമ്പോൾ ആണ് നമ്മുടെ അടുത്ത കഥാപാത്രത്തിൻറെ പ്രവേശനം. ഇവരുടെ പേര് ലക്ഷ്മിയമ്മ. വയസ്സ്. ഏതാണ്ടൊരു 50 പറയാം. ഇപ്പോൾ എൻറെ മുന്നിൽ അവരുടെ മകനാണ്.

"സർ, അമ്മയ്ക്ക് മരുന്ന് ഒന്നും തരുന്നില്ല." ഇത് രണ്ടാമത്തെ തവണയാണ്. അയാൾ ഇതുവന്നു പറയുന്നത്. "ഞാൻ വന്നു നോക്കിയേക്കാം", വീണ്ടും പറഞ്ഞു. തിരക്കിൻറെ ഇടയിൽ പോകാം എന്നൊക്കെ പറഞ്ഞാലും പലപ്പോഴും പോകാൻ പറ്റാറില്ല.

ഇതിൽ നിന്ന് ഒഴിഞ്ഞു മാറി, മുന്നോട്ട് പോയപ്പോൾ പുറകിൽ നിന്ന് വീണ്ടും ഒരു വിളി. " ഡോക്ടർ , ഡോക്ടർ "

ഞാൻ തിരിഞ്ഞു നോക്കി, വല്ലാത്ത വെപ്രാള ഭാവത്തിൽ ഒരു 30 വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന അല്പം സുന്ദരിയായ സ്ത്രീ. ഒക്കത്ത് ഒരു പൊടി കൊച്ചും. "രാജമ്മയ്ക്ക് എങ്ങനുണ്ട് ഡോക്ടർ?"

"ഞാൻ രാജമ്മയുടെ കാര്യം പറഞ്ഞു മടുത്തു. കൂടെ ഉള്ളവരോട് പറഞ്ഞിട്ടുണ്ട്. പോയി ചോദിക്ക്."

അവർ പോയ പോക്കിൽ തന്നെ തിരിച്ചു വന്നു. എനിക്ക് അറിയാമായിരുന്നു വരുമെന്ന്.

അവർ ഇങ്ങോട്ട് എന്തേലും ചോദിക്കും മുൻപ് തന്നെ ഞാൻ അങ്ങോട്ട്‌ ചോദിച്ചു. "നിങ്ങൾ ആരാണ്?"

"മകൾ. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് ? ഇന്നലെ വരെ ഒരു അസുഖവും ഇല്ലാതെ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന  അമ്മ. ആശുപത്രിയിൽ എത്തിയിട്ട് ഇതുവരെ എന്താണ് ഭേദം ആവാത്തെ ? നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

സത്യമാണ്. അവർ പറയുന്നത്. ഇന്നലെ വരെ സംസാരിച്ചിരുന്ന ആൾ പെട്ടന്ന് ഇങ്ങനെ ആയാൽ, ആരായാലും അത്ഭുതപെടും. സത്യത്തിനെ ഉൾക്കൊള്ളാൻ സമയം പിടിക്കും. ഞാൻ ശാന്തനായി കാര്യങ്ങൾ എല്ലാം വീണ്ടും പറഞ്ഞു മനസിലാക്കി. കൂടാതെ CT സ്കാനിലെ പടത്തിൽ രക്തം എവിടാണെന്നും എന്തു മാത്രം ഉണ്ടെന്നും ഒക്കെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും ഞാൻ എന്തോ കുറ്റം ചെയ്ത ഭാവം അവരുടെ മുഖത്ത്. അവരുടെ നോട്ടം കണ്ടാൽ ഞാൻ ആണ് അവരുടെ അമ്മയുടെ തലയിൽ രക്തസ്രാവം ഉണ്ടാക്കിയതെന്നും ഇനി അത് എടുത്തു മാറ്റേണ്ടത് എൻറെ കടമ ആണ് എന്നും തോന്നി പോകും.
"എന്നിട്ടും നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

ഈ ചോദ്യം എനിക്ക് ഒട്ടും പിടിച്ചില്ല. പക്ഷെ ഞാൻ നേരത്തെ ഒരുവിട്ട മന്ത്രം മനസ്സിൽ വീണ്ടും ഉരുവിട്ടു 'കണ്‍ട്രോൾ, കണ്‍ട്രോൾ.'

"അമ്മ, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്‌ മൊത്തം ചെയ്തിട്ടുണ്ട്. ഇനി  ന്യൂറോസർജൻ വന്നു കാണണം"

"ന്യൂറോസർജൻ ഇപ്പോൾ ഇവിടെ എത്തണം."

ഇത് സീൻ മാറുന്ന ലക്ഷണമാണ്.
"അതെ, നിങ്ങൾ പറയുമ്പോൾ വന്നു കാണാൻ ഇവിടെ ന്യൂറോസർജൻമാർ അങ്ങ് ഒരുപാട് കിടക്കുവല്ലേ. ഹോസ്പിറ്റൽ മൊത്തത്തിൽ 2 പേരാണ് ഇന്ന് ഡ്യൂട്ടിയിൽ ഉള്ളത്. അറിയിച്ചിട്ടുണ്ട്"

എന്നെ ഒരു ക്രൂരനെ പോലെ നോക്കിയിട്ട് അവർ തിരികെ നടന്നു. മെല്ലേ കണ്ണുനീർ തുടച്ചുകൊണ്ട്. ഞാൻ എന്ത് ചെയ്യാൻ. വാർഡ്‌ നിറഞ്ഞു കവിഞ്ഞു വരാന്തയിൽ വരെ രോഗികൾ ആയി. അവരെ കണ്ടു തീർക്കണോ. അതോ ഈ രോഗിയുടെ കാര്യം മാത്രം നോക്കണോ. അവരുടെ പറച്ചിൽ കേട്ടാൽ തോന്നും എൻറെ പോക്കെറ്റിൽ ഉള്ള ന്യൂറോസർജനെ ഞാൻ എടുത്തു കൊടുക്കാത്തത് ആണെന്ന്. ആ മകൾ  രാജമ്മയുടെ അടുത്ത് ചെന്ന് കരയുന്നതും അടുത്തുള്ള ബന്ധുക്കളോട് എന്തൊക്കെയോ പറഞ്ഞു വഴക്കിടുന്നതും കണ്ടു.

രോഗികളുടെ കൂടെ വരുന്ന bystanders നെ ഇങ്ങനെ തരം തിരിക്കാം.

1. ഒരു ബോധവും ഇല്ലാത്തവർ. ചിലപ്പോൾ നല്ല വിദ്യാഭ്യാസം ഉള്ളവർ ആയിരിക്കും. പക്ഷെ, രോഗത്തെ പറ്റിയും ചെയ്യേണ്ട ടെസ്റ്റുകളെ പറ്റിയോ എന്ത് പറഞ്ഞാലും കണ്ണും മിഴിച്ചു ഇരിക്കും. ഇങ്ങനെ ഉള്ളവരെ കൊണ്ട് ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടും.

2. വിവരവും ബോധവും ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവർ. എന്തിനാ ഇതൊക്കെ ചെയ്യുന്നേ എന്നെ ഭാവം.

3. സംശയരോഗികൾ. എന്തൊക്കെ പറഞ്ഞു കൊടുത്താലും സംശയം മാറാത്തവർ. ഇങ്ങനെ ഉള്ളവർ പുറകെ നടക്കും. എങ്കിലും എല്ലാം തെറ്റിച്ചേ ചെയ്യു.

4. മടിയന്മാർ. ഡോക്ടർക്ക് വേണമെങ്ങിൽ മാത്രം രോഗം ഭേദം ആയാൽ മതി. രോഗികുള്ള ഭക്ഷണം വരെ ഡോക്ടർ വാങ്ങി കൊണ്ട് വേരും എന്ന ചിന്താഗതിയാണ് ഇവർക്ക്.

5. ശുപാർശക്കാർ- എല്ലാം ഏതേലും നേതാവിനെ കൊണ്ട് പറയിച്ചാൽ ശരിയാകും എന്നാ വിചാരമുള്ളവർ.

6. എല്ലാം നോർമൽ ആയ നല്ല bystanders . (അങ്ങനെ ഉള്ളവരും ഉണ്ട് :-) )

ഈ പറഞ്ഞവരിൽ ചിലരെ ഞാൻ ഈ കഥയുടെ ആദ്യ ഭാഗത്ത്‌ പരിചയപ്പെടുത്തി. ഇനി ഒരു കൂട്ടർ കൂടി ഉണ്ട്. അത് പറയും മുൻപ് അല്പം കഥയിലേക്ക്‌.

നമ്മുടെ ലക്ഷ്മിയമ്മയുടെ മകൻ വീണ്ടും വന്നു. "ഡോക്ടർ, ഇതുവരെ വന്നില്ല."
ഇതിപ്പോ, കുറെ തവണ ആയില്ലേ ഞാൻ ചെന്ന് നോക്കി. കട്ടിലിൽ വളരെ ശാന്തമായി കിടക്കുന്നു. കേസ് ഷീറ്റ് നോക്കി. ചെറിയ ഒരു പനി മാത്രം. തൊട്ടപ്പോൾ ചെറിയ ചൂടുണ്ട്.

"ഏതു ആശുപത്രിയിൽ നിന്ന് വിട്ടതാ.?"

"എവിടുന്നും വിട്ടതല്ല. 3 ദിവസം പനി കുറയാതിരുന്നത് കൊണ്ട് വന്നതാ."

എനിക്ക് റഫറൻസ് ഇല്ലാതെ ഇവിടെ വരുന്നവരോട് ഒരു ദേഷ്യമാണ്. കാരണം, പലപ്പോഴും ഒരു മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാൻ മാത്രം രോഗം ഉള്ളവർക് വേണ്ട വിധത്തിലുള്ള ശ്രദ്ധ കിട്ടാത്തത് ഇവർ കാരണമാണ്.
അവരുടെ കേസ് ഷീറ്റ് നോക്കിയപ്പോൾ മരുന്നുകൾ എല്ലാം ടാബ്ലെറ്റ് ആയിട്ടാണ് നല്കാൻ എഴുതിയിരികുന്നത്.

"അത് ശരി. സ്വയം വല്യ രോഗം ആണെന്ന് കരുതി ഇങ്ങു പോരുന്നല്ലേ. മരുന്നുകൾ ഒക്കെ തന്നു എന്നാണല്ലോ എഴുതിയേക്കുന്നത്. കൈയിൽ തന്നില്ലേ ഒന്നും?"

"മരുന്ന് തന്നു. അത് കഴിച്ചു."

"പിന്നെ എന്തിനാണ് കൂടെ കൂടെ ഇങ്ങനെ വന്നു വിളിക്കുന്നത്‌. ഞങ്ങൾക്ക് വേറെ ഒരുപാട് പണിയുണ്ട്."

"അല്ല. സർ. ട്രിപ്പ് ഇട്ടിരുന്നേൽ  പെട്ടന്ന് മാറിയേനെ. "

ഈ ട്രിപ്പ് കണ്ടു പിടിച്ചവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. അടുത്തുള്ള കട്ടിലിൽ ഉള്ള എല്ലാവർക്കും ട്രിപ്പ് ഉണ്ട്. ഇവർക്ക് മാത്രമില്ല. അതാണ്‌ ഈ പ്രശ്നങ്ങളുടെ മൊത്തം കാരണം. ട്രിപ്പ് എന്നാൽ ഉള്ളില്ലുള്ള എല്ലാ അസുഖങ്ങളെയും ഉന്മുലനം ചെയുന്ന ഏതോ ഒരു ദ്രാവകം ആണെന്നാണ് സാധാരണകാരൻറെ വിചാരം. സാധാ  ഉപ്പുവെള്ളവും പഞ്ചസാരവെള്ളവും ആണെന്ന് അവർ മനസിലാകുന്നില്ലല്ലോ. ഏതായാലും കിട്ടിയ അവസരമല്ലേ. ഞാൻ വിടുമോ. അങ്ങ് തുടങ്ങി. " സർ, ഏതു കോളേജിൽ നിന്നാണ് mbbs  പഠിച്ചേ. പണ്ഡിതൻ ആണെന്ന് അറിയില്ലായിരുന്നു...... "

ഞാൻ ചൊറിഞ്ഞു തീർക്കും മുൻപേ അയാൾ ചിരിച്ചു കൊണ്ട്, " ഞാൻ വെറുമൊരു ഓട്ടോ ഡ്രൈവർ ആണ് സർ"

കിട്ടിപ്പോയി. രാവിലെ മെഡിക്കൽ കോളേജിലേക്ക്  കാർ ഓടിച്ചു വരുമ്പോൾ മിക്കപ്പോഴും  താമസം വരുന്നത്   ഓട്ടോകാരന്മാർ വന്നു ഇടയ്ക്ക് കേറുന്നത് കാരണമാണ്. ആ ദേഷ്യം മൊത്തം എടുത്തു കൊണ്ട്.
"മെഡിസിൻ എന്താ ഓട്ടോ ഓടിക്കൽ പോലെ ആണെന്ന് വിചാരിച്ചോ? എല്ലാം കുറുക്കുവഴിയിലൂടെ പെട്ടന്ന് ചെയ്തു മാറ്റമെന്ന് വിചാരിച്ചോ. കാറിൻറെ ഇടയിൽ കൂടെ ഇടിച്ചു കേറ്റി പോകുന്നത് പോലെ ആണെന്ന് വിചാരിച്ചോ. "

അയാൾക്ക് ഈ വർത്തമാനം ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കി ഞാൻ പെട്ടന്ന്, ബോധവത്കരണ സീനിലോട്ടു മാറ്റി. :-)
"പനി എന്ന് പറയുന്നത് രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അതിനു എതിരെ നടത്തുന്ന ഒരു രക്ഷാപ്രവർത്തനമാണ്. ഒരു വിധത്തിൽ അത് നല്ലതാണ്. അല്ല. ഇത്ര പെട്ടന്ന് പനി മാറ്റിട്ട് ഇയാൾക്ക് എന്ത് ചെയ്യാനാ? ആശുപത്രിയിൽ വന്നാൽ കുറച്ചു ദിവസം കിടക്കേണ്ടി വരും. പോയിട്ട്, അത്യാവശം ഒന്നുമില്ലല്ലോ?"

"സർ, കല്യാണമുണ്ട്....."

പറഞ്ഞു തീർക്കും മുൻപേ എൻറെ ദേഷ്യം അണപൊട്ടി ഒഴുകി. "നാണമില്ലല്ലോ, തനിക്ക് സ്വന്തം അമ്മയെ ആശുപത്രിയിൽ ആക്കിയിട്ട് കല്യാണത്തിന് പോണം പോലും. " കുറെ കൂടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ, ഞാൻ നിർത്തി പോരുന്നു. എൻറെ കണ്ട്രോൾ വിട്ട് പോകും ചിലപ്പോൾ. 

ഓക്കേ. ഞാൻ പറഞ്ഞു വന്നത് 7 ടൈപ്പ് bystander നെപ്പറ്റി അല്ലേ.

7. ഓട്ടോ സ്റ്റൈൽ - എല്ലാം പെട്ടന്ന് നടക്കണം. അഡ്മിറ്റ്‌ ആവും മുൻപ് അറിയണം എന്ന് ഡിസ്ചാർജ് ആവുമെന്ന്. 

ഹോ, രണ്ടു അമ്മമാരും കൂടി നല്ല പണിയ തരുന്നത്. 

***********************************************************************

"എന്ത് ചിന്തിച്ച് ഇരിപ്പ് . സുജിത്ത്. നിൻറെ പോണ്ണ്‍ ആണോ. മതി. മതി നിർത്തു. ആ ഫോണ്‍ പോയി എടുക്ക്. വല്ല പണിയും വരവതൈ. ഉങ്ങൾ താൻ പെരിയ dealing." തമിഴ് കലർന്ന ശബ്ദത്തിൽ മോനിഷ ചേച്ചി ചോദിച്ചു.

സമയം ഏതാണ്ട് 1 കഴിഞ്ഞു. ഞാൻ അറിയാതെ ചിന്തിച്ചിരുന്നു പോയി നമ്മുടെ അമ്മമാരെ പറ്റി. ഫോണ്‍ കുറെ നേരമായി അടിക്കാൻ തുടങ്ങിട്ട്. പണി ഒന്നുമാവല്ലേ വരുന്നത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ പോയി എടുത്തു. 

"മനുഷ്യാവകാശ കമ്മിഷൻ തിരു: ജില്ല ----------- (ഏതോ conander, ഓർമയില്ല) ആണ് ഞാൻ. നിങ്ങൾ വാർഡിലെ 64 ബെഡിലെ ഒരു രോഗിയെ നോക്കുന്നില്ല എന്നൊരു കംപ്ലൈന്റ്റ്‌ ലഭിച്ചിട്ടുണ്ടല്ലോ."

"ഞാൻ  ഒന്നല്ല, ഈ വാർഡിലെ നൂറുരോഗികളെയും നോക്കി കൊണ്ടിരിക്കുവാണ്."

അത് കേൾക്കാത്ത ഭാവത്തിൽ അയാൾ തുടർന്നു. "അഞ്ചു വർഷം mbbs പഠിച്ച നിങ്ങൾക്ക് പാവപ്പെട്ട രോഗികളോട് കരുണ ഇല്ലെങ്കിൽ പിന്നെ എങ്ങനാണ് ഡോക്ടർമാർ ആവുക."

And I will say this was the worst moment in my life. എൻറെ കാലുമുതൽ തലവരെ എന്തോ ഒരു സാധനം കേറി പോകുന്ന ഫീലിംഗ്. 

"മൈൻഡ് യുവർ വേർഡ്‌സ് mr., നിങ്ങൾ പറഞ്ഞ അഞ്ചു വർഷം ഞാൻ mbbs പഠിച്ചത് കണ്ട മനുഷ്യർ വന്നു ഞരങ്ങീട്ടു പോവനല്ല. ആ കമ്മിഷൻ ഈ കമ്മിഷൻ എന്നും പറഞ്ഞു കോട്ട് ഇട്ടു നടന്നാൽ  മനസിലാവില്ല... ഞങ്ങൾ ചെയുന്ന ഈ പുണ്യ ജോലിയുടെ മഹത്വം. എവിടുന്നോ ആരോ വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞു എന്ന് കരുതി, ഒരു തരി പോലും അന്വേഷിക്കാൻ ശ്രമിച്ചില്ലല്ലോ താങ്ങൾ. താങ്ങൾ ചെയ്യുന്ന ജോലിയോട് ഒരു തരി ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ പാതിരാത്രി കിടക്കുന്ന കട്ടിലിൽ നിന്ന് എഴുന്നേറ്റു, ഈ വാർഡിൽ വന്നു നോക്ക് ഞങ്ങൾ ചെയുന്ന ജോലി എന്താണെന്നു. എന്താ ഡോക്ടർമാർക്കും ഇല്ലേ അവകാശങ്ങൾ. ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ആയി ഞങ്ങൾ ജോലി എടുക്കുവാണ്. you are going to regret for what you said today."

ഇത്രയും പറഞ്ഞു ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ ഫോണിന് മുന്നിൽ ഞെട്ടി തരിച്ചു മോനിഷ ചേച്ചി.

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം. അല്ലേല്ലും, ഡോക്ടർമാരുടെ മുകളിൽ കേറാൻ എല്ലാ മനുഷ്യർക്കും ഭയങ്കര സന്തോഷമാണ്.
ഞാൻ അവസാനം 64 ബെഡിൽ എത്തി അവരോട് കാര്യം തിരക്കി. അവർ ആരെ കൊണ്ടും  വിളിച്ചു പറയിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു. " ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എല്ലാം നിയമാനുസ്രിതമായി തന്നെ പോകട്ടെ. "
സാധാരണ  വാർഡിൽ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ നിർത്തു. അവർ അല്പം സീരിയസ് അല്ലെ എന്ന് കരുതിയാണ്. സെക്യൂരിറ്റിയോട് സംസാരിച്ചു. കുറച്ചു പേരെ കൂടി നിർത്തിച്ചത്. അത് ഞാൻ മാറ്റിച്ചു. ഒരാൾ നിന്നിട്ട് ബാക്കി ഉള്ളവർ പുറത്തു നില്കാൻ പറഞ്ഞു. ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നും പറഞ്ഞു. രാജമ്മയെ 64 ബെഡിൽ നിന്ന് 1 ബെഡിലേക്ക് മാറ്റിച്ചു. 
ഈ സമയം കൊണ്ട് മോനിഷ ചേച്ചി ന്യൂറോസർജനെ എമർജൻസിആയിട്ട് വിളിച്ചു വരുത്തി. അദ്ദേഹം പരിശോധിച്ചിട്ട് ഞങ്ങൾ പറഞ്ഞ അതെ കാര്യങ്ങൾ വീണ്ടും അവരെ പറഞ്ഞു മനസിലാക്കി.

"ഇത് അല്പ്പം കൂടിയതാണ്. തലച്ചോറിൽ ഒരുപാട് ബാധിച്ചു. സർജറി ചെയ്യാൻ വളരെ റിസ്ക്‌ ആണ്. ഇവിടുത്തെ ഡോക്ടർ തരുന്ന മരുന്ന് തന്നെ കഴിക്കുക." അങ്ങനെ ഇങ്ങനെ കുറെ കാര്യങ്ങൾ. അതിനിടെ ഒരു തവണ കൂടി CT  സ്കാൻ ചെയ്യാൻ വിട്ടു രോഗിയെ. തിരിച്ചെത്തിയ ശേഷവും ന്യൂറോസർജൻ അതെ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

ഒരു ആണ്‍ bystander നെ വിളിപ്പിച്ചു. മൊത്തം നന്നായി പറഞ്ഞു മനസിലാക്കി. പക്ഷെ രാജമ്മയുടെ മകൾക്ക് അപ്പോഴും ഞങ്ങൾ മനപൂർവ്വം ചെയ്യാത്തത് ആണെന്നൊരു തോന്നലാണ് മനസ്സിൽ. ഞാൻ എന്തോ കുറ്റം ചെയ്ത പോലെ അവർ എന്നെ രൂക്ഷമായി നോക്കി. ഞാൻ പലവട്ടം കണ്ടിട്ടുണ്ട് പലപ്പോഴും കൂട്ടിരിപ്പുക്കാരുടെ പിടിവാശി ഒന്ന് കാരണം പല രോഗികൾക്കും വിന ആയിട്ടുണ്ട്.

"ഡോക്ടർ, എന്ത് സംഭവിച്ചാലും കുഴപ്പമില്ല. എനിക്ക് എൻറെ അമ്മയെ തിരിച്ചു കിട്ടണം. നിങ്ങൾക്ക് സർജറി ചെയ്യാൻ കഴിയില്ലെങ്കിൽ  അത് പറ. " അവരുടെ മകൾ എന്നോട്..

അത് കേട്ട് നിന്ന ന്യൂറോസർജൻ " എങ്കിൽ ശരി. ഈ ലോകത്ത് കിട്ടവുന്നതിലും ഏറ്റവും നല്ല ചികിത്സയാണ് അവർക്ക് കിട്ടുന്നെ. നിങ്ങൾ പറയുന്നത് കൊണ്ട് മാത്രം സർജറി ചെയ്യാം"

ന്യൂറോസർജൻ CT  സ്കാൻ റിസൾട്ടുമായി ICU  ചെന്നു. അവിടുന്ന് വാർഡിലെ  ഫോണിൽ വിളിച്ചു, സർജറിക്ക് ഒരുക്കാൻ പറഞ്ഞു. consent  എനിക്ക് ഫോണിൽ കൂടി പറഞ്ഞു തന്നു. ഞാൻ അത് കേസ് ഷീറ്റിൽ എഴുതി ഒപ്പിടാൻ മകളുടെ അടുത്ത് എത്തി. അവർ അത് സാവധാനം വായിച്ചു. പെട്ടന്ന് ആ കേസ് ഷീറ്റിൽ കൈ മുറുക്കെ പിടിച്ചു കൊണ്ട് " അതാണ്‌ ഈ എഴുതി വച്ചിരിക്കുന്നത്. എന്ത് തോന്നിവാസവും എഴുതി വെച്ചാൽ ഞങ്ങൾ ഒപ്പിട്ടു തരുമെന്ന് വിചാരിച്ചോ."

എനിക്ക് മനസിലായി അവർ ഏതു വരിയാണ് ഉദ്ദേശിച്ചതെന്നു 'സർജറി വഴി രോഗം പൂർണ്ണമായി ഭേദമാവാൻ സാധ്യത കുറവാണെന്നും, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം എന്ന് ഡോക്ടർ പറഞ്ഞു മനസിലാക്കി.'

ഞാൻ തിരിച്ചു പറഞ്ഞു. "ഇത് തന്നെയല്ലേ ഞങ്ങൾ മാറി മാറി നിങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ തീരുമാനിക്കണം.. സർജറി വേണമോ എന്ന്. ഈ ഒറ്റ രോഗിക്കുവേണ്ടി മണികൂറുകളായി അത്യവശ ചികിത്സ നൽകിയാൽ രക്ഷപെടാൻ സാധ്യത ഉള്ള രോഗികളെ വേണ്ട വിധം നോക്കാതെ ഇട്ടിരിക്കുവാണ്."

ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ അവർ എൻറെ മുന്നിൽ മുട്ട് കുത്തി കാലിൽ പിടിച്ചു കരയാൻ തുടങ്ങി. " ഡോക്ടറെ, എനിക്ക് എൻറെ അമ്മയെ വേണം. അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. എങ്ങനേലും രക്ഷിക്കു. ഡോക്ടർ. പ്ലീസ് പ്ലീസ്. " അവരുടെ കണ്ണുനീർ എൻറെ കാലുകളിൽ വീഴുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ എല്ലാരും ചേർന്ന് അവരെ പിടിച്ചു മാറ്റി. 

ഞാൻ നിസഹായനായി തിരികെ നടന്നു. ജീവിതത്തിൽ ഞാൻ കരഞ്ഞിട്ടുള്ള വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നായി അതും മാറി. ചുറ്റുമുള്ള കട്ടിലിൽ ഉള്ള കൂട്ടിരിപ്പുകരുടെയും മിഴികൾ  ഈറൻ അണിഞ്ഞു. 

ഇവൻറെ കുറ്റത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി മാറിയ ഹെറോദേസിനെ പോലെ വൈദ്യശാസ്ത്രം എന്നെ കൈ ഒഴിഞ്ഞു. കുറ്റം ചെയ്യാതെയും കുറ്റക്കാരനെ പോലെ വിധിക്കപ്പെട്ട ക്രിസ്തുവിനെ പോലെ ഞാൻ വാർഡിനു പുറത്തേക്ക് നടന്നു. ബാക്കി ബെഡിലെ രോഗികളും കൂട്ടിരിപ്പുകാരും എന്നെ ഒരു ക്രൂരനെ പോലെ നോക്കി. 

ഞാൻ താഴെ ചെന്നിരുന്നൊരു ചായ കുടിച്ചു. രാവിലെ 4 മണി സമയം.ഞാൻ താഴെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന്റെ അടുത്ത്  ചെന്നിരുന്നൊരു ചായ കുടിച്ചു.  അവിടെയും ഇവിടെയുമായി കുറെ പേർ തറയിൽ കിടപ്പുണ്ട്.  ആകെ ഒരു മൂകത. ഞാൻ ചിന്തിച്ചു. ഇന്നലെ വരെ സംസാരിച്ചു കൊണ്ടിരുന്ന ഒരാൾ പെട്ടന്ന് കിടപ്പിലാകുകയും ഒന്നും സംസാരിക്കാതെ ചലനമറ്റു കിടക്കുമ്പോൾ ഉറ്റവർക്ക്‌ അത് ഒരിക്കലും താങ്ങാൻ പറ്റിയെന്ന് വരില്ല. പക്ഷെ, എനിക്ക് ഈ കാര്യത്തിൽ യാതൊരു കുറ്റബോധവും തോന്നിയില്ല. വൈദ്യശാസ്ത്രം നിസാഹായമായി കൈകെട്ടി നിൽകുമ്പോൾ രോഗികളെ അഭിമുഖിക്കേണ്ടി വരുന്ന ഒരു ഡോക്ടർ മാത്രമാണ് ഞാൻ അവിടെ. 

" ഡോക്ടർ, ദേഷ്യപെടില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ"
ഞാൻ ഞെട്ടി തരിച്ചു പുറകോട്ട് നോക്കി. നമ്മുടെ ലക്ഷ്മി അമ്മയുടെ ഓട്ടോക്കാരൻ മകൻ.

"അമ്മയെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യാൻ ആണ് ചോദിക്കുന്നതെങ്കിൽ അതൊക്കെ എന്നോടല്ല. ചോദിക്കണ്ടേ. നാളെ രാവിലെ മെയിൻ ഡോക്ടർ വരും അപ്പോൾ ചോദിച്ചോള്ളൂ. അതിനെങ്ങനെയാ. തനിക്ക് കല്യാണത്തിന് പോകണ്ടായോ. നാളെ തൻറെ കല്യാണമൊന്നും അല്ലല്ലോ, ഇങ്ങനെ പുറകെ പുറകെ ചോദിച്ചു നടക്കാൻ മാത്രം."

"അതെ സർ. നാളെ എൻറെ കല്യാണമാണ്. എൻറെ അമ്മ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട."

കുറച്ചു നേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല. 

ഒരുപക്ഷെ വായനക്കാരിൽ പലരും ഇതു ഒരു കഥ ആയതിനാൽ  മുൻപേ ഊഹിച്ചിട്ടുണ്ടാവും ഈ ക്ലൈമാക്സ്‌. എനിക്ക് ഇത് ഒരു കഥ അല്ലാത്തതിനാലും യഥാർത്ഥ ജീവിതം ആയതിനാലും, ഇങ്ങനെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ജീവിതത്തിലെ ഏറ്റവും നിർമ്മലമായ മുഹൂർതത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സ്വന്തം അമ്മയെ നോക്കുവാൻ മറ്റാരെയും ഏൽപ്പിക്കാതെ ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എത്തിയ ആ മനുഷ്യൻ എനിക്ക് വല്യ ഒരു സന്ദേശമാണ് നല്കിയത്. അമ്മയുടെ ജീവന് വേണ്ടി അവസാന നിമഷം വരെ പൊരുതി രാജമ്മയുടെ മകളും എന്നെ പച്ച മനുഷ്യൻറെ നീറുന്ന മനസ്സിനോട് അലിവ് കാണിക്കാൻ പഠിപ്പിച്ചു. രാജമ്മയെ എൻറെ ശ്രമഫലം ആയി ICU ഇൽ പ്രവേശിപ്പിച്ചെങ്കിലും, വെറും മൂന്നു ദിവസങ്ങൾ കൂടി മാത്രമേ അവർക്ക് ആയുസ്സ് ഉള്ളായിരുന്നു. 

ഈ മകനും മകളും എന്നെ ഓർമ്മപ്പെടുത്തിയത് ഒരു വല്യ അനുഭവമാണ്-അമ്മ. 








2 comments:

  1. ഭംഗിയായി എഴുതി.

    മെഡിക്കൽ കോളേജിന്റെ ഒരു അനുബന്ധസ്ഥാപനത്തിൽ മൂന്നു വർഷത്തോളം ജോലി ചെയ്തിട്ടുള്ളതുകൊണ്ട് അവിടത്തെ അന്തരീക്ഷം എങ്ങനെയാണെന്ന് ധാരണയുണ്ട്.

    എത്രയോ അനുഭവങ്ങളിലൂടെ കടന്നു പോയാണ് ഒരു ഡോക്ടർ ഉണ്ടാവുന്നത്. ചിലർ അതിനൊക്കെ ശേഷവും 'ഡോക്ടർ' മാത്രമായി തുടരുന്നു, പിന്നെ ചിലർ 'മനുഷ്യത്വമുള്ള ഡോക്ടർ' ആയി മാറുന്നു. ഡോക്ടർ, അദ്ധ്യാപകൻ, ജഡ്ജി, ഇങ്ങനെയൊക്കെയുള്ള ചില 'പ്രൊഫഷനുകൾ' ഒരു തൊഴിൽ മാത്രമായി കാണുന്നവരുടെ എണ്ണം കൂടി വരുന്നത് ദു:ഖിപ്പിക്കുന്നു. സമൂഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ഡോക്ടറായി താങ്കൾ പേരെടുക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete